മറുപടിക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ല;  മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th July 2018 11:59 PM  |  

Last Updated: 20th July 2018 11:59 PM  |   A+A-   |  

 


ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അവിശ്വാസ പ്രമേയത്തിനുള്ള പ്രധാമന്ത്രിയുടെ മറുപടി യാഥാര്‍ത്ഥ്യത്തോട് ഒട്ടും ചേര്‍ന്നു നില്‍ക്കുന്നതല്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രതിപക്ഷവും അദ്ദേഹത്തിന്റെ സ്വന്തം സഖ്യകക്ഷികളും ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ ഊന്നിയല്ല മോദി സംസാരിച്ചത് എന്നും യെച്ചൂരി പറഞ്ഞു. 

ഭരണഘടന സ്ഥാപനങ്ങളുടെയെല്ലാം നിലനില്‍പ്പ് അപകടത്തിലാണ്. വിവരാവകാശ നിയമത്തിന്റെ കഴുത്തു ഞെരിക്കുന്നു. ലോക്പാല്‍ എവിടെ? കള്ളപ്പണം ഇരട്ടിയായി. വാക്കുകളെക്കാള്‍ ഉച്ചത്തില്‍ പ്രവര്‍ത്തികള്‍ സംസാരിക്കുമെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. 

നേരത്തെ അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ബിജെപി സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിന് മറുപടി പറഞ്ഞ മോദി രാഹുലിനെയും കോണ്‍ഗ്രസിനെയും പരിഹസിക്കുകയും രാഹുല്‍ സൈന്യത്തെവരെ അപമാനിക്കുന്നു എന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു.