കേരളം

മാലിന്യത്തിൽ നിന്ന് കിട്ടിയത് പത്ത് പവന്റെ സ്വർണമാല; ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് ഹരിതകർമ സേനാം​ഗങ്ങൾ, അഭിമാനമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാലിന്യത്തിൽ നിന്ന് ലഭിച്ച് പത്ത് പവന്റെ സ്വർണമാല ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മാതൃകയായി ഹരിതകർമ സേനാം​ഗങ്ങൾ. എറണാകുളം മുടക്കുഴ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ രാധാ കൃഷ്ണനും ഷൈബാ ബിജുവുമാണ് കയ്യടി നേടുന്നത്. വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുന്നതിനിടെയാണ് ഇവർ സ്വർണമാല കണ്ടത്. ഉടൻ ഉടമയെ കണ്ടെത്തി മാല തിരിച്ചേൽപ്പിക്കുകയായിരുന്നു. ഇരുവരേയും പ്രശംസിച്ചുകൊണ്ട് മന്ത്രി എംബി രാജേഷ് രം​ഗത്തെത്തി. സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങൾക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് ഇരുവരും നടത്തിയതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

എംബി രാജേഷിന്റെ കുറിപ്പ് വായിക്കാം

പത്ത് പവൻ, പത്ത് പവന്റെ സ്വർണമാലയാണ് മാലിന്യത്തിൽ നിന്ന് കിട്ടിയത്. വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുകയായിരുന്നു ഹരിതകർമ്മ സേനാംഗങ്ങളായ രാധാ കൃഷ്ണനും ഷൈബാ ബിജുവും. ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ സ്വർണമാണെന്ന് മനസിലായി. ആ സ്വർണം സ്വന്തമാക്കാനല്ല, ഉടമസ്ഥന്‌ തിരിച്ചുകൊടുക്കാനായി പിന്നീടുള്ള ശ്രമം. ഏകദേശ ധാരണ വെച്ച്, അങ്ങോട്ട് അന്വേഷിച്ചുപോയി യഥാർഥ ഉടമയെ കണ്ടെത്തി മാല കൈമാറി. സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങൾക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചത്. പത്തരമാറ്റ്‌ തിളക്കമുള്ള നിങ്ങളുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്, തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു.  
ഹരിതകർമ്മസേന എന്ന നാടിന്റെ ശുചിത്വ സൈന്യത്തിന്റെ സത്യസന്ധതയുടെയും ആത്മാർഥതയുടെയും അനുഭവസാക്ഷ്യങ്ങളിൽ ഒടുവിലത്തേതാണിത്. കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽ മാലിന്യത്തിൽ നിന്ന് ലഭിച്ച അരലക്ഷം രൂപ തിരികെ നൽകിയ ഹരിതകർമ്മസേനാംഗങ്ങളായ സി സുശീലയെയും പി വി ഭവാനിയെയും മുൻപ് പരിചയപ്പെടുത്തിയിരുന്നു. നമ്മുടെ മാലിന്യം ശേഖരിച്ച് സംസ്കരിച്ച് നാടിനെ രക്ഷിക്കുന്ന ഹരിതർമ്മ സേനാംഗങ്ങളാണ്, സത്യസന്ധത കൊണ്ടുകൂടി ശ്രദ്ധേയരാകുന്നത്. നന്മയുടെ പുത്തനധ്യായങ്ങളുമായി ഹരിതകർമ്മ സേന മുന്നോട്ട് കുതിക്കും. കേരളത്തിന്റെ ഈ ശുചിത്വസേനയെ നമുക്ക് ചേർത്തുപിടിക്കാം

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു