രാജ്യാന്തരം

മുല്ല ബരാദര്‍ അഫ്ഗാനിസ്ഥാന്‍ ഭരണത്തലവനാകും ; മുല്ല യാക്കൂബും സ്റ്റാനക്‌സായിയും തന്ത്രപ്രധാന പദവികളില്‍ ; ഇറാന്‍ മോഡല്‍ ഭരണസംവിധാനമെന്നും റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍ : താലിബാന്‍ സഹസ്ഥാപകനും മുതിര്‍ന്ന നേതാവുമായ മുല്ല ബരാദര്‍ അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാരിനെ നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഭരണത്തലവനായി അബ്ദുള്‍ ഗനി ബരാദറിനെ തെരഞ്ഞെടുത്തതായാണ് വിവരം. സര്‍ക്കാരില്‍ മുതിര്‍ന്ന താലിബാന്‍ നേതാക്കളായ മുല്ല മുഹമ്മദ് യാക്കൂബ്, ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായി എന്നിവരും തന്ത്രപ്രധാന പദവികളില്‍ ഉണ്ടാകുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ മകനാണ് മുല്ല മുഹമ്മദ് യാക്കൂബ്. അഫ്ഗാനിസ്ഥാനിലെ ഭരണം  പിടിച്ചതിന് പിന്നാലെ താലിബാന്‍ നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയായിരുന്നു. വിദേശത്തായിരുന്ന മുല്ല ബരാദറും താലിബാന്റെ പരമോന്നത നേതാവ് മുല്ല ഹിബത്തുല്ല അഖുന്‍സാദയും ചര്‍ച്ചകള്‍ക്കായി കാബൂളിലെത്തിയിരുന്നു. 

ഗോത്രവിഭാഗങ്ങള്‍ക്കും, സ്ത്രീകള്‍ക്കും അടക്കം സര്‍ക്കാരില്‍ പരിഗണനയുണ്ടാകുമെന്നാണ് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.  ഉറുസുഗന്‍ പ്രവിശ്യയില്‍ 1968ലാണ് ബരാദര്‍ ജനിക്കുന്നത്. എണ്‍പതുകളില്‍ സോവിയറ്റ് യൂണിയന്‍ പിന്തുണയോടെ അധികാരത്തിലെത്തിയ നജീബുള്ള സര്‍ക്കാരിന് എതിരെ അഫ്ഗാന്‍ മുജാഹിദിന്‍ എന്ന സംഘടന രൂപീകരിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. 

1992ല്‍ സോവിയറ്റ് പിന്‍മാറ്റത്തോടെ അഫ്ഗാനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചപ്പോള്‍ ബരാദര്‍ സഹോദരനായ മുഹമ്മദ് ഒമറുമായി ചേര്‍ന്ന് കാണ്ഡഹാറില്‍ ഒരു മദ്രസ സ്ഥാപിച്ചു. പിന്നാലെ താലിബാന്‍ സ്ഥാപിതമായി. ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. 1996ല്‍ താലിബാൻ അഫ്​ഗാൻ ഭരണം പിടിച്ചപ്പോൾ, ആഭ്യന്തര സഹമന്ത്രിയായിരുന്നു ബരാദര്‍. 

2010ല്‍, സിഐഎ സമ്മര്‍ദത്തിന് വഴങ്ങി പാകിസ്ഥാന്‍ ബരാദറിനെ അറസ്റ്റ് ചെയ്തിരുന്നു. 2018ല്‍ ട്രംപിന്റെ മാറിയ അഫ്ഗാന്‍ നയത്തെ തുടര്‍ന്ന് അമേരിക്ക ബരാദറിനെ വിട്ടയക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള സമാധാന ചർച്ചയിൽ താലിബാന്റെ പ്രധാന ആവശ്യമായിരുന്നു ബരാദറിന്റെ മോചനം.  2018 ഒക്ടോബറില്‍ ബരാദർ ജയിൽ മോചിതനായി. തുടർന്ന് അമേരിക്കയുമായുള്ള മധ്യസ്ഥ ചർച്ചകളിൽ താലിബാന് നേതൃത്വം വഹിച്ചിരുന്നത് ബരാദറാണ്. 

ഇറാൻ മാതൃകയിലാകും അഫ്​ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപീകരിക്കുയെന്നും റിപ്പോർട്ടുണ്ട്.  പരമോന്നത നേതാവായി മുല്ലാ ഹിബത്തുല്ല അഖുൻസാദ (60)  സ്ഥാനമേൽക്കുമെന്നും അഫ്ഗാൻ പ്രസിഡന്റും മന്ത്രിസഭയും അദ്ദേഹത്തിനു കീഴിലായിരിക്കുമെന്നുമാണ് റിപ്പോർട്ട്. ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ പദവി. സൈന്യത്തിന്റെയും ജുഡീഷ്യറിയുടെയും സർക്കാരിന്റെയും തലവന്മാരെ നിയമിക്കുന്ന പരമോന്നത നേതാവാണ് രാഷ്ട്രീയ, മത, സൈനിക വിഷയങ്ങളിലും അവസാന വാക്ക്. അഫ്​ഗാനിസ്ഥാനിലെ സർക്കാർ രൂപീകരണ നീക്കങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം