മംഗലൂരു ഓട്ടോ സ്‌ഫോടനം: അന്വേഷണം കേരളത്തിലേക്കും; ഷാരിഖ് ആലുവയിലെത്തി തങ്ങി, സ്‌ഫോടകവസ്തു എത്തിയത് കേരളത്തില്‍? 

ന​ഗരത്തിൽ വൻ സ്ഫോടനത്തിനാണ് സംഘം പദ്ധതിയിട്ടതെന്ന് കർണാടക പൊലീസ് വ്യക്തമാക്കി
ഓട്ടോ സ്‌ഫോടനം, ഷാരിഖ്/ എഎന്‍ഐ
ഓട്ടോ സ്‌ഫോടനം, ഷാരിഖ്/ എഎന്‍ഐ

മംഗലൂരു: മംഗലൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം കേരളത്തിലേക്കും. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് ആലുവയിലും എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആലുവയില്‍ ഒരു ഹോട്ടലില്‍ താമസിച്ചിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി. 

പിടിയിലായ ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് കര്‍ണാടക പൊലീസ് പറഞ്ഞു. ഐഎസിനോട് കടുത്ത ആഭിമുഖ്യമുള്ളയാളായിരുന്നു ഷാരിഖ്. ഡാര്‍ക്ക് വെബ് വഴിയാണ് കൂട്ടാളികളുമായി ഇയാള്‍ ബന്ധപ്പെട്ടത്. ഇയാള്‍ ബന്ധപ്പെട്ടവരില്‍ ഒരു സംഘടന ഐഎസ് ആഭിമുഖ്യമുള്ള അല്‍ ഹിന്ദ് ആണെന്നും കര്‍ണാടക പൊലീസ് എഡിജിപി അലോക് കുമാര്‍ പറഞ്ഞു. 

ഷാരിഖ് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. മംഗലാപുരം നഗരത്തില്‍ വലിയ സ്‌ഫോടനത്തിനാണ് ഇയാള്‍ പദ്ധതിയിട്ടത്. എന്നാല്‍ അബദ്ധത്തില്‍ ഓട്ടോറിക്ഷയില്‍ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് കര്‍ണാടക പൊലീസിന്റെ നിഗമനം. മംഗലൂരുവിലെ സ്‌ഫോടനത്തിന് പിന്നില്‍ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കും പങ്കുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.  

ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശി സുരേന്ദ്രന്‍ എന്നയാളും കസ്റ്റഡിയില്‍ ഉണ്ടെന്ന് എഡിജിപി പറഞ്ഞു. സ്‌ഫോടനത്തിന് ഉപയോഗിച്ച വെടിമരുന്നില്‍ മുഖ്യഘടകം പൊട്ടാസ്യം നൈട്രേറ്റാണ്. സ്‌ഫോടനത്തിനുള്ള സാധനസാമഗ്രികള്‍ വാങ്ങിയത് ഓണ്‍ലൈന്‍ വഴിയാണ്. ഇവ പിന്നീട് വാടക വീട്ടില്‍ വെച്ച് യോജിപ്പിച്ച് ബോംബ് ഉണ്ടാക്കുകയായിരുന്നു. 

പൊതുസ്ഥലത്ത് ആക്രമണം നടത്താനായിരുന്നു സംഘം പദ്ധതിയിട്ടത്. ഇതിനായി നഗുരി ബസ് സ്റ്റാന്റ് തെരഞ്ഞെടുത്തു. എന്നാല്‍ ഓട്ടോറിക്ഷയില്‍ വെച്ച് അപ്രതീക്ഷിതമായി ബോംബ് പൊട്ടുകയായിരുന്നു. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന. വീട്ടില്‍ നിന്നും ബോംബ് നിര്‍മ്മാണത്തിനുള്ള സാമഗ്രികളും നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. 

മുഖ്യപ്രതി ഷാരിഖ് ഐഎസ് വേഷം ധരിച്ച് പ്രഷര്‍ കുക്കര്‍ ബോംബിന്റെ മോഡലും പിടിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രവും അന്വേഷണത്തിന് ലഭിച്ചിട്ടുണ്ട്. നേരത്തെ കോയമ്പത്തൂരില്‍ നടന്ന സ്‌ഫോടനത്തിന് മുമ്പ് ഷാരിഖ് കോയമ്പത്തൂരിലും ചെന്നിരുന്നു. തമിഴ്‌നാട്ടില്‍ പലയിടങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്നു. സ്‌ഫോടനത്തിനുള്ള വസ്തുക്കള്‍ ഓണ്‍ലൈനായി കേരളത്തിലെ ഒരു വിലാസത്തിലാണ് എത്തിയിരുന്നതെന്നും പൊലീസിന് സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com