തെരഞ്ഞെടുപ്പിന് മുന്‍പ് വമ്പന്‍ പദ്ധതികളുമായി ബിജെപി; യുപിയില്‍ ഒരു ജില്ലയില്‍ ആയിരം വീടുകള്‍, താക്കോല്‍ നല്‍കി മോദി

ഉത്തര്‍പ്രദേശിലെ 75 ജില്ലകളിലായാണ് വീടുകള്‍ നല്‍കിയിരിക്കുന്നത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ


ലഖ്‌നൗ: തെരഞ്ഞെടുപ്പിന് മുന്‍പായി ഉത്തര്‍പ്രദേശില്‍ വമ്പന്‍ പദ്ധതികളുമായി ബിജെപി. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി ഉത്തര്‍പ്രദേശില്‍ 75,000വീടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി. ഉത്തര്‍പ്രദേശിലെ 75 ജില്ലകളിലായാണ് വീടുകള്‍ നല്‍കിയിരിക്കുന്നത്. ഒരു ജില്ലയില്‍ ആയിരം വീടുകളാണ് നല്‍കിയിരിക്കുന്നത്. 

ലഖ്‌നൗവില്‍ ഓണ്‍ലൈനായി നടന്ന ചടങ്ങില്‍, വീടുകള്‍ ലഭിച്ചവരോട് മോദി സംവദിക്കുകയും ചെയ്തു. 75 വികസന പദ്ധതികളുടെ തറക്കല്ലിടല്‍ പരിപാടിയും മോദി ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് വമ്പന്‍ പദ്ധതികളുടെ ഉദ്ഘാടനവും വീട് കൈമാറ്റ ചടങ്ങും നടന്നത്. 

ലഖ്‌നൗ, കാന്‍പുര്‍, വാരണാസി, പ്രയാഗ്‌രാജ്, ഗൊരഖ്പുര്‍, ഝാന്‍സി, ഗാസിയാബാദ് എന്നീ നഗരങ്ങലില്‍ ഫെയിം ടു പദ്ധതിയുടെ ഭാഗമായി 75 ബസ്സുകളും അനുവദിച്ചു. നഗരവികസന-ഹൗസിങ് മന്ത്രാലയത്തിന്റെ കീഴിലെ 75 പദ്ധതികളുടെ രൂപരേഖയും പ്രധാമന്ത്രി പുറത്തിറക്കും.

പ്രധാമന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴില്‍ 17 ലക്ഷം വീടുകള്‍ അനുവദിച്ചിട്ടുള്ളതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. എട്ടുലക്ഷം പേര്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. 

2004-14വര്‍ഷത്തില്‍ 1.57കോടി രൂപ മാത്രമാണ് നഗരസവികസന പദ്ധതികള്‍ക്കായി നിക്ഷേപിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ ഇത് ഏഴ് മടങ്ങ് വര്‍ദ്ധിച്ചെന്നും നിലവില്‍ 11.83കോടിയില്‍ എത്തി നില്‍ക്കുകയാണെന്നും പുരി അവകാശപ്പെട്ടു. 

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചു കയറുകയും തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ 9പേര്‍ കൊല്ലപ്പെടുകയും ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേങ്ങള്‍ യുപിയിലും രാജ്യത്തും നടക്കുന്നതിനിടെയാണ്, വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി മോദി ലഖ്‌നൗവില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com