റിപ്പോർട്ട് 

കൊന്നും ആത്മഹത്യ ചെയ്തും ജീവിതം തീര്‍ക്കുക- ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്

രേഖാചന്ദ്ര

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ചികിത്സയില്ല; ശരിയായ രോഗനിര്‍ണ്ണയമില്ല; സാന്ത്വന പരിചരണമില്ല; അഭയകേന്ദ്രങ്ങളില്ല; ഭരണകൂടം ചെയ്തുകൂട്ടിയ ക്രൂരതയുടെ ഇരകളാണെന്ന പരിഗണനയില്ല. വീടുകള്‍ക്കുള്ളില്‍ നരകിക്കുക, തെരുവില്‍ നിലവിളിച്ച് സമരം നടത്തുക, സുഖമില്ലാത്ത കുട്ടികളെ വീടുകളില്‍ കെട്ടിയിട്ട് ജീവിതമാര്‍ഗ്ഗത്തിനായി പണിക്കു പോകുക, ചികിത്സയ്ക്കും സഹായത്തിനുമായി നിരന്തരം വ്യവഹാരങ്ങള്‍ നടത്തുക, എല്ലാ വഴിയും അടഞ്ഞു എന്ന ഒരു നിമിഷത്തെ തോന്നലില്‍ കൊന്നും ആത്മഹത്യ ചെയ്തും ജീവിതം തീര്‍ക്കുക- ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
 
മറുവശത്ത് സര്‍ക്കാര്‍ ചെയ്യുന്നത് ഇവരെ പരമാവധി അവഗണിക്കുക, കോടതികളില്‍നിന്ന് അടിക്കടി ശകാരങ്ങളുണ്ടാവുമ്പോള്‍ മാത്രം ധനസഹായം നല്‍കുക, പട്ടികയില്‍നിന്നും ഇരകളെ എങ്ങനെ കുറയ്ക്കാം എന്ന വഴികള്‍ നോക്കുക, സമരങ്ങളും മുറവിളികളും രൂക്ഷമാകുമ്പോള്‍ ചികിത്സയ്ക്കോ താമസത്തിനോ പഠനത്തിനോ ആയി കെട്ടിടങ്ങള്‍ക്കു തറക്കല്ലിടുക, വര്‍ഷങ്ങളോളമെടുത്ത് ചിലത് നിര്‍മ്മാണം നടത്തുക, സഹിക്കാനാവാതെ മരണമോ കൊലപാതകമോ ഉണ്ടാകുമ്പോള്‍ സ്വാഭാവികമെന്ന  മട്ടില്‍ അവഗണിച്ച് പൊതുസമൂഹത്തിലേക്ക് ചര്‍ച്ചയ്ക്കു വരാതെ നോക്കുക... 

ജനാധിപത്യ കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ വര്‍ഷങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണിതൊക്കെ. നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ സംഘടനകളിലൂടെയും വ്യക്തികളിലൂടെയും സമരങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഉണ്ടായിട്ടും അതിനെയെല്ലാം മറികടക്കുന്ന വിദ്യകള്‍ സ്വായത്തമാക്കിയ ഭരണകൂടമാണ് നമ്മുടേത്.

കൃത്യമായ പ്ലാനിങ്ങോ, ആവശ്യങ്ങളും ഭൂപ്രകൃതിയും കാസര്‍കോടിന്റെ പ്രത്യേകതയും തിരിച്ചറിഞ്ഞ ഒരു പദ്ധതിയോ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി ഇതുവരെ ഉണ്ടായിട്ടില്ല. കാട്ടിക്കൂട്ടലുകളോ ബാധ്യതകള്‍ തീര്‍ക്കലോ താല്‍ക്കാലിക ആശ്വാസമോ മാത്രമാണ് കൊണ്ടുവരുന്ന പല പദ്ധതികളും. എന്തുകൊണ്ടായിരിക്കും കാസര്‍കോടും എന്‍ഡോസള്‍ഫാന്‍ ബാധയും ഇരകളുടെ ആരോഗ്യസംരക്ഷണവും അവരുടെ ജീവിതവും പഠിക്കപ്പെടാതേയും ചര്‍ച്ച ചെയ്യപ്പെടാതേയും  പോകുന്നത്. എന്തുകൊണ്ടാണ് വിദഗ്ദ്ധചികിത്സയും പരിചരണവും ഉറപ്പാക്കി അവശേഷിക്കുന്നവരെയെങ്കിലും സംരക്ഷിക്കണം എന്ന് സര്‍ക്കാരുകള്‍ക്കു തോന്നാത്തത്. എന്തായിരിക്കാം ഭരണകൂടത്തേയും ഉദ്യോഗസ്ഥരേയും ഇതില്‍നിന്നു പിന്തിരിപ്പിക്കുന്നത്.

എൻഡോസൾഫാൻ ​ദുരിത ബാധിതയായ മകൾ രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത വിമല കുമാരി/ രേഷ്മ

സഹനത്തിനൊടുവില്‍ കൊലപാതകം

28 വര്‍ഷമായി തുടരുന്ന ദുരിതത്തിനൊടുവിലാണ് പനത്തടി പഞ്ചായത്തിലെ ഓട്ടമല ചാമുണ്ഡിക്കുന്നില്‍ വിമലകുമാരിയെന്ന അമ്മ 28-കാരിയായ മകള്‍ രേഷ്മയെ കൊന്നത്; ശേഷം തൂങ്ങിമരിച്ചത്. മെയ് 30-നായിരുന്നു സംഭവം. എന്‍ഡോസള്‍ഫാന്‍ ബാധിതതരുടെ പട്ടികയില്‍പ്പെട്ടയാളാണ് രേഷ്മ. മാനസികമായി ഭിന്നശേഷിയുള്ള മകളും ആ അമ്മയും ഇത്രയും വര്‍ഷങ്ങള്‍ അനുഭവിച്ച സംഘര്‍ഷങ്ങള്‍ ഊഹിക്കാവുന്നതിലപ്പുറമായിരിക്കും. സിമന്റ് തേക്കാത്ത ആസ്ബെസ്റ്റോസ് ഷീറ്റിട്ട ആ വീട്ടിലെ അനുഭവം തന്നെയാണ് കാസര്‍കോട്ടെ ഒട്ടുമിക്ക എന്‍ഡോസള്‍ഫാന്‍ ബാധിതരുടേയും. അസുഖബാധിതരായ മക്കളെ തങ്ങളുടെ മരണശേഷം ആര് നോക്കും എന്ന ആധിയുയരാത്ത ഒരു വീടും നമുക്കിവിടെ കാണാന്‍ കഴിയില്ല. ചാമുണ്ഡിക്കുന്ന് സര്‍ക്കാര്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയായിരുന്നു വിമല. മകളെ അടുത്തുള്ള കോണ്‍വെന്റിലാക്കിയാണ് വിമല ജോലിക്കു പോയിരുന്നത്. കോവിഡിന്റെ സമയത്ത് സ്ഥാപനം പൂട്ടിയതോടെ മകള്‍ വീട്ടിലായി. സ്‌കൂളുകളും ഇല്ലാതിരുന്നതോടെ വിമലയ്ക്കും മകളെ നോക്കാനായി. ജൂണ്‍ മുതല്‍ വിമലയ്ക്ക് സ്‌കൂളില്‍ ജോലിക്കു പോകണം. മകളെ വീട്ടിലാക്കി പോകാന്‍ കഴിയാത്ത അവസ്ഥയും. വീണ്ടും പഴയ സ്ഥാപനത്തിലേക്ക് മകളെ വിടാന്‍ തീരുമാനിച്ചെങ്കിലും രേഷ്മ പോകാന്‍ തയ്യാറായില്ല. ഇല്ലെങ്കില്‍ മകളെ വീട്ടില്‍ കെട്ടിയിട്ട് ജോലിക്കു പോകേണ്ടിവരും. ഈ മാനസികസംഘര്‍ഷത്തിനൊടുവിലാണ് ദാരുണമായ രണ്ട് മരണങ്ങള്‍ ആ വീട്ടില്‍ നടന്നത്. ഭരണകൂടത്തിന്റെ ബാധ്യതയും ഉത്തരവാദിത്വവും നിറവേറ്റാതിരുന്നതിന്റെ ഫലമാണ് ഈ സംഭവം. ബന്ധപ്പെട്ട അധികൃതരോ സര്‍ക്കാര്‍ പ്രതിനിധികളോ ഈ സംഭവത്തില്‍ ഞെട്ടിയില്ല. ഉത്തരവാദിത്വത്തോടെയുള്ള ഒരു പ്രതികരണം പോലും ഉണ്ടായില്ല. 

കാഞ്ഞങ്ങാട്ട് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സമാനമായ സംഭവം നടന്നതായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു: ''എന്‍ഡോസള്‍ഫാന്‍ ബാധിതനായ മകനെ കൊന്ന് അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അതേപോലെ അമ്മയും മകളും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതും കുറച്ചു വര്‍ഷം മുന്‍പാണ്. ഇരകളുടേയും കുടുംബത്തിന്റേയും മാനസികാരോഗ്യം കൂടി ഉറപ്പാക്കേണ്ടതുണ്ട്. പലരും സഹിച്ചു ജീവിക്കുന്നവരാണ്. പല വീടുകളിലും പോകുമ്പോള്‍ മക്കളെ ഭാവിയില്‍ ആര് നോക്കും എന്നാശങ്കപ്പെടുന്ന അമ്മമാരെ കണ്ടിട്ടുണ്ട്. ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഭാവിയിലും ചിലരെയെങ്കിലും സ്വാധീനിച്ചേക്കാം. ഇത്തരം ഒരു ദൗര്‍ഭാഗ്യകരമായ സംഭവം നടന്നിട്ടും അതിന്റെ ഗൗരവം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇപ്പോഴും ഇരകള്‍ക്കുള്ള ധനസഹായം എങ്ങനെ കൊടുക്കാതിരിക്കാം എന്ന ശ്രമമാണ് നടക്കുന്നത്. 

പുനരധിവാസകേന്ദ്രം വരുന്നതുപോലും ഇവര്‍ ഭയക്കുന്നതായിട്ടാണ് തോന്നുന്നത്. കാരണം അതൊരു അടയാളമാണല്ലോ''- അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു. ഇരകള്‍ ആത്മഹത്യ ചെയ്യുന്നതും ശരിയായ രോഗനിര്‍ണ്ണയം നടത്താതേയും ചികിത്സ കിട്ടാതേയും മരിക്കുന്ന സംഭവങ്ങളും ഇവിടെയുണ്ട്. മതിയായ ചികിത്സാകേന്ദ്രങ്ങളോ വിദഗ്ദ്ധ ഡോക്ടര്‍മാരോ സാന്ത്വന പരിചരണമോ കൃത്യമായ കൗണ്‍സലിങ്ങുകളോ ഒന്നും ഇവര്‍ക്കു ലഭിക്കുന്നില്ല.

തറക്കല്ലില്‍ തീര്‍ന്ന പുനരധിവാസം

മൂളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയില്‍ 25 ഏക്കറില്‍ പുനരധിവാസകേന്ദ്രം തുടങ്ങാന്‍ സര്‍ക്കാര്‍ 2015-ല്‍ തീരുമാനമെടുത്തിരുന്നു. അഞ്ചുവര്‍ഷത്തിനു ശേഷമാണ് പദ്ധതിയുടെ തറക്കല്ലിടല്‍ നടന്നത്. കൊവിഡ് സമയമായതിനാല്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു തറക്കല്ലിടല്‍ ചടങ്ങ് നടന്നതും. അതിനുശേഷം രണ്ട് വര്‍ഷമായിട്ടും മറ്റൊന്നും നടന്നില്ല. ശാസ്ത്രീയമായ പഠനത്തിന്റേയോ ബാധിതരായ മനുഷ്യരുമായി വ്യക്തമായ ചര്‍ച്ച നടത്തിയോ അല്ല പുനരധിവാസകേന്ദ്രം നടപ്പാക്കുന്നത് എന്ന ആരോപണവുമുണ്ട്. 

കാസര്‍കോട്ടെ പതിനൊന്ന് പഞ്ചായത്തുകളിലാണ് എന്‍ഡോസള്‍ഫാന്‍ ഏറ്റവും തീവ്രമായി ബാധിച്ചത്. ഇതിനെല്ലാം കൂടിയാണ് ഒറ്റ പുനരധിവാസകേന്ദ്രം. ഡേ കെയര്‍ സെന്ററാണോ റെസിഡന്‍ഷ്യല്‍ സെന്ററാണോ എന്നതില്‍ പലര്‍ക്കും വ്യക്തതയില്ല. ഡേ കെയര്‍ സെന്റര്‍ ആണെങ്കില്‍ 11 പഞ്ചായത്തുകളില്‍നിന്നും എല്ലാ ദിവസവും കൂട്ടികളെ ഇവിടേക്ക് എത്തിക്കുക പ്രായോഗികമല്ല. റസിഡന്‍ഷ്യല്‍ രീതിയാണെങ്കിലും മാനസികമായി ഭിന്നശേഷിയുള്ള പല കുട്ടികളും മാതാപിതാക്കളില്‍നിന്നു മാറിത്താമസിക്കാന്‍ താല്പര്യമില്ലാത്തവരാണെന്നും അഭിപ്രായമുണ്ട്. ഗുണഭോക്താക്കളുടെ ഭൗതിക സാഹചര്യമോ വൈകാരികമായ കാര്യങ്ങളോ പരിഗണിക്കാതെ കെട്ടിടം നിര്‍മ്മാണത്തില്‍ മാത്രം ശ്രദ്ധിക്കുക എന്നതാണ് പലപ്പോഴും നടക്കുന്നത്. 

ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനവും ഈ രീതിയിലാണ്. രേഷ്മയും അമ്മയും മരിച്ച പനത്തടി പഞ്ചായത്തില്‍ 2019-ല്‍ ബഡ്സ് സ്‌കൂളിന്റെ കെട്ടിടം പൂര്‍ത്തിയായെങ്കിലും ഇതുവരെ പ്രവര്‍ത്തനയോഗ്യമായില്ല. 1.8 കോടി ചെലവില്‍ നബാര്‍ഡിന്റെ സഹായത്തോടെയാണ് പണി പൂര്‍ത്തിയാക്കിയത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ഡേ കെയര്‍ സെന്ററാണ് ബഡ്സ് സ്‌കൂള്‍. പനത്തടിയില്‍ ഇത് പ്രാവര്‍ത്തികമായിരുന്നെങ്കില്‍ ഒരുപക്ഷേ, രേഷ്മയും അമ്മയും ഇന്ന് ജീവിച്ചിരുന്നേനെ.

രേഷ്മയുടേയും വിമലയുടേയും മരണത്തിന് ശേഷം കാസർകോട് ടൗണിൽ നടന്ന പ്രതിഷേധം

ചികിത്സയ്ക്കായുള്ള ഓട്ടം

ഇപ്പോഴും കര്‍ണാടകയിലെ മംഗളൂരുവിലും കണ്ണൂര്‍ ജില്ലയിലും പോയി വേണം ഇവര്‍ ചികിത്സ തേടാന്‍. കൊവിഡ് സമയത്ത് അതിര്‍ത്തിയടച്ചതോടെ 20-ലധികം പേരാണ് ചികിത്സ കിട്ടാതെ മരിച്ചത്. പരിമിതമായ സൗകര്യങ്ങളാണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയിലും ഉള്ളത്. പല മേഖലകളിലും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ശരിയായ രോഗനിര്‍ണ്ണയം പോലും നടക്കാറില്ല. കാസര്‍കോട് ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി നിര്‍മ്മിച്ചെങ്കിലും ഒ.പി. മാത്രമുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സ്ഥിതിയിലാണ് ഇപ്പോഴും. വൈദഗ്ദ്ധ്യമുള്ള ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ആവശ്യമായ ഉപകരണങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ രോഗികള്‍ക്കു ഗുണം കിട്ടുന്നില്ല. 2010-ലെ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ശുപാര്‍ശയിലും പിന്നീടുണ്ടായ സുപ്രീംകോടതി വിധിയിലും ഇരകള്‍ക്ക് ആജീവനാന്ത ചികിത്സ ഉറപ്പാക്കണം എന്ന നിര്‍ദ്ദേശമുണ്ട്. പാലിയേറ്റീവ് കെയര്‍ സംവിധാനം ഒരുക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല. ഇരകള്‍ക്കായുള്ള ധനസഹായത്തിനുതന്നെ നിരന്തരമായ വ്യവഹാരങ്ങളും കോടതിയിടപെടലുകളും വേണ്ടിവന്നു. 6727 പേരാണ് സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെട്ട എന്‍ഡോസള്‍ഫാന്‍ ബാധിതര്‍. അഞ്ചുലക്ഷം വീതം നല്‍കാനാണ് സുപ്രീംകോടതി വിധി. പകുതിയോളം പേര്‍ക്ക് ഇനിയും തുക ലഭിച്ചിട്ടില്ല. നിരവധി തവണ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കേസ് നടത്തിയാണ് ധനസഹായം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. അഞ്ചുലക്ഷം ധനസഹായം കിട്ടുന്നുണ്ടല്ലോ എന്ന ആരോപണമാണ് ഇപ്പോള്‍ പലരും നേരിടേണ്ടിവരുന്നത് എന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരപ്രവര്‍ത്തകര്‍ പറയുന്നു. പണം കൊടുത്തുകൊണ്ട് മാത്രം തിരുത്താവുന്നതല്ല സര്‍ക്കാരും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ഈ ജനങ്ങള്‍ക്കുമേല്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ക്രൂരത. ഏറ്റവുമൊടുവിലുണ്ടായ കൊലപാതക-ആത്മഹത്യ സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ആരോഗ്യകരമായ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതാണ്.

ഈ ലേഖനം കൂടി വായിക്കാം 

നിങ്ങള്‍ക്ക് ഇതു തരാനേ നിവൃത്തിയുള്ളൂ എന്നു സര്‍ക്കാര്‍ പറഞ്ഞാല്‍ പിന്നെന്തു ചെയ്യും?
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ