കവിത 

രതീഷ് കൃഷ്ണ എഴുതിയ കവിത 'ബര്‍ത്ത് ഡേ പാര്‍ട്ടി'

രതീഷ് കൃഷ്ണ

ബര്‍ത്ത്ഡേ പാര്‍ട്ടി

രതീഷ് കൃഷ്ണ

പിണങ്ങിപ്പോയ ഭാര്യയും

മരിച്ചുപോയ മകളുമുള്ളൊരാള്‍

തെരുവിലെ ആളൊഴിഞ്ഞ ബേക്കറിയില്‍നിന്ന്

മകളുടെ പിറന്നാളിന്

ഗ്ലോബാകൃതിയിലുള്ള

ഒരു കേക്ക് വാങ്ങുന്നു.

കുറച്ചു ദൂരം വെയിലും

കുറച്ചു ദൂരം മഴയുംകൊണ്ടയാള്‍

സ്‌കൂട്ടര്‍ നിര്‍ത്തുന്നു.

വഴിയോര കച്ചവടക്കാരില്‍നിന്ന്

ഒരു ഭൂപടവും വാങ്ങുന്നു.

രാത്രിയില്‍ അകത്തളത്തിലിരുന്ന്

മകള്‍ മെഴുകുതിരികള്‍ ഊതിക്കെടുത്തുന്നു.

വര്‍ണ്ണക്കടലാസുകള്‍ ചിതറി...

ഒഴിഞ്ഞ കസേരകളിലെ അതിഥികള്‍

കൈകള്‍ കൊട്ടി പിറന്നാള്‍ ആശംസിക്കുന്നു:

''Happy birthday to you

Happy birthday to you...'

മകളുടെ ചിരിയും

ഇടയ്ക്കിടെ ബലൂണുകളുടെ പൊട്ടലും

കുഞ്ഞു വെട്ടങ്ങളുടെ തുമ്പിതുള്ളലും

സമ്മാനപ്പൊതികളുടെ കിലുക്കവും...

കേക്ക് മുറിക്കാന്‍

കത്തിയെടുത്തപ്പോള്‍

മകളുടെ ഉണ്ടക്കണ്ണുകള്‍

ജലംകൊണ്ട് തിളങ്ങുന്നു.

ആഘോഷങ്ങള്‍ക്കിടയില്‍ ഒരാള്‍ അവളുടെ കയ്യില്‍പ്പിടിച്ച് ബലമായി കേക്ക് മുറിക്കുന്നു.

അവളുടെ കണ്ണുകളിപ്പോള്‍

രണ്ട് കൊച്ചരുവികള്‍...

അച്ഛന്‍ മാത്രം അത് കാണുന്നു

അയാള്‍ മകളെ ചേര്‍ത്തുപിടിക്കുന്നു.

അതിഥികള്‍ മുറ്റത്തെ

പുല്‍ത്തകിടിയിലേക്ക് പോയി

വീഞ്ഞ് നുകര്‍ന്ന് നൃത്തം ചെയ്യുന്നു.

പൂച്ചക്കുഞ്ഞിന്റെ വാലില്‍

അവര്‍ ചവിട്ടുമോയെന്ന്

അവള്‍ എത്തിനോക്കുന്നു.

അച്ഛനും മകളും

ഉരുണ്ട ഭൂമിയെയും പരന്ന ഭൂമിയെയും കുറിച്ച് ദീര്‍ഘനേരം സംവദിക്കുന്നു.

അവള്‍ കാണേണ്ട രാജ്യങ്ങള്‍

അയാള്‍ വര്‍ണ്ണിക്കുന്നു.

ഇടയ്ക്കിടെ മകള്‍ വിതുമ്പി...

അച്ഛന്‍ അവളുടെ കവിളില്‍ത്തൊട്ട്

തലമുടിയിലെ വര്‍ണ്ണക്കടലാസുകളെടുത്ത് കളയുന്നു.

ചാറ്റല്‍മഴ വന്നപ്പോള്‍ അതിഥികള്‍

മുറ്റത്തെ പന്തലിലേക്ക് ഓടിക്കയറി

അച്ഛന്‍ ഒരു കുടയെടുത്ത് പുറത്തേക്കിറങ്ങി മിന്നലിലേക്ക്

നോക്കിനില്‍ക്കുന്നു.

മകള്‍ ബാക്കിയായ കേക്കുകൊണ്ട്

ഒരു ഭൂമിയുണ്ടാക്കി.

സമുദ്രങ്ങളതില്‍ തെളിഞ്ഞ് കാണുന്നു

ഭൂഖണ്ഡങ്ങളുടെ വിടവുകള്‍ കുറയുന്നു

ഇന്ത്യയ്ക്കും പാകിസ്ഥാനും ബംഗ്ലാദേശിനുമൊക്കെ

അതിര്‍ത്തികള്‍ നഷ്ടപ്പെടുന്നു.

അതിഥികളിപ്പോള്‍ പാട്ടുപാടുന്നു

പിണങ്ങിപ്പോയ ഭാര്യയുടെ

പിറന്നാള്‍ സന്ദേശം

അയാളുടെ ഫോണില്‍ ചിലയ്ക്കുന്നു.

പേടിച്ചുവിറച്ച ഭൂമി

അവളുടെ പിന്നിയ ഭൂപടം പുതച്ച് പനിച്ചുറങ്ങുന്നു.

ലക്കുകെട്ടവരോടും ധൃതികൂട്ടിയ അതിഥികളോടും അച്ഛന്‍ വിളിച്ചുപറയുന്നു :

''ആരും ഭക്ഷണം കഴിക്കാതെ പോകരുതേ

അതെന്റെ മോള്‍ക്ക് സങ്കടമാകും.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ