ബിഹാര്‍ നിയമസഭ സ്പീക്കര്‍ രാജിവെച്ചു; നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്

. 243 അംഗ ബിഹാര്‍ നിയമസഭയില്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് 164 എംഎല്‍എമാരുടെ പിന്തുണയുണ്ട്
വിജയ് കുമാര്‍ സിന്‍ഹ/ എഎന്‍ഐ
വിജയ് കുമാര്‍ സിന്‍ഹ/ എഎന്‍ഐ

പട്‌ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടു തേടാനിരിക്കെ, നിയമസഭ സ്പീക്കര്‍ രാജിവെച്ചു. ബിജെപി അംഗമായ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയാണ് രാജിവെച്ചത്. ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സ്പീക്കര്‍ക്കെതിരെ സഖ്യം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു.

രാജിവെക്കില്ലെന്നായിരുന്നു നേരത്തെ വിജയ് കുമാര്‍ സിന്‍ഹ നിലപാട് സ്വീകരിച്ചിരുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് സിന്‍ഹ പറഞ്ഞു. എംഎല്‍എമാര്‍ നല്‍കിയ അവിശ്വാസ നോട്ടീസ് വ്യക്തമല്ലെന്നും, നിയമപ്രകാരമുള്ളതല്ലെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു.

സ്പീക്കര്‍ രാജിവെച്ചതോടെ ഡെപ്യൂട്ടി സ്പീക്കറുടെ അധ്യക്ഷതയിലാകും വിശ്വാസവോട്ടെടുപ്പ് നടക്കുക. ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് അവധ് ബിഹാരി ചൗധരിയെ പുതിയ സ്പീക്കറാക്കാനാണ് ധാരണയായിട്ടുള്ളത്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് 164 എംഎല്‍എമാരുടെ പിന്തുണയുണ്ട്.

അതിനിടെ വിശ്വാസവോട്ട് ഇന്നുനടക്കാനിരിക്കെ, ആര്‍ജെഡിയുടെ രണ്ടു നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. രാജ്യസഭ എം.പി അഹ്മദ് അഷ്ഫാഖ് കരീം, എംഎല്‍സി സുനില്‍ സിങ് എന്നീ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.

ലാലുപ്രസാദ് യാദവ് ഒന്നാം യുപിഎ സര്‍ക്കാറില്‍ റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നടന്ന 'ജോലിക്ക് ഭൂമി' റെയില്‍വേ ജോലി അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. വിശ്വാസവോട്ടെടുപ്പിന് മുമ്പ് എംഎല്‍എമാരെ ഭയപ്പെടുത്തുക ലക്ഷ്യമിട്ടാണ് റെയ്ഡ് നടത്തുന്നതെന്ന് ആര്‍ജെഡി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com