രാജ്യാന്തരം

47 വര്‍ഷത്തെ ബന്ധത്തിന് അവസാനം; യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇനി ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല. 47 വര്‍ഷത്തെ ബന്ധത്തിന് ഔദ്യോഗികമായ പരിസമാപ്തി. വെള്ളിയാഴ്ച ബ്രിട്ടീഷ് പ്രാദേശിക സമയം രാത്രി 11 മണിക്കാണ് ബ്രെക്‌സിറ്റ് നടപ്പായത്. മൂന്നര വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ അട്ടിമറികള്‍ക്കും ശേഷമാണ് ബ്രെക്‌സിറ്റ് നടപ്പായത്.

ബ്രെക്‌സിറ്റ് നടപ്പിലായതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ ഒരുവിഭാഗം. അവര്‍ ബ്രിട്ടീഷ് പതാകയുമേന്തി തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തി. അതിനൊപ്പം പ്രതിഷേധവും ശക്തമാണ്. നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബ്രെക്‌സിറ്റ് ബ്രിട്ടന്റെ പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചു.

വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 11 മാസത്തെ സമയം ഉണ്ട്. ഡിസംബര്‍ 31 നാണ് പൂര്‍ണ അര്‍ത്ഥത്തില്‍ ബ്രെക്‌സിറ്റ് നടപ്പാകുക. അതുവരെ വ്യാപാരകരാറുകളും പൗരത്വവും നിലനില്‍ക്കും. പതിനൊന്ന് മാസത്തിനകം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുമായും മറ്റ് രാജ്യങ്ങളുമായും പുതിയ കരാറുകള്‍ രൂപീകരിക്കും.

ബ്രിട്ടന്‍ പുറത്തായതോടെ യൂറോപ്യന്‍ യൂണിയനില്‍ ഇനി 27 രാജ്യങ്ങളാണ് ഉള്ളത്. 2016ലാണ് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ജനഹിതപരിശോധനയിലൂടെ ബ്രിട്ടന്‍ തീരുമാനിച്ചത്. 2019 മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും കരാറില്‍ ധാരണയായില്ല. ഇതോടെയാണ് വിടുതല്‍ നീണ്ടത്. ലോകം ആകാംക്ഷയോടെയാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട ബ്രിട്ടനെ നോക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്. ബ്രിട്ടന് മറ്റു രാജ്യങ്ങളുമായി സ്വതന്ത്രമായി വ്യാപാരപങ്കാളിത്ത കരാറുകള്‍ ഉറപ്പിക്കാന്‍ ഇനി സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

സ്വർണ ഡ്രാ​ഗണായി ശോഭിത; കാനിൽ തിളങ്ങി താരം

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍

ഒളിംപിക്‌സ് മുന്നറിയിപ്പ്! ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം