'ഇത് സര്‍ക്കാര്‍ നടത്തിയ കൊലപാതകം; സുരക്ഷ പിന്‍വലിച്ചവരുടെ വിവരങ്ങള്‍ പരസ്യമാക്കി':എഎപി സര്‍ക്കാരിനെ പിടിച്ചുകുലുക്കി ഗായകന്റെ കൊലപാതകം

ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന് പിന്നാലെ എഎപി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
ഭഗവന്ത് മാന്‍,അരവിന്ദ് കെജരിവാള്‍/ട്വിറ്റര്‍
ഭഗവന്ത് മാന്‍,അരവിന്ദ് കെജരിവാള്‍/ട്വിറ്റര്‍

അമൃത്സര്‍: ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന് പിന്നാലെ എഎപി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സിദ്ദു ഉള്‍പ്പെടെ 424 പ്രമുഖരുടെ സുരക്ഷ കഴിഞ്ഞദിവസം പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദുവിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. 

സിദ്ദുവിന്റെ കൊലപാതകത്തില്‍ ഞെട്ടിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. 'കോണ്‍ഗ്രസ് നേതാവും കലാകാരനുമായ സിദ്ദു മൂസേവാലയുടെ കൊലപാതകം ഞെട്ടിച്ചു. ലോകത്താകെയുള്ള അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടെ ദുഖത്തില്‍ പങ്കുചേരുന്നു'രാഹുല്‍ കുറിച്ചു. 

അതേസമയം, ബിജെപിയും അകാലിദളും രൂക്ഷ പ്രതികരണവുമായാണ് രംഗത്തുവന്നത്. സിദ്ദുവിന്റേത് 'സ്റ്റേറ്റ് സ്‌പോണ്‍സേഡ്' കൊലപാതകമാണെന്ന് എസ്എഡി നേതാവ് ദല്‍ജിത് സിങ് ചീമ പറഞ്ഞു. 

'സിദ്ദുവിന്റെ കൊലപാതകം രാജ്യത്തെ ഞെട്ടിച്ചു. ഇത് സ്റ്റേറ്റ് സ്‌പോണ്‍സേഡ് കൊലപാതകമായി കണക്കാക്കണം. ആദ്യം 400 പേരുടെ സുരക്ഷ പിന്‍വലിച്ചു. എന്നിട്ട് ഇവരുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പ്രസിദ്ധീകരിച്ചു. ഇത് കുറ്റകരമായ അശ്രദ്ധയാണ്. മുഖ്യമന്ത്രി രാജിവയ്ക്കണം'അദ്ദേഹം പറഞ്ഞു. 

അരവിന്ദ് കെജരിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെയും വൃത്തികെട്ട രാഷ്ട്രീയം കാരണമാണ് സിദ്ദു കൊല്ലപ്പെട്ടത് എന്നാണ് ബിജെപി നേതാവ് മന്‍ജിന്തര്‍ സിങ് സിര്‍സ പ്രതികരിച്ചത്. പ്രമുഖരുടെ സുരക്ഷ പിന്‍വലിക്കുന്നതും അവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും അപകടരമാണെന്ന് താന്‍ മുന്നറിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ഗായകന്റെ കൊലപാതകത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായി സംസാരിച്ചതായി എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ പറഞ്ഞു. കുറ്റക്കാര്‍ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നും എല്ലാവരും സംയമനം പാലിക്കണമെന്നുമാണ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രതികരിച്ചത്. 

ശനിയാഴചയാണ് 424 പ്രമുഖരുടെ സുരക്ഷ പഞ്ചാബ് പൊലീസ് പിന്‍വലിച്ചത്. 'അടിയന്തര ക്രമസമാധാന ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് താല്‍ക്കാലിക അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയാണ്' എന്ന് സുരക്ഷാ ചുമതലയുള്ള എഡിജിപി പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. 

ഭഗവന്ത് മാന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ, മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ള നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചാ നടപടിയെന്ന നിലയിലാണ് കൂടുതല്‍ ആളുകളുടെ സുരക്ഷ പിന്‍വലിച്ചത്. 

സിഖ് മത കേന്ദ്രമായ തക്ത്തുകളുടെ മേധാവിമാരും ദേരകളുടെ തലവന്‍മാരും പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷ പിന്‍വലിച്ചവരുടെ കൂട്ടത്തിലുണ്ട്. ഭതിണ്ഡയിലെ ദാംദമ സാഹിയ് തക്ത്തിന്റെ മേധാവിയായ ജിയാനി ഹര്‍പ്രീത് സിങും ആനന്ത്പുരിലെ കേസ്ഘര്‍ സാഹിബ് തക്ത്തിന്റെ മേധാവിയായ ജിയാനി രഘുബിര്‍ സിങ്ങും സുരക്ഷ സൗകര്യങ്ങള്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

മുന്‍ മന്ത്രി തിക്ഷണ്‍ സൂദ്, മുന്‍ നിയമസഭ സ്പീക്കര്‍ റാണാ കെ പി സിങ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അജൈബ് സിങ് ഭട്ടി, അകാലിദളിന്റെ എംഎല്‍എ ഗണേവ് കൗര്‍ മജിതിയ, കോണ്‍ഗ്രസ് എംഎല്‍എ പര്‍ഗത് സിങ്,എഎപി എംഎല്‍എ മദന്‍ ലാല്‍ ബഗ്ഗ എന്നിവരുടെ സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്.

ഏഴ് കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാരുടെയും ബിജെപിയുടെ ഒരു മുന്‍ എംഎല്‍എ, എസ്എഡിയുടെ മൂന്ന് മുന്‍ എംഎല്‍എമാരുടെയും രണ്ട് എഎപി മുന്‍ എംഎല്‍എമാരുടെയും സുരക്ഷ പിന്‍വലിച്ചു. എഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും മുന്‍ പൊലീസ് മേധാവിമാരുടെയും സുരക്ഷയും പിന്‍വലിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com