"ഇന്ന് ലെനിന്റെ പ്രതിമ ; തമിഴ്‌നാട്ടില്‍ തകര്‍ക്കേണ്ടത് പെരിയോറുടേത്" ; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് രാജ

തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എച്ച് രാജക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു 
"ഇന്ന് ലെനിന്റെ പ്രതിമ ; തമിഴ്‌നാട്ടില്‍ തകര്‍ക്കേണ്ടത് പെരിയോറുടേത്" ; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് രാജ


ചെന്നൈ :  ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതു പോലെ, തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പെരിയോര്‍ രാമസ്വാമി നായ്ക്കരുടെ പ്രതിമയാകും തകര്‍ത്തെറിയുകയെന്ന് ബിജെപി നേതാവ് എച്ച് രാജ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബിജെപി ദേശീയ സെക്രട്ടറിയുടെ വിവാദ പരാമര്‍ശം. 

ആരാണ് ലെനിന്‍. അയാള്‍ക്ക് ഇന്ത്യയുമായി എന്താണ് ബന്ധം. കമ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയുമായി എന്താണ് ബന്ധം. ലെനിന്റെ പ്രതിമ ത്രിപുരയില്‍ തകര്‍ക്കപ്പെട്ടു. ഇന്ന് ലെനിന്റെ പ്രതിമ, നാളെ തമിഴ്‌നാട്ടില്‍ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമ. എച്ച് രാജ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

രാജയുടെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി. വര്‍ഗീയ വിദ്വേഷം ഉയര്‍ത്തിവിടുന്ന പരാമര്‍ശം നടത്തിയ എച്ച് രാജക്കെതിരെ കേസെടുക്കണമെന്ന് ഡിഎംകെ, എംഡിഎംകെ, ഡ്രാവിഡ കഴകം, സിപിഎം, സിപിഐ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പെരിയോറിന്റെ പ്രതിമ തൊടാന്‍ ഒരാളും ധൈര്യപ്പെടില്ലെന്നായിരുന്നു ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ പ്രതികരണം. 

അക്രമം അഴിച്ചുവിടുന്ന പ്രസ്താവന നടത്തിയ എച്ച് രാജക്കെതിരെ ഗുണ്ട ആക്ട് പ്രകാരം കേസെടുക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. അതിനിടെ തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എച്ച് രാജക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാമര്‍ശം വിവാദമായതോടെ എച്ച് രാജ വിവാദ ട്വീറ്റ് അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്തിരുന്നു. 

ബിജെപി തമിഴ്‌നാട് സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് എസ് ജി സൂര്യയും സമാനമായ പരാമര്‍ശവുമായി രംഗത്തുവന്നു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ വിജയകരമായി തകര്‍ത്തിരിക്കുന്നു. തമിഴ്‌നാട്ടില്‍ രാമസ്വാമി നായ്ക്കരുടെ പ്രതിമ തകര്‍ക്കപ്പെടുന്നത് കാത്തിരിക്കാനാകുന്നില്ല എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com