നിലപാട്

അവസാനിപ്പിക്കൂ, ഈ വിചിത്ര രാഷ്ട്രീയം

അനില്‍ എസ്

പ്പൊ പൊട്ടും ഇപ്പൊ പൊട്ടും മട്ടില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാള് കുറച്ചായി. അരുത് സ്വാമീ കുടുംബം അനാഥമാക്കല്ലേയെന്നൊരു വശം. അയ്യോ മന്ത്രവാദീ പാതിയില്‍ നിര്‍ത്തി ചതിക്കല്ലേയെന്ന് മറു വശം. എന്നാ പിന്നെ തേങ്ങയുടക്ക് സ്വാമി എന്ന് മുട്ടി നില്‍ക്കുന്ന മാധ്യമങ്ങളും. അഭിനയത്തിളക്കം കൊണ്ട് അരങ്ങുകള്‍ സമ്പന്നമാക്കി അടുത്തിടെ വിടവാങ്ങിയ അനശ്വര കലാകാരന്‍  നെടുമുടി വേണുവിന്റെ ആ കഥാപാത്രത്തെ മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. വേണുവിന്റെ കൈയിലെ തേങ്ങയായിരുന്നു കഴിഞ്ഞാഴ്ച മലയാള മാധ്യമങ്ങളുടെ ഒരു പ്രധാന ചര്‍ച്ചാ വിഷയം.

പറഞ്ഞു വരുന്നത് മുല്ലപ്പെരിയാറിനെക്കുറിച്ചാണ്. ആണ്ടോടാണ്ട് നടന്നു വരാനുള്ള മഹോത്സവമെന്നൊക്കെ പറയാറുള്ളത് പോലെ വര്‍ഷാവര്‍ഷം നടക്കുന്ന മുല്ലപ്പെരിയാര്‍ ചര്‍ച്ചകള്‍ കേരളസമൂഹത്തില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നത്? കാലവര്‍ഷം കടുക്കുമ്പോള്‍ മാത്രം നടക്കുന്ന തികച്ചും ആത്മാര്‍ത്ഥതയില്ലാത്ത ചര്‍ച്ചകള്‍ക്കപ്പുറം ഈ വിഷയത്തിനൊരു ശാശ്വത പരിഹാരം വേണ്ടേ? 126 വര്‍ഷം പഴക്കമുള്ള, സുര്‍ക്കിയും ചുണ്ണാമ്പും കൊണ്ട് പണിതുയത്തിയ ഒരു അണക്കെട്ടിന് മേല്‍ ഇത്രയേറെ വാഗ്വാദങ്ങള്‍ ആവശ്യമുണ്ടോ? 'തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ' എന്ന ഏറ്റവും ലളിതമായ പരിഹാരം ഇത്രയേറെ നീണ്ടു പോകുന്നതെന്തുകൊണ്ടാണ്?

1886 ല്‍ തിരുവിതാംകൂര്‍ ദിവാനും മദ്രാസ് സെക്രട്ടറിയുമായി ഒപ്പു വച്ച 999 വര്‍ഷം കാലയളവുള്ള ഒരു ഉടമ്പടിയാണ് മുല്ലപ്പെരിയാര്‍ എന്ന സമസ്യയുടെ തുടക്കം. തമിഴ്‌നാട്ടിലെ തേനിയില്‍ കാര്‍ഷിക വൃത്തിക്ക് വേണ്ടി ജലസേചനാവശ്യപ്രകാരം കേരളത്തില്‍ അണക്കെട്ടു നിര്‍മ്മിക്കാന്‍ 8000 ഏക്കര്‍ വാടകക്ക് നല്‍കുന്നതായിരുന്നു കരാര്‍. ഉടമ്പടി പ്രകാരം തമിഴ്‌നാടിന് മുല്ലപ്പെരിയാറില്‍ നിന്ന് -മുല്ലയാറും പെരിയാറും
ഒത്തുചേരുന്ന തടം- തേനിയിലേക്ക് ജലസേചനാവശ്യ പ്രകാരം വെള്ളം കൊണ്ട് പോകാം. തമിഴ്‌നാടിന് പരമാധികാരം നല്‍കുന്ന കരാര്‍ സ്വാതന്ത്ര്യാനന്തരം 1970 ല്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ കാലത്ത് ഒന്നുകൂടി പുതുക്കി. വാടക നിരക്ക് പുതുക്കി നിശ്ചയിച്ചു. അത് പ്രകാരം തമിഴ്‌നാടിന് പെരിയാറിലെ വെള്ളം ജലസേചനത്തിന് മാത്രമല്ല വൈദ്യതി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാം.

സംസ്ഥാന രാജ്യാന്തര അതിര്‍ത്തികള്‍ ഏതു തന്നെയായാലും ഭൂമിയും വെള്ളവുമൊക്കെ മനുഷ്യരാശിയുടെ പൊതുസമ്പത്താണെന്ന പാരമ്പരാഗത സങ്കല്പമായിരുന്നിരിക്കണം ഒരു പക്ഷെ 999 വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒരു കരാറിന്റെ പിന്നില്‍. എന്നാല്‍ ജലസേചനത്തിന് വെള്ളം നല്‍കുമ്പോള്‍ തന്നെ അതിനു പിന്നിലുള്ള സുരക്ഷാ വശങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാനാകില്ല.

1979 മുതല്‍ തുടങ്ങിയതാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷ (അതോ സുരക്ഷയില്ലായ്മയോ?) കേരളം ചര്‍ച്ച ചെയ്യാന്‍. 1979 ല്‍ സുരക്ഷ മുന്‍നിര്‍ത്തി ഡാം ശക്തിപ്പെടുത്തണമെന്ന് കേരളം തമിഴ്‌നാടിനോടാവശ്യപ്പെട്ടു. മാത്രമല്ല ഡാമിന്റെ സുരക്ഷ പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ അയക്കണമെന്നും കേരളം കേന്ദ്ര ജല കമ്മീഷനോടാവശ്യപ്പെട്ടു.

തുടര്‍ന്നു വന്ന 42 വര്‍ഷങ്ങളില്‍ കേരളവും തമിഴ്‌നാടും മുല്ലപ്പെരിയാറിന് മേല്‍ പലവട്ടം ഏറ്റുമുട്ടി. നിയമത്തിന്റെ നൂലാമാലകള്‍ ഇഴ കീറി പരിശോധിച്ച് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റുമുട്ടിയപ്പോള്‍ പരിഭാന്തരായ ജനം സംസ്ഥാന അതിര്‍ത്തികളില്‍ പരക്കം പാഞ്ഞു. പ്രതിദിനം പുറത്തു വരുന്ന കിംവദന്തികളും വ്യാജ വാര്‍ത്തകളും രാഷ്ട്രീയ കോലാഹലങ്ങളും സൃഷ്ടിക്കുന്ന പരിഭ്രാന്തികള്‍ വേറെ. പലപ്പോഴും മാറിമാറി വരുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്കും ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ചില സെലിബ്രിറ്റികളുടെ ജല്പനങ്ങള്‍ക്കുമപ്പുറം വിഷയത്തില്‍ ശാസ്ത്രീയമായ ഇടപെടലുകള്‍ അധികം ഉണ്ടായില്ല.

കേരളത്തിന്റെ നിരന്തരമായ വാദങ്ങളും ജലനിരപ്പ് 136 അടിയില്‍ നിര്‍ത്തണമെന്ന ആവശ്യവും തള്ളിക്കൊണ്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന തമിഴ് നാടിന്റെ ആവശ്യം 2006 ല്‍ സുപ്രീം കോടതി അനുവദിച്ചു. കേരളം അതിനെതിരെ നിയമനിര്‍മ്മാണം നടത്തിയെങ്കിലും കോടതി അത് തള്ളിക്കളഞ്ഞു. ഇതിനിടയില്‍ സുപ്രീം കോടതി നിയോഗിച്ച പരമാധികാര സമിതി, കേന്ദ്ര ജല കമീഷന്‍, രണ്ട് സംസ്ഥാന  സര്‍ക്കാരുകള്‍ ഒക്കെ നിരന്തരം ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ഡാമില്‍ നിന്ന് നിരന്തരമായി ലീക്കുണ്ടെന്നും ബലക്ഷയമുണ്ടെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നു. അതിനിടയില്‍ മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ലെന്ന് ഐഐടി റൂര്‍ക്കീ പഠനവും പുറത്തുവന്നു.

കഴിഞ്ഞ ഏതാണ്ട് രണ്ട് ദശാബ്ദങ്ങളായി മുല്ലപ്പെരിയാര്‍ മലയാളികള്‍ക്ക് ഒരു പേടി സ്വപ്നമാണ്. 2018ലെ മഹാപ്രളയത്തിന് ശേഷം അണക്കെട്ടിനെ ചുറ്റിപ്പറ്റിയുള്ള ആധികള്‍ ഇരട്ടിച്ചിട്ടുണ്ട്. പെരിയാര്‍ അണക്കെട്ട് ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണെന്നത് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. അണക്കെട്ട് തകര്‍ന്നാല്‍ ഏതാണ്ട് നാല് ജില്ലകളിലെ 30 ലക്ഷത്തോളം ജനങ്ങളെ നേരിട്ട് ബാധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഒരുപക്ഷെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാകും അത്. മുല്ലപ്പെരിയാറിന്റെ തകര്‍ച്ച ഒരു പക്ഷെ മറ്റു അണക്കെട്ടുകളെയും ബാധിക്കാം

1975 ല്‍ ചൈനയില്‍ ഏതാണ്ട് രണ്ടരലക്ഷം പേര്‍ മരിച്ച, 10.15 ദശലക്ഷം ജനങ്ങളെ ബാധിച്ച ബാങ്കിയോ അണക്കെട്ട് ദുരന്തം ഒരു പാഠമായി നമുക്ക് മുന്നിലുണ്ട്. തമിഴ്‌നാടിന് വെള്ളം നല്‍കുക തന്നെ വേണം. അതേസമയം കേരളത്തിന് സുരക്ഷ ഉറപ്പാക്കുകയും വേണം. 2014ല്‍ കേരളം മുന്നോട്ടു വച്ച പുതിയൊരു ഡാം നിര്‍മാണം എന്ന ആശയം നടപ്പിലാക്കാന്‍ രാഷ്ട്രീയ ഭേദമന്യേ കേരളവും തമിഴ്‌നാടും ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണം. നിലവിലെ അണക്കെട്ട് ഡീ കമ്മിഷന്‍ ചെയ്യാനും പെരിയാറിന്റെ പരിസ്ഥിതി കണക്കിലെടുത്തുള്ള പുതിയൊരു സംവിധാനം നടപ്പിലാക്കാനും ഒട്ടും വൈകിക്കൂടാ. ഒപ്പം മുല്ലപ്പെരിയാറിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട് ജനങ്ങളെ അനാവശ്യ ഭീതിയിലാഴ്ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയും വേണം.

അതുവരെ നമുക്ക് അണക്കെട്ടിന് മേല്‍ രാഷ്ട്രീയം കളിക്കുന്നതൊഴിവാക്കാം. പ്രതിപക്ഷത്താകുമ്പോള്‍ മുല്ലപ്പെരിയാര്‍ ആശങ്കയുണര്‍ത്തുകയും ഭരണപക്ഷത്ത് വരുമ്പോള്‍ സുരക്ഷിതമാവുകയും ചെയ്യുന്ന വിചിത്രമായ രാഷ്ട്രീയം ഇനിയെങ്കിലും അവസാനിപ്പിച്ച പറ്റൂ. ദുരന്തങ്ങളെ നേരിടുന്നത്  മാത്രമല്ല ദുരന്തങ്ങളുണ്ടാകാതെ നോക്കുന്നതും സര്‍ക്കാരിന്റെ കടമയാണ്.

മാതൃത്വത്തിന്റെ രാഷ്ട്രീയം

ഇടശ്ശേരിയുടെ പൂതപ്പാട്ട് ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. 'പെറ്റ വയറ്റിനെ വഞ്ചിക്കുന്നൊരു പൊട്ടപ്പൂതമിതെന്നു കയര്‍ത്ത' അമ്മയെ നമുക്കെല്ലാം സുപരിചിതവുമാണ്. പക്ഷെ പെറ്റ വയറില്‍ മാത്രമൊതുങ്ങുന്നതാണോ മാതൃത്വം?

പേരൂര്‍ക്കടയിലെ അനുപമ സ്വന്തം കുഞ്ഞിന് വേണ്ടി നടത്തുന്ന പോരാട്ടം കേരളം കണ്ടുകൊണ്ടേയിരിക്കുന്നു കഴിഞ്ഞ രണ്ടാഴ്ചയായി. പിറന്നയുടനെ കുഞ്ഞിനെ പിരിഞ്ഞിരിക്കേണ്ടി വന്ന ഒരമ്മയുടെ വേദന ആര്‍ക്കും തള്ളിക്കളയാനാകില്ല. കുഞ്ഞിനെ അമ്മയുടെ സമ്മതമില്ലാതെ ദത്തിന് കൈമാറിയ (പുറത്തു വന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍) അനുപമയുടെ അച്ഛനമ്മമാരുടെ തീരുമാനം ഒരിക്കലും അംഗീകരിക്കാനുമാകില്ല. ശിശു ക്ഷേമ സമിതി ഇക്കാര്യത്തില്‍ അനാവശ്യ തിടുക്കം
കാട്ടിയെന്നതില്‍ സംശയയവുമില്ല.

എന്നാല്‍ നൊന്തു പ്രസവിച്ച അമ്മയുടേത് മാത്രമാണോ മാതൃത്വം? ദത്തെടുത്ത അച്ഛനമ്മമാര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു അവകാശവുമില്ലേ? വര്‍ഷങ്ങള്‍ കാത്തിരുന്നു കിട്ടിയ പൊന്നോമനയെ തിരിച്ചു കൊടുക്കേണ്ടി വരുമെന്നൊരാവസ്ഥ ഏതു മാതാപിതാക്കള്‍ക്കാണ് താങ്ങാന്‍ കഴിയുക? ദത്തെടുക്കുന്ന ദമ്പതികള്‍ക്കാണ് കുഞ്ഞിന് മേല്‍ അവകാശമെന്ന് കോടതികള്‍ പോലും വ്യക്തമാക്കിയിട്ടുണ്ട്.

പ്രസവിച്ച കുഞ്ഞിനെ കൈമാറാമെന്നും മാസങ്ങള്‍ക്ക് ശേഷം തിരിച്ചെടുക്കാമെന്നും വന്നാല്‍ ദത്തെടുക്കാന്‍ മുന്നോട്ട് വരുന്നവരുടെ അവസ്ഥ എന്താകും. ലക്ഷക്കണക്കിന് അനാഥക്കുഞ്ഞുങ്ങള്‍ പ്രതിദിനം പിറക്കുന്ന ഒരു ലോകത്തില്‍, ദശലക്ഷങ്ങള്‍ ആശ്രയത്തിനായ് കൈനീട്ടുന്ന ഒരു സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും. മാതൃത്വത്തിന്റെ രാഷ്ട്രീയം പറയുന്നവര്‍ അത് മറന്നു പോകരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും