ലേഖനം

ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കു അവസാനമില്ല...

അരവിന്ദ് ഗോപിനാഥ്

സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ വിഷമസന്ധിയിലാണ് ശ്രീലങ്ക. ദ്വീപില്‍ ഏതു സാധനത്തിനും തീവില! ഒരു ചായയ്ക്ക് 100 രൂപ. ഒരു കിലോ അരിക്ക് 450 രൂപ. ഇനി അത്രയും രൂപ കൊടുക്കാമെന്ന് കരുതിയാല്‍ത്തന്നെ ഒന്നും കിട്ടില്ല. ഭക്ഷ്യക്ഷാമം അത്ര രൂക്ഷം. ഇറക്കുമതി ചെയ്യുന്ന പാല്‍പ്പൊടി തീര്‍ന്നിട്ട് ആഴ്ചകളായി. ഭക്ഷണം പാകം ചെയ്യാന്‍ പാചകവാതകവും ഇല്ല. ഇന്ധനവും ഭക്ഷണവും മരുന്നും വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവര്‍ കുഴഞ്ഞുവീണു മരിക്കുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്പുകളിലും റേഷന്‍ കടകളിലും സൈന്യം കാവല്‍ നില്‍ക്കുന്നു. പത്തു മണിക്കൂറോളം വൈദ്യുതി ഇല്ല. എഴുതാന്‍ പേപ്പറില്ലാത്തതിനാല്‍ സര്‍ക്കാര്‍ തന്നെ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നു. രണ്ടുകോടിയിലധികം വരുന്ന ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും വിവരങ്ങള്‍ക്കും അവസാനമില്ല. അത്ര സങ്കീര്‍ണ്ണമാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. പട്ടിണിയില്‍ പൊറുതിമുട്ടിയവര്‍  അഭയാര്‍ത്ഥികളായി.

ആഭ്യന്തരയുദ്ധം കഴിഞ്ഞ് ഒരു വ്യാഴവട്ടം പിന്നിട്ടെങ്കിലും ജീവിതത്തിലെ സ്വസ്ഥത അനുഭവിക്കാന്‍ 2.2 കോടി വരുന്ന ജനതയ്ക്ക് ഇന്നും കഴിയുന്നില്ലെന്നതാണ് വാസ്തവം. 1948-ല്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷം വംശീയപ്രശ്നങ്ങളായിരുന്നു ശ്രീലങ്കയെ അലട്ടിയത്. എല്‍.ടി.ടി.ഇയുമായുള്ള ആഭ്യന്തര യുദ്ധം ആ രാജ്യത്തിന്റെ വളര്‍ച്ചയേയും ബാധിച്ചു. എന്നാല്‍, 2009-ല്‍ യുദ്ധം അവസാനിച്ച ശേഷം മധ്യവര്‍ഗ്ഗ വരുമാനമുള്ള രാജ്യമായി ശ്രീലങ്ക മാറിത്തുടങ്ങി. ടൂറിസം മേഖല അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥ നല്ല വരുമാനമാര്‍ഗ്ഗമായിരുന്നു. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു. മധ്യവര്‍ഗ്ഗം അതിനനുസരിച്ച് പരുവപ്പെട്ടു. പകിട്ടും മട്ടുമുള്ള കഫേകളും ഹോട്ടലുകളും വന്നു. ഇറക്കുമതി ചെയ്ത ആഡംബര വാഹനങ്ങള്‍ നിരത്തുകളില്‍ നിറഞ്ഞു. പുതിയ മാളുകള്‍ വന്നു. തൊഴില്‍ സ്വഭാവം മാറി. ഉല്പാദനത്തിനു പകരം സേവനമേഖലയിലൂന്നി തൊഴിലിടങ്ങള്‍ മാറി. മിക്കവരും ചെറുകിട വ്യാപാരത്തിലേക്കും ഇടനില ബിസിനസ്സുകളിലേക്കും തിരിഞ്ഞു. സഞ്ചാരികളുടെ സ്വപ്നഭൂമിയായി മാറിയ ലങ്ക നിക്ഷേപകരുടെ സ്വര്‍ണ്ണം വിളയുന്ന മണ്ണുമായിരുന്നു. 2010-ല്‍ എട്ട് ശതമാനവും 2011-ല്‍ 9.1 ശതമാനവും സാമ്പത്തിക വളര്‍ച്ച നേടി. എന്നാല്‍, 2013 മുതല്‍ വളര്‍ച്ച കുറഞ്ഞു. 2019-ല്‍ അത് 2.3 ശതമാനത്തിലേക്ക് വീണു.

കെ-റെയിലിന്റെ സില്‍വര്‍ ലൈന്‍ അടക്കമുള്ള വന്‍ നിക്ഷേപ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്ന കേരളത്തിന് പാഠമാണ് ശ്രീലങ്കയുടെ അനുഭവമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര യുദ്ധം കഴിഞ്ഞതോടെ എല്‍.ടി.ടി.ഇയെ അമര്‍ച്ച ചെയ്ത മഹിന്ദ രാജപക്സെ നായകനായി മാറി. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികളിലെ പ്രധാന പദവികളിലേക്കും അധികാരത്തിലേക്കും രാജപക്സെ കുടുംബം വന്നത്. വന്‍വികസന പദ്ധതികള്‍ക്കുവേണ്ടി നിയന്ത്രണമില്ലാതെ വായ്പയെടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വികസന പദ്ധതികള്‍ക്കു പണം അനുവദിക്കുമ്പോള്‍ രാജ്യാന്തര ധനകാര്യ ഏജന്‍സികള്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, ശ്രീലങ്ക ഇത്തരം ഏജന്‍സികളെ സമീപിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം ചൈനയുടെ സഹായമാണ് സ്വീകരിച്ചത്. റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ചൈനയുമായി കരാറൊപ്പിട്ടത്.

കൊളംബോയിൽ പ്രസിഡന്റിന്റെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ പാർട്ടി നടത്തിയ പ്രക്ഷോഭം

പൊതു-സ്വകാര്യ മേഖലകളില്‍ എക്സ്പ്രസ്സ് ഹൈവേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, മാളുകള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യവികസനം ചൂണ്ടിക്കാട്ടി ഒട്ടേറെ വികസനപദ്ധതികള്‍ വന്നു. ചൈനീസ് സഹായമായിരുന്നു പിന്‍ബലം. കോടിക്കണക്കിന്  എന്നാല്‍ ഇതിലേറെയും യാതൊരു വരുമാനവുമില്ലാത്ത, പ്രയോജനരഹിതമായ പദ്ധതികളായിരുന്നുവെന്നതാണ് യഥാര്‍ത്ഥ്യം. അതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ഹംബന്‍ടോട്ട തുറമുഖമാണ്. മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയായി അധികാരത്തിലിരുന്ന കാലയളവിലാണ് ചൈനയുടെ സാമ്പത്തിക സഹായത്തോടെ ഹംബന്‍തോട്ട തുറമുഖം നിര്‍മ്മിക്കുന്നത്.  ഇത്ര വലിയ തിരിച്ചടവിന് ശേഷിയില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപ്രധാനമായ മേഖലയില്‍ സ്ഥാനമുറപ്പിക്കാനും ചൈന ലക്ഷ്യമിട്ടിരുന്നു. ഏതായാലും വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ 99 വര്‍ഷത്തേക്ക് ചൈനയുടെ കൈവശമായി ഈ വലിയ തുറമുഖം. അടിസ്ഥാന സൗകര്യവികസനം ഫലത്തില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്നതാണ് വസ്തുത. അതിനനുസരിച്ചുള്ള മൂലധനാധിഷ്ഠിത വികസനം ശ്രീലങ്കയിലുണ്ടായില്ല. 

എന്നാല്‍, കൊവിഡ് പ്രതിസന്ധിയും യുക്രെയ്നിലെ യുദ്ധവും കടബാധ്യതയുമാണ് ഇപ്പോള്‍ പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ കാരണങ്ങള്‍. തൊണ്ണൂറുകളില്‍ ഇന്ത്യ നേരിട്ട ബാലന്‍സ് ഓഫ് പേയ്മെന്റിനു സമാനമാണ് ഇപ്പോഴത്തെ ലങ്കയിലെ പ്രതിസന്ധി. ഇന്ധനവും ഭക്ഷ്യവസ്തുക്കളും പോലും ഇറക്കുമതി ചെയ്യാനുള്ള വിദേശ കരുതല്‍ധനം ഇന്ന് സര്‍ക്കാരിന്റെ കൈവശമില്ല. കൊവിഡ് പ്രതിസന്ധിയില്‍ സഞ്ചാരികള്‍ കുറഞ്ഞതോടെ ടൂറിസം വഴിയുള്ള വരുമാനവും ഇല്ലാതെയായി. പ്ലാന്റേഷനുകള്‍ അടച്ചിട്ടതോടെ തേയില-റബ്ബര്‍ കയറ്റുമതി കുറഞ്ഞു. നികുതി ഘടനയുടെ പരിഷ്‌കരണം കൂടിയായപ്പോള്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച പരിപൂര്‍ണ്ണമായി. രാജപക്സെയുടെ ഈ പരിഷ്‌കരണം സ്വന്തം കുടുംബത്തിന്റെ അധികാര താല്പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു. ഇതോടെ നികുതി വരുമാനം കൂപ്പുകുത്തി. 

2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ആക്രമണത്തോടെ വിനോദസഞ്ചാര മേഖലയിലും തളര്‍ച്ച പ്രകടമായി. അന്ന് 250 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീതി കാരണം സഞ്ചാരികള്‍ കൂട്ടത്തോടെ ബുക്കിങ്ങുകള്‍ റദ്ദാക്കി. തിരക്കുണ്ടായിരുന്ന ടൂറിസം സ്പോട്ടുകള്‍ ശൂന്യമായി. സഞ്ചാരികളെ ആശ്രയിച്ചു കഴിഞ്ഞ മേഖലകളെല്ലാം തകര്‍ന്നു. 2019-ല്‍ 22 ലക്ഷം സഞ്ചാരികളാണ് ശ്രീലങ്കയിലെത്തിയത്. ആ വര്‍ഷത്തെ വരുമാനം 440 കോടി ഡോളറും. എന്നാല്‍, 2020- കൊവിഡ് പ്രതിസന്ധിയോടെ പ്രശ്നം ഗുരുതരമായി. എന്നാല്‍, കൊവിഡിനു മുന്‍പുതന്നെ സുസ്ഥിരമായ വളര്‍ച്ചയല്ല ശ്രീലങ്ക നേടുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2021 സെപ്റ്റംബറില്‍ത്തന്നെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ 14.2 ശതമാനത്തിലധികമാണ് വിലക്കയറ്റം. കഴിഞ്ഞമാസം 15.1 ശതമാനവും.

ശ്രീലങ്കൻ പ്രസി‍ഡന്റ് ​ഗോതബായ രാജപക്സെയും സഹോ​ദരനും ധനമന്ത്രിയുമായ ബാസിലും പ്രധാനമന്ത്രി മഹിന്ദയുടേയും മുഖംമൂടിയണിഞ്ഞ് പ്രതിഷേധം നടത്തുന്ന സോഷ്യലിസ്റ്റ് യൂത്ത് യൂണിയൻ പ്രവർത്തകർ

2019-ല്‍ പൊതുകടം ജി.ഡി.പിയുടെ 94 ശതമാനമായിരുന്നെങ്കില്‍ 2021-ല്‍ അത് 119 ശതമാനമായി. രാജപക്സെ കുടുംബം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ വികലനയങ്ങളാണ് ആ രാജ്യത്തെ ഈ ദുരവസ്ഥയിലേക്ക് എത്തിച്ചത്. 2009-ല്‍ എല്‍.ടി.ടി.ഇയെ ഇല്ലാതാക്കുന്നതു വരെയുള്ള കാലഘട്ടത്തില്‍ത്തന്നെ അഴിമതിയും വ്യാപകമായിരുന്നു. 2005 മുതല്‍ 2022 വരെയുള്ള മൂന്നു പ്രസിഡന്റുമാരാണ് ലങ്ക ഭരിച്ചത്. 2009 മുതല്‍ കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങി. 2010 മുതല്‍ പൊതുകടം വര്‍ദ്ധിച്ചു. വിദേശ നാണയ ശേഖരം കുറഞ്ഞു തുടങ്ങി. 2010-ല്‍ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കില്‍നിന്നും ചൈന, ജപ്പാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും അവര്‍ കടം എടുത്തു തുടങ്ങി. മഹിന്ദ രാജപക്സെയുടെ അധികാര കാലയളവായ 2005 മുതല്‍ 2015 വരെ കടം കുത്തനെ കൂടുകയായിരുന്നു.

മറ്റൊരു സിംഗപ്പൂരാക്കാന്‍ വേണ്ടിയാണ് വന്‍കിട പദ്ധതികള്‍ക്കായി കടം വാങ്ങിയത്. മൈത്രിപാല സിരിസേന നയിച്ച സര്‍ക്കാരാകട്ടെ, ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുത്ത് ഇതേ നയം പിന്തുടര്‍ന്നു. എങ്കിലും വിദേശകരുതല്‍ ശേഖരം 7500 കോടി ഡോളറില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍, ഗോതബായ രാജപക്സെ അധികാരത്തിലേറിയ ഉടന്‍ സ്വീകരിച്ച ദൂരക്കാഴ്ചയില്ലാത്ത നയതീരുമാനങ്ങള്‍ ശ്രീലങ്കന്‍ സമ്പദ്വ്യവസ്ഥയെ ഇന്നത്തെ നിലയില്ലാക്കയത്തിലേക്കു നയിച്ചു. കൊവിഡിനു മുന്‍പ് പ്രഖ്യാപിച്ച നികുതി വെട്ടിക്കുറച്ചത് തിരിച്ചടിയായി. വാറ്റ് നികുതി 15-ല്‍നിന്ന് എട്ടു ശതമാനമാക്കിയതായിരുന്നു ആ പരിഷ്‌കരണം. രാഷ്ട്രനിര്‍മ്മണ നികുതി, പേയി ടാക്സ് എന്നിവ ഒഴിവാക്കി. ഇതോടെ വിദേശ ആസ്തി നെഗറ്റീവിലായി. കടമാകട്ടെ, ഏഴു ശതമാനത്തില്‍നിന്ന് 16 ശതമാനവുമായി.

രാസവള ഇറക്കുമതി നിരോധിച്ച് ജൈവകൃഷിയിലേക്ക് മാറിയതോടെ ഭക്ഷ്യോല്പാദനം ഗണ്യമായ തോതില്‍ കുറഞ്ഞു. ചൈനയും മ്യാന്‍മറുമാണ് ഭക്ഷ്യസഹായം നല്‍കിയത്. വിദേശനാണ്യം ആകര്‍ഷിക്കാന്‍ മാര്‍ച്ച് ഏഴിന് ശ്രീലങ്കന്‍ രൂപയുടെ മൂല്യം 15 ശതമാനം കുറച്ചതു പെട്ടെന്നുള്ള വിലക്കയറ്റത്തിലേക്കു നയിച്ചു. ഇതോടെ ജനങ്ങള്‍ പ്രതിഷേധത്തിലായി. 690 കോടി ഡോളറാണ് ശ്രീലങ്ക ഈ വര്‍ഷം തിരിച്ചടയ്ക്കേണ്ട വിദേശകടം. കൈയിലുള്ളത് 200 കോടി ഡോളര്‍. പെട്രോളിയം ഉല്പന്നത്തിന്റെ ഇറക്കുമതിക്കു മാത്രം വര്‍ഷം 200 കോടി ഡോളര്‍ വേണം. ഐ.എം.എഫിനോട് ലങ്കന്‍ സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറായാല്‍ വായ്പ പുനഃക്രമീകരണം നടക്കും. എന്നാല്‍,  ഐ.എം.എഫ് വായ്പ ലഭിച്ചാല്‍ അവര്‍ നിഷ്‌കര്‍ഷിക്കുന്ന പുതിയ നികുതികള്‍ ഉള്‍പ്പെടെ ശക്തമായ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ രാജ്യത്തു നടപ്പാക്കേണ്ടിവരും. അതുണ്ടാക്കിയേക്കാവുന്ന പ്രതിഷേധം സര്‍ക്കാരിനു മറികടക്കാനാകുമോ എന്നതാണ് ചോദ്യം.

മണ്ണെണ്ണ വാങ്ങാൻ വേണ്ടി കാത്തു നിൽക്കുന്നവർ. കൊളംബോയിൽ നിന്നുള്ള ദൃശ്യം

ഇന്ത്യയും ചൈനയും നല്‍കുന്ന സഹായങ്ങളെ മാത്രം ആശ്രയിച്ച് എത്രകാലം മുന്നോട്ടു പോകുമെന്നതാണ് മറ്റൊരു പ്രശ്നം. രണ്ടു രാജ്യങ്ങള്‍ക്കും അവരുടേതായ അജണ്ടകളുമുണ്ട്. താല്‍ക്കാലിക ആശ്വാസം എന്ന നിലയില്‍ ഇന്ത്യ 1500 കോടി ഡോളറിന്റെ ഫ്യൂവല്‍ ക്രെഡിറ്റ് നല്‍കിയിട്ടുണ്ട്. ചൈന 2500 കോടി ഡോളറിന്റേതും. താരതമ്യേന ദരിദ്രരാജ്യങ്ങളായ ബംഗ്ലാദേശിനോടു പോലും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ എംബസികളെല്ലാം സര്‍ക്കാര്‍ അടച്ചുകഴിഞ്ഞു. പല സര്‍ക്കാര്‍ സ്ഥലങ്ങളും വില്‍പ്പനയ്ക്ക് വച്ചു. ധനമന്ത്രിയെന്ന നിലയില്‍ ബാസില്‍ വലിയ പരാജയമായതും രാജപക്സെ കുടുംബത്തിനു തലവേദനയാണ്. കുടുംബവാഴ്ചയും ഭരണാധികാരികളുടെ ഏകാധിപത്യ സ്വഭാവവും ജനങ്ങള്‍ ദാരിദ്ര്യത്തിലാകുമെന്നതിന്റെ അവസാന ഉദാഹരണം കൂടിയാണ് ശ്രീലങ്ക. വന്‍ വികസന പദ്ധതികള്‍ വരാനിരിക്കുന്ന നല്ല നാളെയാണെന്ന് അവര്‍ പ്രചരിപ്പിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന യാഥാര്‍ത്ഥ്യം എന്താണെന്ന് ബോധ്യപ്പെടുത്തുന്നു ശ്രീലങ്കന്‍ വിഷയം.

പെട്രോൾ വാങ്ങാൻ ക്യൂ നിൽക്കുന്നവർ

കുടുംബസ്വാധീനം

ശ്രീലങ്കയിലെ രണ്ടു പ്രധാനപ്പെട്ട പാര്‍ട്ടികളാണ് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയും. ഈ രണ്ടു പാര്‍ട്ടികളിലും രാജപക്സെ കുടുംബത്തിനു സ്വാധീനമുണ്ട്. പ്രധാനമന്ത്രിയായ മഹിന്ദ രാജപക്സെ ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവാണ്. പ്രസിഡന്റ് ഗോതബായ രാജപക്സെ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി നേതാവാണ്. മഹിന്ദ രാജപക്സെയുടെ സഹോദരനാണ് ഗോതബായ രാജപക്സെ. രാജപക്സെ കുടുംബത്തിലെ നാലു സഹോദരന്മാരാണ് ഭരണം നിയന്ത്രിക്കുന്നത്. ഇവരുടെ കീഴ്ജീവനക്കാരും കുടുംബക്കാരോ സ്വന്തക്കാരോ ആണ്. രണ്ടു ദശാബ്ദമായി ശ്രീലങ്കന്‍ ഭരണരംഗത്ത് നിര്‍ണ്ണായക സ്വാധീനമാണ് രാജപക്സെ കുടുംബം ചെലുത്തുന്നത്. മഹിന്ദയുടെ ഇളയ സഹോദരന്‍ ബാസില്‍ രാജപക്സെയാണ് ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാപകനും ദേശീയ സംഘാടകനും. അദ്ദേഹമാണ് ഇപ്പോഴത്തെ ധനമന്ത്രിയും. രാജ്യത്തിന്റെ ബജറ്റില്‍ 70 ശതമാനം കൈകാര്യം ചെയ്യുന്നത് ഈ കുടുംബമാണ്. സ്വത്തും വിഭവങ്ങളുമൊക്കെ ഈ കുടുംബവും കൂടെ നില്‍ക്കുന്നവരും പങ്കിടുന്നു. ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയുടെ കാരണങ്ങളിലൊന്ന് അതാണ്. രാജപക്സെ കുടുംബത്തിന് അധികാരം ഉറപ്പാക്കാനായി നടത്തുന്ന സൈനികവല്‍ക്കരണത്തിനും പൗരാവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും വ്യാപകമായ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. ജനാധിപത്യത്തേയും നിയമവാഴ്ചയേയും വെല്ലുവിളിച്ച് സാമൂഹിക മൂല്യവ്യവസ്ഥയേയും പൊതുബോധത്തേയും മാറ്റിമറിക്കുന്ന ദൃശ്യവും അദൃശ്യവുമായ നടപടികള്‍ ഈ കുടുംബം കൈക്കൊള്ളുന്നുണ്ട്.

ഈ ലേഖനം വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്