ഡല്‍ഹിയിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം; അഞ്ചു സംസ്ഥാനങ്ങളില്‍ നിയന്ത്രണം  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2021 09:59 AM  |  

Last Updated: 24th February 2021 09:59 AM  |   A+A-   |  

covid testing

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 26 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വിമാനം, ട്രെയിന്‍ എന്നി ഗതാഗത മാര്‍ഗങ്ങള്‍ വഴി രാജ്യതലസ്ഥാനത്ത് എത്തുന്ന ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റോഡുവഴി വരുന്നവര്‍ക്ക് നിയന്ത്രണം ഇല്ല. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം. ഈ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നേരത്തെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പൂരിലേക്കും മഹാരാഷ്ട്രയിലേക്കും എത്തുന്നവര്‍ക്ക് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവുള്ളവര്‍ മാത്രം വന്നാല്‍ മതി എന്നാണ് അറിയിപ്പ്.