റിപ്പോർട്ട് 

മറവിക്കെതിരെ ഒരു സര്‍വ്വകലാശാല സമരം ചെയ്യുമ്പോള്‍

സതീശ് സൂര്യന്‍

വാര്‍ദ്ധക്യത്തിന്റെ അന്തിമവിധിയും തീര്‍പ്പുമായ ജൈവജീര്‍ണ്ണതയാണ് സ്മൃതിനാശം എന്നു പൊതുവേ പറയാറുണ്ട്. സ്മൃതിനാശം സംഭവിക്കുന്നത് വ്യക്തികള്‍ക്കായാലും സമൂഹത്തിനായാലും സൃഷ്ടിക്കുന്നത് പരസ്പരമുള്ള വേരറ്റുപോകലാണ്. കാലത്തില്‍നിന്നും സ്ഥലത്തില്‍നിന്നും ഉണ്മയില്‍നിന്നുതന്നെയും വ്യക്തിയും സമൂഹവും വേറിട്ടുപോകുന്നു. നിത്യപരിചയമുള്ള മുഖങ്ങള്‍ വാക്കുകള്‍... തലച്ചോറിലെവിടെയോ സൂക്ഷിക്കുന്ന തനിക്കുമാത്രം സ്വന്തമായ നിഘണ്ടുവിലെ പദങ്ങള്‍... താന്‍ കൂടി പകര്‍ന്നാടിയ ജീവിതനാടകത്തിലെ കഥാപാത്രങ്ങള്‍... അവരുടെ പേരുകള്‍... വായിച്ച പുസ്തകങ്ങളുടെ പേരുകള്‍... വന്ന വഴികള്‍... എന്തിന് വീട്ടിനകത്ത് ഒരു മുറിയില്‍നിന്നും മറ്റൊരു മുറിയിലേക്കുള്ള വാതില്‍... ആവശ്യത്തിനെടുക്കാനായി മാറ്റിവെച്ച പുത്തന്‍ നോട്ടുകള്‍... താന്‍ മകനെ ചെവിയിലോതി വിളിച്ച പേര്... ഓമനിച്ചിട്ട പേര്... വിളിപ്പേര്... വെളുപ്പ്... കറുപ്പ്... എല്ലാം ഇനിയൊരു തിരിച്ചെടുക്കലില്ലാത്തവിധം മറവിയിലേക്ക് ക്രമേണ മായുന്നു.

ഓര്‍മ്മകളുടെ നാശം മരണം തന്നെയാണ്. 

എന്താണ് സ്മൃതിനാശം സംഭവിച്ച ഒരാളുടെ അനുഭവം എന്ന് അതു സംഭവിക്കാത്തവര്‍ക്ക് സങ്കല്പിക്കാനേ ആകുകയുള്ളൂ. അതെന്തെന്ന് അതനുഭവിക്കുന്നയാള്‍ക്ക് പറഞ്ഞുതരാന്‍ സാധ്യമാകുകയില്ല. അസാമാന്യമായ ഓര്‍മ്മശക്തിയുള്ള പലരും സ്മൃതിനാശത്തിനടിപ്പെട്ട് ദയനീയമായ ജീവിതം നയിക്കുന്നവരായി മാറിയ കഥകളുമുണ്ട്. 

എന്നാല്‍, ഇങ്ങനെ സ്മൃതിനാശമുണ്ടാകുന്നത് വാര്‍ദ്ധക്യത്തോടടുക്കുമ്പോള്‍ മാത്രമാകണമെന്നില്ല. ഏതെങ്കിലും കാരണത്താല്‍ മസ്തിഷ്‌കത്തിന്റെ സവിശേഷ ധര്‍മ്മങ്ങള്‍ നഷ്ടപ്പെടുന്നതു വഴി ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയും ഉണ്ടാകാം. വൈദ്യശാസ്ത്രം ഇതിനെ മേധാക്ഷയം അഥവാ ഡിമെന്‍ഷ്യ എന്നാണ് വിളിക്കുന്നത്. ദീര്‍ഘകാലമായി തുടരുന്ന ശാരീരികമായ അസുഖങ്ങള്‍, തകരാറുകള്‍ എന്നിവ കാരണം ക്രമേണ ഈ അവസ്ഥയിലേയ്ക്ക് ഒരു വ്യക്തി പ്രവേശിച്ചേക്കാം. അതിനു പുറമേ തലയ്ക്കും മറ്റുമേല്‍ക്കുന്ന ആഘാതവും ഇങ്ങനെയൊരു സ്ഥിതി ഉണ്ടാക്കിയേക്കാം. ഒരു രോഗമെന്നതിനേക്കാള്‍ ഒരു കൂട്ടം രോഗലക്ഷണങ്ങളും രോഗസൂചനകളുമാണ് മേധാക്ഷയം എന്നുകൂടി പറയാം. അടുത്തകാലത്ത് നടന്ന സംഭവങ്ങള്‍ പെട്ടെന്നുതന്നെ മറന്നുപോകുക, പഴയ സംഭവങ്ങളുടെ ഓര്‍മ്മകള്‍ രോഗം മൂര്‍ച്ഛിക്കുന്നതോടെ മാത്രം നഷ്ടപ്പെടുക തുടങ്ങിയവയും ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥയുടെ പ്രത്യേകതയാണ്. ഈ രോഗത്തിനു കീഴ്‌പെട്ടുപോയവര്‍ക്ക് കുടുംബബന്ധങ്ങളെക്കുറിച്ചോ പരിസരത്തെക്കുറിച്ചോ ഉള്ള ധാരണ വരെ ഇല്ലാതാകുന്നു. ഓര്‍മ്മശക്തിക്ക് പുറമേ ഏകാഗ്രതയേയും സംഭാഷണരീതിയേയും ഒക്കെ മേധാക്ഷയം സാരമായി ബാധിക്കാറുണ്ട്. അതിന്റെ ഫലമായിത്തന്നെ രോഗിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും താറുമാറാകുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയില്‍ രോഗിയെക്കാളേറെ രോഗം വിഷമത്തിലാക്കുന്നത് രോഗികളുടെ അടുത്ത ബന്ധുക്കളേയും വീട്ടുകാരേയുമാണ്. 

ഉദ്ബോധിന്റെ ഡിമെൻഷ്യ ക്യാംപെയ്ൻ

സമരം മറവിരോഗത്തിനെതിരെ
 
മറവിക്കെതിരെ ഓര്‍മ്മയുടെ സമരം എന്നത് വിഖ്യാത സാഹിത്യകാരന്‍ മിലാന്‍ കുന്ദേരയുടെ ഏറെ പ്രശസ്തമായ ഒരു പ്രയോഗമാണ്. സാമൂഹികതലത്തില്‍ ഓര്‍മ്മകളെ തിരിച്ചുപിടിക്കുക ഏറെക്കുറെ സുസാധ്യമായ കാര്യമാണ്. വ്യക്തിതലത്തിലാകട്ടെ, ചിലപ്പോഴൊക്കെ മറവി മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹവുമാണ്. എന്നാല്‍, ഇതൊരു രോഗാവസ്ഥയായി മനുഷ്യനില്‍ പരിണമിക്കുന്നത് സാമൂഹികമായും വ്യക്തിപരമായും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നായേ മനസ്സിലാക്കാനാകൂ. ലോകത്ത് കാന്‍സര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുതിര്‍ന്നവരെ ബാധിക്കുന്ന ഒരു രോഗമാണ് ഡിമെന്‍ഷ്യ. ജീവിതശൈലിയുടെ സൃഷ്ടി കൂടിയായ ഡിമെന്‍ഷ്യ വികസിത രാജ്യങ്ങളിലെ ജനങ്ങളെ മാത്രം കൂടുതലായി ബാധിക്കുന്നുവെന്ന ധാരണ ശരിയല്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഓരോ മൂന്നു സെക്കന്‍ഡിലും ഒരാള്‍ക്ക് ഡിമെന്‍ഷ്യ ബാധിക്കുന്നുണ്ട്. അവരില്‍ പകുതിയിലധികം പേരും താഴ്ന്നതോ ഇടത്തരം വരുമാനമുള്ളതോ ആയ രാജ്യങ്ങളിലാണ് താമസിക്കുന്നത്. ആരോഗ്യ, പരിചരണ സേവനങ്ങള്‍ ദുര്‍ലഭമായതോ നിലവിലില്ലാത്തതോ ആയ രാജ്യങ്ങളില്‍ ഡിമെന്‍ഷ്യ സവിശേഷമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇന്ത്യയില്‍ ആകെപ്പാടെ 4.1 ദശലക്ഷം ഡിമെന്‍ഷ്യ ബാധിതരുണ്ടെന്നാണ് കണക്ക്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ 12.4 ശതമാനം പേര്‍ ഈ രോഗാവസ്ഥയിലുള്ളവരാണ്. നമ്മുടെ കേരളത്തില്‍ ഈ രോഗാവസ്ഥയിലുള്ള 10 ശതമാനം ആളുകള്‍ക്കു മാത്രമേ രോഗാവസ്ഥ സ്ഥിരീകരിക്കാനും ഫലപ്രദമായ പരിചരണവും വൈദ്യ ശുശ്രൂഷയും ലഭ്യമാക്കാനും സാധിക്കുന്നുള്ളൂ. ന്യൂക്ലിയര്‍ കുടുംബവ്യവസ്ഥയുള്ള കേരളത്തില്‍ ഈ രോഗം സവിശേഷമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പ്രായമായവരെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന തെറ്റായ ധാരണയുടെ പശ്ചാത്തലത്തില്‍ രോഗം തുടക്കത്തില്‍ തന്നെ തിരിച്ചറിയപ്പെടാതെ പോകുന്നതാണ് ഒന്നാമത്തെ പ്രശ്‌നം. ഇത്തരമൊരു രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ ചികിത്സയും പരിചരണവും ഏറെ ചെലവുള്ളതാണ് എന്നതാണ് മറ്റൊരു പ്രശ്‌നം. ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്ക് എല്ലാസമയവും മറ്റൊരാളുടെ സഹായവും പരിചരണവും അനിവാര്യമാണ്. ജോലിക്കാരായ കുടുംബാംഗങ്ങള്‍ കൂടിയാണെങ്കില്‍ കൂടുതല്‍ വിഷമമേറിയതാകും അവരുടെ അവസ്ഥ. വിശേഷിച്ചും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരുടെ കുടുംബങ്ങളില്‍. 

ഈ സന്ദര്‍ഭത്തിലാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഒഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ ഈ രംഗത്തെ ഇടപെടലുകള്‍ പ്രസക്തമാകുന്നത്. ശാസ്ത്രമെന്നത് സാമൂഹിക ജീവിതത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആയുധമാകണമെന്നും അത് സമൂഹനന്മയെ ലാക്കാക്കി പ്രവര്‍ത്തിക്കുന്നതാകണമെന്നുമുള്ള കാഴ്ചപ്പാടാണ് ഈ രംഗത്ത് സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ ഇടപെടലുകള്‍ക്കു പിറകില്‍. വിജ്ഞാനോല്പാദന കേന്ദ്രങ്ങളെന്ന നിലയിലുള്ള നമ്മുടെ സര്‍വ്വകലാശാലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ സദ്ഫലങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ പൊതുസമൂഹവും ജനങ്ങളുമാകണം എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഡിമെന്‍ഷ്യ സൗഹൃദ സമൂഹത്തിന്റെ സൃഷ്ടി സാധ്യമാക്കാനുള്ള ഇടപെടലുകള്‍ അതു വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന്റെ ആദ്യപടിയായി എറണാകുളം ജില്ലയില്‍ ഒരു ഡിമെന്‍ഷ്യാ സൗഹൃദ സമൂഹം സൃഷ്ടിക്കുന്നതിനായി നടത്തുന്ന ഇടപെടലുകളില്‍ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ പ്രജ്ഞ എന്ന വേദിയും അതിനു കീഴിലുള്ള ഉദ്‌ബോധ് എന്ന പ്രൊജക്ടും സാരമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇന്ന് കേരളത്തിന് ഒരു സംസ്ഥാനമെന്ന നിലയില്‍ ഒരു ഡിമെന്‍ഷ്യാ നയം ഉണ്ടാക്കുന്നതിനു ഭരണകൂടത്തിനു പ്രേരകമാകുന്നത് 'പ്രജ്ഞ'യുടെ കൂടി ഇടപെടലുകളാണ് എന്നതും ശ്രദ്ധേയമാണ്. 

എന്താണ് 'പ്രജ്ഞ' 

ശാസ്ത്രജ്ഞാനത്തേയും സമൂഹത്തേയും ബന്ധിപ്പിക്കാനുള്ള ഒരു വേദിയും മള്‍ട്ടി ഡിസിപ്ലിനറി റിസേര്‍ച്ച് പ്ലാറ്റ്‌ഫോമുമായിട്ടാണ് പ്രജ്ഞ എന്ന സംഘടനയെ വിഭാവനം ചെയ്തിട്ടുള്ളതെന്ന് കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സ് ഡയറക്ടര്‍ ഡോ. പി.എസ്. ബേബി ചക്രപാണി പറയുന്നു. വ്യക്തികളുടെ മസ്തിഷ്‌കാരോഗ്യവുമായും നാഡീവ്യവസ്ഥയുമായും ബന്ധപ്പെട്ടുള്ള അറിവുകള്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ട സാമൂഹിക ഇടപെടലുകള്‍ നടത്തുകയാണ് ലക്ഷ്യം. പ്രജ്ഞയുടെ കീഴില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതിയായ 'ഉദ്‌ബോധി'ന്റെ ഭാഗമായുള്ള ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമാണ്. ഇതിന്റെ ഭാഗമായി ഗവേഷണം, കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സാമൂഹികമായ മസ്തിഷ്‌കാരോഗ്യ ഇടപെടല്‍ പദ്ധതികള്‍, ബോധവല്‍ക്കരണ പരിപാടികള്‍, മെമ്മറി വോക്ക് അടക്കമുള്ള പ്രചാരണ പരിപാടികള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, കമ്യൂണിറ്റി ഹെല്‍ത്ത് കെയര്‍, സൈക്കോ-സോഷ്യല്‍ കൗണ്‍സലിംഗ്, മെമ്മറി ക്ലിനിക്കുകള്‍, മെമ്മറി കഫേ എന്നിങ്ങനെ നിരവധി പരിപാടികള്‍ 'പ്രജ്ഞ' സംഘടിപ്പിക്കുന്നു. ഇതിനുവേണ്ടി വിവിധ വൈജ്ഞാനിക മേഖലകള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍, ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവയുമായും വിവിധ സെക്ടറുകളുമായും ഒത്തുചേര്‍ന്ന് അതു പ്രവര്‍ത്തിക്കുന്നു. പ്രജ്ഞയുടെ മൂന്നാമത്തെ പ്രൊജക്ട് ആണ് ഉദ്‌ബോധ്. 

കേരളത്തില്‍ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കാലത്ത് ഏറ്റവുമാദ്യം കുതിപ്പുണ്ടാക്കിയ ജില്ലയാണ് എറണാകുളം. കേരളത്തില്‍ ആദ്യം സമ്പൂര്‍ണ്ണസാക്ഷരത നേടിയ ജില്ലയെന്ന വിശേഷണത്തിന് അര്‍ഹമായത് എറണാകുളമാണ്. ജനകീയമായ ഒരു ആരോഗ്യപ്രസ്ഥാനം എന്ന നിലയില്‍ ഡിമെന്‍ഷ്യയെ സാമൂഹികമായി കൈകാര്യം ചെയ്യുക എന്ന ആശയം ആദ്യം പ്രാവര്‍ത്തികമാകുന്നതും എറണാകുളം ജില്ലയിലെ കൊച്ചി നഗരസഭയില്‍ത്തന്നെ. കൊച്ചി നഗരത്തെ കേരളത്തിലെ ആദ്യത്തെ ഡിമെന്‍ഷ്യാ സൗഹൃദ നഗരമായി ഒക്ടോബര്‍ 16-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയെ ഡിമെന്‍ഷ്യ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അതോടൊപ്പം തുടക്കമായിട്ടുണ്ട്. ഉദ്‌ബോധിന്റെ ഭാഗമായി പ്രജ്ഞയും എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പ്പറേഷനും മാജിക്‌സ് എന്ന സന്നദ്ധസംഘടനയും സംയുക്തമായാണ് ഈ പദ്ധതികള്‍ എറണാകുളം ജില്ലയില്‍ നടപ്പാക്കുന്നത്. ഇതിനു മുന്നോടിയായി പ്രജ്ഞയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പഠനസര്‍വ്വേ നടത്തിയിരുന്നു. ഓരോ പഞ്ചായത്തിലും 100 മുതല്‍ 150 വരെ ആളുകളെ നേരിട്ടു കണ്ടാണ് സര്‍വ്വേ നടത്തിയത്. ഇതില്‍ പത്തിലധികം പേരില്‍ ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ തിരിച്ചറിയാനായെന്നും ബേബി ചക്രപാണി പറയുന്നു. കൊവിഡ് പടര്‍ന്നുപിടിച്ചതും അതു നമ്മുടെ ജീവിതങ്ങളെ ബാധിച്ചതുമെല്ലാം ഈ രോഗാവസ്ഥയിലേയ്ക്ക് കൂടുതല്‍ ആളുകളെ തള്ളിവിടുന്നതായും കണ്ടെത്തിയിട്ടുണ്ട്.?

എന്താണ് ഡിമെന്‍ഷ്യ

മസ്തിഷ്‌കത്തിലെ നാഡീകോശങ്ങളുടെ ദ്രവീകരണം മൂലം ഉണ്ടാകുന്ന ഓര്‍മ്മക്കുറവാണ് ഡിമെന്‍ഷ്യ അല്ലെങ്കില്‍ മറവിരോഗാവസ്ഥ. ഡിമെന്‍ഷ്യ ബാധിച്ചവരില്‍ 60 ശതമാനം പേരിലും കാണപ്പെടുന്ന ഡിമെന്‍ഷ്യയുടെ വകഭേദമാണ് അല്‍ഷെയ്‌മേഴ്‌സ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അഞ്ചുകോടി പേര്‍ ഡിമെന്‍ഷ്യാ ബാധിതരാണ്. കൂടാതെ ഓരോ വര്‍ഷവും ഒരു കോടിയോളം ആളുകള്‍ക്ക് പുതുതായി ഡിമെന്‍ഷ്യ ബാധിക്കുന്നു. 

ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ 

ഡിമെന്‍ഷ്യാ ബാധിതരില്‍ വ്യത്യസ്തമായ രോഗലക്ഷണങ്ങളാണ് പ്രകടമാകാറുള്ളത്. ഇത് പാരമ്പര്യ രോഗാവസ്ഥയോ മാനസികരോഗമോ അല്ല. വാര്‍ദ്ധക്യ കാലത്താണ് ഈ രോഗാവസ്ഥ ഉണ്ടാകാറുള്ളതെങ്കിലും ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. 

പൊതുവായ ചില രോഗലക്ഷണങ്ങള്‍ 

* ഓര്‍മ്മക്കുറവ് മൂലം ജോലികള്‍ ശരിയായി ചെയ്യാന്‍ കഴിയാതെ വരിക. സ്ഥിരം ചെയ്യുന്ന ജോലിയില്‍ നിരന്തരം തെറ്റുകള്‍ വരുത്തുക.
 
* ദിനചര്യകളില്‍ മറവിമൂലം ബുദ്ധിമുട്ടനുഭവിക്കുക.

* സ്ഥലകാലബോധത്തിന്റെ നഷ്ടം. 

* പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും പരസ്പരബന്ധമില്ലാതെ സംസാരിക്കുകയും ചെയ്യുക. 

* നിത്യോപയോഗ സാധനങ്ങള്‍ അനുചിതമായ ഇടങ്ങളില്‍ വെയ്ക്കുക.
(ഉദാഹരണത്തിനു ചെരുപ്പ് ഫ്രിജ്ജില്‍ വെയ്ക്കുക.)

* ഉചിതമായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താന്‍ കഴിയാതെ വരിക.

* വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍. അമിതമായ ദേഷ്യമോ വിഷാദമോ പ്രകടമാകുക. മൗനിയായോ വിഷാദവാനായോ മാറുക എന്നിങ്ങനെ.

* വാക്കുകള്‍ ഓര്‍ത്തെടുക്കാനോ ഉചിതമായി ഉപയോഗിക്കാനോ കഴിയാതെ വരിക.
 
* ധാരണാശേഷി ക്രമേണ നഷ്ടമാകുക.

ഉ​ദ്ബോധ് സ്കൂൾ കുട്ടികൾക്കായി നടത്തിയ ക്ലാസ്

ഡിമെന്‍ഷ്യയുടെ കാരണങ്ങള്‍ 

പ്രായം, നീണ്ടുനില്‍ക്കുന്ന ഉറക്കക്കുറവ്, കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ തലയ്ക്ക സംഭവിച്ച ആഘാതം, വിഷാദരോഗം, സാമൂഹികമായ ഒറ്റപ്പെടല്‍, അമിത മദ്യപാനം, പുകവലി, പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം തുടങ്ങിയവ. 

പ്രതിരോധം 

പ്രാരംഭഘട്ടത്തില്‍ രോഗനിര്‍ണ്ണയം രോഗനിയന്ത്രണത്തിനു സഹായകമാകുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്‌ട്രോക്ക് പോലുള്ള കാരണങ്ങളാല്‍ ഉണ്ടാകുന്ന ഡിമെന്‍ഷ്യ ഒരുപരിധിവരെ ചികിത്സിച്ചു മാറ്റാന്‍ കഴിയും. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വ്യായാമം സ്ഥിരമായി ചെയ്യുകയും ശാരീരിക ക്ഷമത നിലനിര്‍ത്തുകയും വേണം. ആന്റി ഓക്‌സിഡന്റുകളും ഒമേഗ ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയ മത്സ്യം, ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ മുതലയാവ ശീലമാക്കേണ്ടതുണ്ട്. തൈറോയ്ഡ് തകരാറുകള്‍ക്കും യഥാസമയം ചികിത്സ ലഭ്യമാക്കുകയും പോഷകക്കുറവ് തടയുകയും വേണം. തലച്ചോറിന് ഉണര്‍വ്വ് നല്‍കുന്ന പദപ്രശ്‌നം പൂരിപ്പിക്കുന്നതുപോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുണകരമാണ്. വിഷാദരോഗം തടയുകയും പിരിമുറക്കത്തില്‍നിന്നും ഒഴിവാകുകയും വേണം. എല്ലാത്തിനുമുപരിയായി സാമൂഹികമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും വിഷാദവും സാമൂഹികമായ ഒറ്റപ്പെടലും ഇല്ലാതാക്കുകുയും രോഗസാധ്യത കുറക്കുകയും ചെയ്യും. 

എന്താണ് ഒരു ഡിമെന്‍ഷ്യാ സൗഹൃദ സമൂഹം ?

ഡിമെന്‍ഷ്യ ബാധിച്ചവരെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു നഗരമോ ഗ്രാമമോ ഒക്കെ ഒരു ഡിമെന്‍ഷ്യ സൗഹൃദ സമൂഹമാണ്. ചികിത്സ, പരിചരണം, ഏകാന്തത ഇല്ലാതാക്കുക ഉള്‍പ്പെടെയുള്ള മാനസികാവശ്യങ്ങള്‍ എന്നീ കാര്യങ്ങളില്‍ വേണ്ട ഇടപെടല്‍ വിട്ടുവീഴ്ചയില്ലാതെ നിര്‍വ്വഹിക്കുന്നത് സാമൂഹിക ഉത്തരവാദിത്വമായി കണക്കാക്കപ്പെടുന്നു. 

ഉദ്‌ബോധിന്റെ വിവിധ സംരംഭങ്ങള്‍ 

മെമ്മറി കഫേ

എറണാകുളം ജില്ലാ ഭരണകൂടം, ഐ.എം.എ കെയര്‍ ഫോര്‍ എല്‍ഡേര്‍ളി, സന്നദ്ധസംഘടനയായ മാജിക്‌സ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്നു. കാക്കനാട്ട് ടോണിക്കോ കഫേയിലാണ് ഇതിനു തുടക്കമായത്. ഡിമെന്‍ഷ്യ എന്നത് രോഗാവസ്ഥയാണെന്നും ആ രോഗാവസ്ഥയിലുള്ള വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഉദ്‌ബോധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

മെമ്മറി കഫേ

മെമ്മറി ക്ലിനിക് 

ഓര്‍മ്മ മങ്ങുന്നുവെന്ന തോന്നലുള്ളവര്‍ക്ക് ഓര്‍മ്മശക്തി പരിശോധിക്കുകയോ ഡിമെന്‍ഷ്യക്കുള്ള സാധ്യതയുണ്ടോ എന്നു തിരിച്ചറിയുകയോ ചെയ്യുന്നതിനാണ് മെമ്മറി ക്ലിനിക്ക്. കൊച്ചി കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ഇതാരംഭിച്ചിട്ടുള്ളത്.

മെമ്മറി ക്ലിനിക്

ഡേകെയര്‍ 

ഡിമെന്‍ഷ്യാ ബാധിതര്‍ക്കായുള്ള പകല്‍വീട്. മെമ്മറി ക്ലിനിക്കിനോടു ചേര്‍ന്നു രാവിലെ പത്തുമുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കും. ഭക്ഷണം ഉള്‍പ്പെടെ എല്ലാ സേവനങ്ങളും സൗജന്യമാണ്. കൊച്ചി കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം. ഇത്തരത്തില്‍ കൂടുതല്‍ പകല്‍വീടുകള്‍ക്ക് ഗവണ്‍മെന്റിനു പദ്ധതിയുണ്ട്. 

പ്രജ്ഞ ആപ് 

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല ന്യൂറോ സയന്‍സ് വിഭാഗം ദീന്‍ദയാല്‍ ഉപാദ്ധ്യായ് കൗശല്‍ കേന്ദ്രയും വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്. ഡിമെന്‍ഷ്യ കെയര്‍ സെന്ററുകളെക്കുറിച്ചും കെയര്‍ ഗീവേഴ്‌സിനെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചും സൈക്കോളജിസ്റ്റുകളെക്കുറിച്ചും ഒക്കെയുള്ള വിവരങ്ങള്‍, സ്വയം പരിശോധനാ ടെസ്റ്റുകള്‍ എന്നിവ സൗജന്യമായി ലഭിക്കും.

ഡിമെന്‍ഷ്യക്കെതിരെ മൂര്‍ത്തമായ ഇടപെടല്‍ 

ഡോ. ബേബി ചക്രപാണി

(സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് 
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല)

ലോകത്ത് ഓരോ മൂന്നു സെക്കന്‍ഡിലും ഒരാള്‍ക്കു വീതം എന്ന നിലയിലാണ് ഡിമെന്‍ഷ്യ ബാധിക്കുന്നത്. ഇപ്പോള്‍ അത് കൂടുതലായി വരുന്ന സാഹചര്യമാണ് കാണുന്നത്. ഒരു വികസ്വര രാജ്യമായ ഇന്ത്യയിലും ഈ രോഗാവസ്ഥ നേരിടുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍ ഇതു സംബന്ധിച്ച് സമഗ്രമായ പഠനങ്ങളോ കണക്കെടുപ്പോ ഇതുവരേയും രാജ്യത്ത് നടന്നിട്ടില്ല. തന്മാത്ര എന്ന സിനിമയില്‍ അതിലെ കഥാനായകനെ അല്‍ഷേയ്മേഴ്‌സ് ബാധിച്ചതുകൊണ്ട് ആ കുടുംബം ചെന്നകപ്പെടുന്ന അവസ്ഥ അതു കണ്ടവര്‍ ഓര്‍ക്കുന്നുണ്ടാകും. വല്ലാത്തൊരു മനുഷ്യാവസ്ഥയാണ് അത്. എന്നാല്‍, ഈ രോഗം സംബന്ധിച്ച് കാര്യമായ അവബോധം നമ്മുടെ സമൂഹത്തിലുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമൂഹത്തേയും ശാസ്ത്രജ്ഞാനത്തേയും കൂട്ടിയിണക്കാനുദ്ദേശിച്ച് രൂപീകരിച്ചിട്ടുള്ള പ്രജ്ഞയുടെ ആഭിമുഖ്യത്തില്‍ കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സ് ഉദ്‌ബോധ് എന്നൊരു പദ്ധതി വിവിധ സംഘടനകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയുമൊക്കെ സഹായത്തോടെയും സഹകരണത്തോടെയും ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഡിമെന്‍ഷ്യ സംബന്ധിച്ച അറിവുകള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കൊച്ചി കോര്‍പ്പറേഷനുമായി സഹകരിച്ച് പരിശീലനം നല്‍കിയ സന്നദ്ധസേവകരെ ഉപയോഗിച്ച് വിവിധ വാര്‍ഡുകളിലും വിദ്യാലയങ്ങളിലും റെസിഡന്‍സ് അസോസിയേഷനുകളിലും പ്രവര്‍ത്തനങ്ങള്‍ നടന്നു. മെമ്മറി ക്ലിനിക്ക് ആരംഭിച്ചതാണ് രണ്ടാം ഘട്ടം. ഇവിടെ രോഗാവസ്ഥ എത്രത്തോളം എന്നു നിര്‍ണ്ണയിക്കാനും ചികിത്സ നിശ്ചയിക്കാനും സാധ്യമാകും. രോഗാവസ്ഥയിലുള്ളവര്‍ക്ക് പരിചരണവും ചികിത്സയും നല്‍കാനുമുള്ള ഡേ കെയര്‍ കേന്ദ്രങ്ങളും ആരംഭിക്കുന്നുണ്ട്. ഇതിനെയെല്ലാം കണക്ട് ചെയ്യുന്ന മൊബൈല്‍ ആപ്പാണ് മറ്റൊരു പ്രവര്‍ത്തനം. 

ചുരുക്കത്തില്‍ സംസ്ഥാനത്ത് കൂടിവരുന്ന ഈ രോഗാവസ്ഥയെക്കുറിച്ചു ബോധവല്‍ക്കരിക്കാനും ഈ അവസ്ഥയിലുള്ളവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇവരുടെ സഹായികള്‍ക്കും ബന്ധുക്കള്‍ക്കും പരിചരിക്കാന്‍ പ്രത്യേക പരിശീലനം നല്‍കാനും അതുവഴി ഈ അവസ്ഥയിലുള്ളവരെ സമൂഹത്തിന്റെ ഭാഗമാക്കിത്തീര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ഉദ്‌ബോധ് എന്ന പദ്ധതി. 

ഇവര്‍ക്ക് സഹായകരമായ രീതിയില്‍ സൗജന്യ മനഃശാസ്ത്ര ഉപദേശങ്ങള്‍, നിയമ ഉപദേശങ്ങള്‍, ക്ലിനിക്കല്‍ സൗകര്യങ്ങള്‍, പകല്‍ പരിചരണ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കും. മനഃശാസ്ത്ര ഉപദേശങ്ങള്‍, നിയമോപദേശങ്ങള്‍ എന്നിവ ആപ്പ് വഴിയും നേരിട്ടും ലഭ്യമാക്കും. ക്ലിനിക്കല്‍ സൗകര്യങ്ങള്‍ സൗജന്യമായി ഡിമെന്‍ഷ്യ ക്ലിനിക്കില്‍ ലഭിക്കും. സൗജന്യ പരിചരണത്തിനായുള്ള പകല്‍വീട് ഒരുക്കിയിട്ടുള്ളത് പി.ജെ. ആന്റണി സാംസ്‌കാരിക കേന്ദ്രത്തിനോട് അനുബന്ധിച്ചാണ്. ഡിമെന്‍ഷ്യ സംബന്ധിച്ച എല്ലാ വിവരങ്ങളും ചികിത്സയും പരിചരണവും ലഭിക്കുന്ന കേന്ദ്രങ്ങളുമൊക്കെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയെ ഡിമെന്‍ഷ്യാ സൗഹൃദനഗരമായി ഒക്ടോബര്‍ 16-നു പ്രഖ്യാപിക്കുന്നത്. അന്നുതന്നെ അദ്ദേഹം കേരളത്തിന് ഒരു ഡിമെന്‍ഷ്യാ നയമുണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഇത് ഒരു സാമൂഹികയജ്ഞം 

പ്രസാദ് എം. ഗോപാല്‍

(പ്രൊജക്ട് ഇന്‍-ചാര്‍ജ്, ഉദ്‌ബോധ്
സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സ് 
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല)

ഒരു സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ഒറ്റപ്പെടുന്നവരും വിവേചനം അനുഭവിക്കുന്നവരുമാണ് ഡിമെന്‍ഷ്യ ബാധിച്ചവര്‍. ഇത്തരത്തിലുള്ള സ്റ്റിഗ്മയും ഡിസ്‌ക്രിമിനേഷനും ഒഴിവാക്കാന്‍ ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥ എന്താണെന്ന ധാരണ സമൂഹത്തിനുണ്ടാകേണ്ടതുണ്ട്. അതുപോലെ ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥയുണ്ടോ എന്നു തുടക്കത്തില്‍ത്തന്നെ നിര്‍ണ്ണയിക്കുന്നതും രോഗാവസ്ഥയെ നേരിടുന്നവര്‍ക്ക് പര്യാപ്തമായ ചികിത്സയും പരിചരണവും ഉറപ്പുവരുത്തുന്നതും അത്യന്താപേക്ഷിതമാണ്. ഇവയ്‌ക്കെല്ലാം പുറമേ ഈ രോഗാവസ്ഥയെ നേരിടുന്നവര്‍ക്കു വേണ്ടത് റീഹാബിലിറ്റേഷനല്ല, റീ ഇന്റഗ്രേഷന്‍ ആണെന്ന കാഴ്ചപ്പാടോടുകൂടി ആവിഷ്‌കരിച്ച പദ്ധതിയാണ് ഉദ്‌ബോധ്. ഒരു വീട്ടില്‍ ഒരാള്‍ക്ക് ഡിമെന്‍ഷ്യ ബാധിച്ചാല്‍ അയാളുടെ വിചിത്രമെന്നു തോന്നാവുന്നതും സാധാരണ സാമൂഹ്യജീവിതമുള്ള മനുഷ്യര്‍ക്കും സഹിക്കാന്‍ കഴിയാത്തതുമായ പെരുമാറ്റരീതികളും ചേഷ്ടകളും ആ രോഗാവസ്ഥയ്ക്ക് സഹജമായതാണ് എന്ന ബോധം അയല്‍ക്കാര്‍ക്കും ചുറ്റുവട്ടത്തുള്ളവര്‍ക്കും കൂടി ബോധ്യപ്പെടേണ്ടതുണ്ട്. അതുസംബന്ധിച്ച അവബോധം അവര്‍ക്കുണ്ടാകേണ്ടതുണ്ട്. 

ഉദ്‌ബോധിന്റെ ഭാഗമായി ഡിമെന്‍ഷ്യാ രോഗാവസ്ഥ ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും മറ്റുമായി മെമ്മറി കഫേകള്‍ സംഘടിപ്പിക്കുന്നത് ഇതുസംബന്ധിച്ച ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായാണ്. രോഗനിര്‍ണ്ണയത്തിനായി മെമ്മറി ക്ലിനിക്കുകള്‍, ചികിത്സയ്ക്കും പരിചരണത്തിനുമായി ഡേ കെയറുകള്‍, വീട്ടില്‍ വന്നു പരിചരിക്കുന്നതിന് കെയര്‍ ഗീവേഴ്‌സ് ഇങ്ങനെ നിരവധി തലത്തിലുളള സംവിധാനങ്ങളാണ് ഉദ്‌ബോധ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. സൗജന്യ മെമ്മറി ക്ലിനിക്ക് എറണാകുളം ജില്ലാ ആശുപത്രിയിലും പണം നല്‍കി സേവനം ലഭ്യമാക്കാവുന്ന മെമ്മറി ക്ലിനിക്ക് പച്ചാളം ലൂര്‍ദ്ദ് ആശുപത്രിയിലും പ്രവര്‍ത്തിക്കുന്നു. റസിഡന്‍സ് അസോസിയേഷനുകള്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം, സൈക്കോളജിസ്റ്റുകളുടെ സംഘടന, കുടുംബശ്രീ, ജയഭാരത് കോളേജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ഒട്ടനവധി സംഘടനകളുടേയും സ്ഥാപനങ്ങളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയുമൊക്കെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ജനുവരിയോടെ എറണാകുളം ജില്ലയില്‍ മുഴുവന്‍ ഈ പദ്ധതി നടപ്പാക്കുന്നതിനു തുടക്കമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും