പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 700 കോടിയുടെ തട്ടിപ്പ്, ഇരയായത് 15,000 ഇന്ത്യക്കാര്‍; ക്രിപ്‌റ്റോ കറന്‍സിയാക്കി ദുബൈ വഴി ചൈനയിലേക്ക്, ഞെട്ടിക്കുന്ന കണ്ടെത്തല്‍

പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്. ചൈന കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ 15,000 ഇന്ത്യക്കാരുടെ കോടികളാണ് നഷ്ടമായത്. ഒരു വര്‍ഷത്തിനുള്ളില്‍ 700 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി ഹൈദരാബാദ് പൊലീസ് ആണ് കണ്ടെത്തിയത്. തട്ടിയെടുത്ത പണം ദുബൈ വഴി ചൈനയിലേക്കാണ് പോയത്. ലെബനന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ അക്കൗണ്ടിലേക്കും പണം കൈമാറ്റം ചെയ്യപ്പെട്ടതായും ഹൈദരാബാദ് പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറുപേരെ കൂടി പിടികൂടാനുണ്ടെന്നും ഹൈദരാബാദ് പൊലീസ് അറിയിച്ചു.

ഏപ്രിലിലാണ് ഹൈദരാബാദ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. 28 ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് ഒരാള്‍ നല്‍കിയ പരാതിയാണ് അന്വേഷണത്തിന്റെ തുടക്കം. വിശദമായി അന്വേഷിച്ചപ്പോള്‍ നിരവധിപ്പേര്‍ തട്ടിപ്പിന് ഇരയായതായി കണ്ടെത്തി. നിക്ഷേപത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി എന്ന പേരില്‍ മോഹന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തുടക്കത്തില്‍ യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുക, ഗൂഗിള്‍ റിവ്യൂകള്‍ എഴുതുക തുടങ്ങിയ ചെറിയ ജോലികള്‍ നല്‍കിയാണ് കെണിയില്‍ വീഴ്ത്തുന്നത്. വര്‍ക്ക് പൂര്‍ത്തിയായാല്‍ പണം പൂര്‍ണമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നത്. ടെലിഗ്രാം, വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

5000 രൂപ വരെ നിക്ഷേപിച്ചവര്‍ക്ക് ഇരട്ടി വരെ നല്‍കിയാണ് തുടക്കത്തില്‍ തട്ടിപ്പുകാര്‍ വിശ്വാസത്തിലെടുക്കുന്നത്. ആദ്യ ടാസ്‌ക് പൂര്‍ത്തിയാക്കുമ്പോഴാണ് പണം നല്‍കുന്നത്. തുടര്‍ന്ന് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തുടക്കത്തില്‍ തന്നെ വലിയ റിട്ടേണ്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ ഏഴും എട്ടു ഇടപാടുകളിലായി ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. നിക്ഷേപിച്ചത് വഴി നേടിയ സമ്പാദ്യം എന്ന് കാണിക്കാന്‍ വ്യാജ വിന്‍ഡോയും തട്ടിപ്പുകാര്‍ സൃഷ്ടിച്ചു. ഇത്  കാണിച്ച് വിശ്വാസത്തിലെടുത്താണ് തട്ടിപ്പ്. എന്നാല്‍ ടാസ്‌ക് പൂര്‍ത്തിയാക്കാതെ പണം പിന്‍വലിക്കാന്‍ കഴിയുകയില്ലെന്ന വ്യവസ്ഥയും തട്ടിപ്പുകാര്‍ മുന്നോട്ടുവെയ്ക്കും. ഇത്തരത്തില്‍ 113 ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത് 700 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഹൈദരാബാദ് പൊലീസിന്റെ കണ്ടെത്തല്‍. 

ഇത്തരത്തില്‍ തട്ടിയെടുക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റി ദുബൈ വഴി ചൈനയിലേക്കാണ് അയക്കുന്നത്. തട്ടിപ്പിനായി ഇന്ത്യന്‍ സിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ തുറന്നത്. ചൈന കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും ഹൈദരാബാദ് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com