ആലപ്പുഴ ലോകസഭാ മണ്ഡലം
ആലപ്പുഴ ലോകസഭാ മണ്ഡലം 
കേരളം

അഭിമാനക്കോട്ട തകരുമോ?; ആലപ്പുഴയില്‍ കരുത്തരുടെ പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

കമ്യൂണിസ്റ്റ് സമരപോരാട്ടങ്ങളുടെ ഭൂമികയാണ് അലപ്പുഴ. എണ്ണമറ്റ പോരാട്ടങ്ങളിലൂടെ ജനാധിപത്യബോധത്തിന്റെയും സംഘബോധത്തിന്റെയും തലത്തിലേക്ക് ഒരു ജനതയെ പ്രാപ്തരാക്കിയ ഒട്ടേറെ മുന്നേറ്റങ്ങള്‍. ചരിത്രകഥകള്‍ ഏറെയുണ്ട് പറയാന്‍ ആലപ്പുഴയ്ക്ക്. എന്നാല്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ പ്രത്യേകിച്ച് ഒരുപക്ഷത്തോടും ചേര്‍ന്ന് നല്‍ക്കുന്ന പതിവ് ആലപ്പുഴയ്ക്കില്ല. സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേമായ മത്സരമാണ് ഇക്കുറി ആലപ്പുഴയിലേത്. വമ്പന്‍മാര്‍ തമ്മിലാണ് പോരാട്ടം. സിപിഎമ്മിന് മണ്ഡലം നിലനിര്‍ത്തണം, കോണ്‍ഗ്രിസിന് തിരിച്ചുപിടിക്കണം, അത്ഭുതങ്ങള്‍ കാണിക്കാനാകുമെന്ന് ബിജെപിയും പറയുന്നു. സൂപ്പര്‍ പോരാട്ടത്തില്‍ വിജയം ആരെ തുണയ്ക്കുമെന്ന് പറയുക അസാധ്യം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വീശിയടിച്ച യുഡിഎഫ് കൊടുങ്കാറ്റില്‍ ഇടതുപക്ഷത്തിന്റെ അഭിമാനം കാത്തത് ആലപ്പുഴയാണ്. 19 മണ്ഡലങ്ങളില്‍ ജനവിധി ഇടതുപക്ഷത്തെ തുടച്ചുനീക്കിയപ്പോള്‍ കനലൊരുതരി മതിയെന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ അവകാശവാദം. ഒരു പക്ഷത്തോടും പ്രത്യകം മമത കാണിക്കാത്തതിനാല്‍ മണ്ഡലത്തില്‍ ഇത്തവണ വിജയം നേടാന്‍ ആര്‍ക്കായാലും ഏറെ വിയര്‍ക്കേണ്ടിവരും.

ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മണ്ഡലവും ചേരുന്നതാണ് ആലപ്പുഴ ലോകസഭാ മണ്ഡലം. അഞ്ചിടത്ത് എല്‍ഡിഎഫിനും രണ്ടിടത്ത് യുഡിഎഫിനുമാണ് മുന്നേറ്റം. എന്നാല്‍ നിയമസഭയിലെ കണക്കുകള്‍ക്ക് ഒരുപ്രസക്തിയുമില്ലെന്നാണ് ലോക്സഭയിലെ കണക്ക് പാഠം.

തിരുകൊച്ചിയുടെ ഭാഗമായപ്പോള്‍ 1952ല്‍ പിടി പുന്നുസാണ് ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയത്. സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന തെരഞ്ഞടുപ്പിലും പുന്നൂസ് വിജയം ആവര്‍ത്തിച്ചു. 62ല്‍ സിപിഐ നേതാവ് പികെ വാസുദേവന്‍നായര്‍ക്കായിരുന്നു വിജയം. 67ല്‍ സംസ്ഥാനത്ത് നിന്ന് ആദ്യമായി ഒരുവനിതയെ സിപിഎം പാര്‍ലമെന്റില്‍ എത്തിച്ചു. സിപിഎമ്മിന്റെ സുശീല ഗോപാലന് മണ്ഡലം ചരിത്രവിജയം നല്‍കി. 71ല്‍ വീണ്ടും സുശീല ഇടതു സ്ഥാനാര്‍ഥിയായെങ്കിലും വിജയം ആര്‍എസ്പിയുടെ കെ ബാലകൃഷ്ണനായിരുന്നു. മണ്ഡലത്തില്‍ നിന്ന് ആദ്യമായി കമ്യൂണിസ്റ്റുപാര്‍ട്ടിയുടെതല്ലാതെ ഒരാള്‍ 25,918 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.

1977ലെ പുനര്‍നിര്‍ണയത്തോടെയാണ് മണ്ഡലം ഇന്ന് കാണുന്ന ആലപ്പുഴയാകുന്നത്. ഇതോടെ മണ്ഡലത്തിന്റെ ചിത്രമാകെ മാറി. അന്നോളം ഇടതിനൊപ്പം നിന്ന മണ്ഡലം അക്കൊല്ലം വലത്തോട്ട് ചാഞ്ഞു. യുവാവായ വിഎം സുധീരനിലുടെ 63,998 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പതാക പാറി. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ഇ ബാലാനന്ദനെയാണ് അന്ന് സുധീരന്‍ പരാജയപ്പെടുത്തിയത്. അതിനുശേഷം നടന്ന തെരഞ്ഞടുപ്പുകളില്‍ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും മാറി മാറി ജയിപ്പിക്കുന്ന രീതിയാണ് ആലപ്പുഴ പിന്തുടര്‍ന്നത്. 80ലെ തെരഞ്ഞടുപ്പില്‍ കോണ്‍്ഗ്രസില്‍ നിന്ന് സുശീല ഗോപാലന്‍ മണ്ഡലം തിരിച്ചുപിടിച്ചു. അന്നോളം ആലപ്പുഴ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു സുശീലയുടെ വിജയം.

വിഎം സുധീരന്‍

തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ജനങ്ങള്‍ വക്കം പുരുഷോത്തമനിലൂടെ കോണ്‍ഗ്രസിന്റെ കൈ പിടിച്ചു. 1989-ലും വക്കം തന്റെ വിജയം ആവര്‍ത്തിച്ചു. 91ല്‍ വീണ്ടും മണ്ഡലം ഇടത്തോട്ട് ചാഞ്ഞു. രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ സംസ്ഥാനത്ത് സിപിഎമ്മിനൊപ്പം നിന്ന മൂന്ന് മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ. ടിജെ ആഞ്ചലോസ് ആലപ്പുഴയില്‍ സിപിഎമ്മിന്റെ അഭിമാനം കാത്തു. 96ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വീണ്ടും സുധീരനൊപ്പം നിന്നു.1998-ലും 1999-ലും സുധീരന്‍ ആവര്‍ത്തിച്ചു. ഓരോവിജയത്തിലും ഭൂരിപക്ഷമുയര്‍ത്തിയ സുധീരന്‍ മണ്ഡലചരിത്രത്തിലെ ആദ്യ ഹാട്രിക് വിജയവും സ്വന്തമാക്കി.

ടിജെ ആഞ്ചലോസ്

സുധീരന്റെ കുതിപ്പ് തടയാന്‍ പരീക്ഷണ തന്ത്രം മെനഞ്ഞ സിപിഎം 2004ല്‍ നിര്‍ത്തിയത് ഡോ. കെഎസ് മനോജിനെ. ലത്തീന്‍സഭയുടെ പ്രതിനിധിയുടെ വിശേഷണവുമായി വന്ന മനോജ് മണ്ഡലത്തിലെ എക്കാലത്തെയും അട്ടിമറി വിജയം നേടി.വെറും 1,022 വോട്ടുകള്‍ക്കായിരുന്നു സുധീരന്റെ പരാജയം. സുധീരന്റെ അപരനായി നിന്ന വിഎസ് സുധീരന്‍ നേടിയത് 8,282 വോട്ടുകള്‍. 2009ലെ തെരഞ്ഞെടുപ്പില്‍ സിപിഎം മനോജിനെ തന്നെ സ്ഥാനാര്‍ഥിയാക്കി. കോണ്‍ഗ്രസാകട്ടെ ആലപ്പുഴയിലെ എംഎല്‍എ കെസി വേണുഗോപാലിനെയും. വന്‍ ഭൂരിപക്ഷത്തില്‍ കെഎസ് മനോജിനെ പരാജയപ്പെടുത്തി കെസി ആദ്യമായി ലോക്‌സഭയിലെത്തി. 2014ല്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ആലപ്പുഴയില്‍ കെസി വേണുഗോപാലിന് രണ്ടാം ജയം.

കെസി വേണുഗോപാല്‍

2009ലേയും 2014-ലേയും വിജയത്തി്‌ന്റെ ആത്മവിശ്വാസവുമായാണ് യുഡിഎഫ് 2019ല്‍ ഇറങ്ങിയത്.എങ്ങനെയെങ്കിലും കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുക മാത്രമായിരുന്നു എല്‍ഡിഎഫ് ലക്ഷ്യം. നിയമസഭയില്‍ ആരൂരിന്റെ ജനപ്രതിനിധിയായ ആരിഫിനെ സിപിഎം സ്ഥാനാര്‍ഥിയാക്കി. 2019ല്‍ കോണ്‍ഗ്രസിലെ ഷാനി മോള്‍ ഉസ്മാനെ പരാജയപ്പെടുത്തി ആലപ്പുഴ ഇടതുകോട്ടയെന്ന് എഎം ആരിഫിന്റെ പ്രഖ്യാപനം.

എഎം ആരിഫ്‌

ജയസാധ്യത വിദൂരമാണെങ്കിലും മണ്ഡലത്തിലെ ബിജെപി സാന്നിധ്യവും ശ്രദ്ധേയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍ നേടിയത് 1,87,729 വോ്ട്ടുകളാണ്. ഇത്തവണ മണ്ഡലത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ പരാമവധി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി നടത്തുന്നത്. മണ്ഡലത്തില്‍ അട്ടിമറി വിജയമുണ്ടാകുമെന്ന് കരുതന്നുവരും കുറവല്ല.2009ല്‍ കേവലം 20,000 വോട്ടുകള്‍ പോലും അവകാശപ്പെടാനില്ലാത്ത പാര്‍ട്ടി വര്‍ഷങ്ങള്‍ക്കിപ്പുറം 2019-ല്‍ നേടിയത് 1,87,000-ത്തിലധികം വോട്ടുകളാണെന്നതും എടുത്തുപറയേണ്ടതാണ്.

തങ്ങളുടെതെന്ന് ഇരുമുന്നണികളും അവകാശവാദം ഉന്നയിക്കുമ്പോള്‍ ആലപ്പുഴ ആര്‍ക്കൊപ്പെം നില്‍ക്കുമെന്നത്് കാത്തിരുന്ന് കാണണം. കേന്ദ്രസര്‍ക്കാരിന്റെ വികസനവിരുദ്ധ നയങ്ങളും വര്‍ഗീയ പ്രീണനനിലപാടുകളുമാണ് ഇരുമുന്നണികളുടെയും പ്രധാന പ്രചാരണം. എംഎല്‍എ എന്ന രീതിയിലും എംപി എന്ന നിലയിലും മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തങ്ങള്‍ ഇരു സ്ഥാനാര്‍ഥികളും എണ്ണിയെണ്ണി പറയുന്നു. മണ്ഡലത്തിന്റെ വികസനത്തിന് ഇടതുവലതുമല്ല, ഒരു അവസരം തരൂ എന്ന് ബിജെപിയും പറയുന്നു. ഇത്തവണ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമെന്ന നിലയില്‍ ആരു തോറ്റാലും അത് ഉണ്ടാക്കുന്ന ആഘാതം ചെറുതാകില്ല. കനല്‍ തെളിഞ്ഞുകത്തുമോ, ഈതികെടുത്തുമോ എന്ന് അറിയാന്‍ ദിവസങ്ങള്‍ മാത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ