എഴുതിവെച്ചോ, മുഖ്യമന്ത്രി ശിവസേനയില്‍ നിന്നുതന്നെ; നയം വ്യക്തമാക്കി സഞ്ജയ് റാവത്ത്

ശിവസേനയുടെ മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കണമെന്നാണ് ജനങ്ങള്‍ താല്‍പ്പര്യപ്പെടുന്നതെന്ന് സഞ്ജയ് റാവത്ത്
ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ


മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ശിവസേന ബിജെപി തര്‍ക്കം മുറുകുന്നു. മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് ശിവസേന. അടുത്ത മുഖ്യമന്ത്രി ശിവസേനയുടെതായിരിക്കുമെന്ന് വ്യക്തമാക്കി മുതിര്‍ന്ന പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. ഉദ്ദവ് താക്കറെ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അടുത്തമുഖ്യമന്ത്രി സേനയുടെതായിരിക്കും. മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി ശിവസേനയുടെതായിരിക്കും. വേണമെങ്കില്‍ എഴുതിവെച്ചോളു സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ശിവസേന വിചാരിച്ചാല്‍ മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപികരിക്കാനുള്ള പിന്തുണ ലഭിക്കും. ശിവസേനയുടെ മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കണമെന്നാണ് ജനങ്ങള്‍ താല്‍പ്പര്യപ്പെടുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന ബിജെപി അധികാര തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സോണിയഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപവത്കരണത്തിന് ശിവസേനയ്ക്ക് പുറത്തുനിന്നും പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്ന് റിപ്പോര്‍ട്ടുകള്‍

അധികാരം തുല്യമായി വീതിക്കുമെന്ന കരാറിനാണ് ജനങ്ങള്‍ വോട്ട് ചെയ്‌തെന്നാണ് ശിവസേനയുടെ വാദം. തങ്ങള്‍ ഉയര്‍ത്തിയ ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്നും ശിവസേന വ്യക്തമാക്കി. പാര്‍ട്ടി തീരുമാനിച്ചാല്‍ സര്‍ക്കാര്‍ രൂപികരിക്കാനുള്ള പിന്തുണ ലഭിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.  കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ശിവസേന നിലപാട് കടുപ്പിച്ചത്.

ശിവസേനക്ക് 56 സീറ്റും, എന്‍.സി.പിക്കും കോണ്‍ഗ്രസിനും 54 ഉം 44 ഉം സീറ്റുകളുമാണ് നിലവില്‍ ഉള്ളത്. സര്‍ക്കാര്‍ രൂപികരിക്കാന്‍ 145 എം.എല്‍.എമാരുടെ പിന്തുണയാണ് ആവശ്യം. ഒറ്റക്ക് ഭരിക്കാനുള്ള അംഗബലം ഉണ്ടെങ്കില്‍ ബിജെപി ഭരിക്കട്ടെ തങ്ങള്‍ക്ക് തിടുക്കമില്ലെന്ന നിലപാടാണ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ ഉദ്ധവ് താക്കറെ സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com