രാജ്യാന്തരം

കീവ് പൂർണമായി വളഞ്ഞ് റഷ്യൻ സേന; വ്യോമാക്രമണ സൈറൺ; ചെറുത്തു നിന്ന് യുക്രൈൻ

സമകാലിക മലയാളം ഡെസ്ക്

കീവ്: യുക്രൈൻ തലസ്ഥാനമായ കീവ് പൂർണമായി വളഞ്ഞ് റഷ്യൻ സേന. ഒരു ഭാ​ഗത്ത് ചർച്ചകൾക്ക് വഴി തുറന്നെങ്കിലും റഷ്യ ആക്രമണത്തിന് കുറവ് വരുത്തിയിട്ടില്ല. തലസ്ഥാമായ കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി. 

പൂർണമായും റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ കീവിൽ സ്ഥിതി അതീവ ഗുരുതരമായി. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയർ പറഞ്ഞു. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയർ പറയുന്നു. 

അതേസമയം യുക്രൈൻ ചെറുത്തു നിൽപ്പും ശക്തമാക്കിയിട്ടുണ്ട്. പൊതുജനം ആയുധം കൈയിലെടുത്തിരിക്കുന്നു. മൊളട്ടോവ് കോക്ക്ടൈലെന്ന് വിളിക്കുന്ന പെട്രോൾ ബോംബുകളാണ് സാധാരണക്കാരുടെ പ്രധാന ആയുധങ്ങളിലൊന്ന്. പെട്രോളും ഡീസലും മണ്ണെണ്ണയും മദ്യവുമൊക്കെ കുപ്പിയിൽ നിറച്ചുണ്ടാക്കുന്ന ബോംബ് ആണിത്. 

അതിനിടെ യുക്രൈന് കൂടുതൽ യുദ്ധ സന്നാഹങ്ങൾ യൂറോപ്യൻ യൂണിയൻ നൽകും. ആയുധങ്ങളും യുദ്ധ വിമാനങ്ങളും ഉടൻ എത്തുമെന്ന് ഇയു വ്യക്തമാക്കി. 

തെക്കൻ യുക്രൈനിലെ ഖേഴ്സൻ നഗരം റഷ്യൻ സേന പിടിച്ചെടുത്തു. രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യൻ സൈന്യമെത്തി. കീവിന്റെ നിയന്ത്രണം തങ്ങൾക്കു തന്നെയാണെന്ന് യുക്രൈൻ വ്യക്തമാക്കി. രണ്ടു മണിക്കൂർ കൊണ്ട് കീവ് പിടിക്കുമെന്ന് പറഞ്ഞവർ എവിടെയെന്ന് യുക്രൈൻ പ്രതിരോധമന്ത്രി ചോദിച്ചു.

ജനവാസ കേന്ദ്രങ്ങളിലും ആക്രമണങ്ങൾ

കീവിലും ഖാർകീവിലും റഷ്യ ഉഗ്ര സ്ഫോടനങ്ങൾ നടത്തി. ജനവാസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. വ്യോമാക്രമണവും റഷ്യ ശക്തമാക്കി. ഒഖ്തിർക്കയിലുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ ആറ് വയസുകാരി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖാർകീവിലെ ഒൻപത് നില കെട്ടിടത്തിനു നേരെ റഷ്യൻ സൈന്യം വെടിയുതിർത്തതായും ഇതിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടു പുറത്തുവന്നിരുന്നു. മിസൈൽ പതിച്ച് വസിൽകീവിലെ ഇന്ധന സംഭരണ ശാലയ്ക്കും തീപിടിച്ചു. 

ഖാർകീവിൽ വാതക പൈപ്പ്‌ലൈന് നേരെയും ആക്രമണം ഉണ്ടായി. വിഷവാതകം ചോരുന്നതിനാൽ പ്രദേശവാസികൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്നു നേരത്തെ നിർദ്ദേശം നൽകിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍