ഇടതുമുന്നണി പ്രവേശനത്തില്‍ ജെഡിയു ഇന്ന് നിലപാട് പ്രഖ്യാപിക്കും ; പച്ചക്കൊടിയുമായി സിപിഎമ്മും സിപിഐയും 

യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിയില്‍ ചേരാന്‍ ഇന്നലെ ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തിരുന്നു.
ഇടതുമുന്നണി പ്രവേശനത്തില്‍ ജെഡിയു ഇന്ന് നിലപാട് പ്രഖ്യാപിക്കും ; പച്ചക്കൊടിയുമായി സിപിഎമ്മും സിപിഐയും 

തിരുവനന്തപുരം : മുന്നണി മാറ്റത്തില്‍ എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് ഇന്ന് നിലപാട് പ്രഖ്യാപിക്കും. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിയില്‍ ചേരാന്‍ ഇന്നലെ ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തിരുന്നു. മുന്നണി മാറ്റത്തെ എതിര്‍ത്തിരുന്ന കെപി മോഹനന്‍ അടക്കമുള്ളവരുടെ യോജിപ്പോടെയാണ് സെക്രട്ടേറിയറ്റ് എല്‍ഡിഎഫ് പ്രവേശനക്കാര്യത്തില്‍ തീരുമാനമെടുത്തത്. പാര്‍ട്ടിയിലെ 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ പിന്തുണച്ചു. 

സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ ഇന്നത്തെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കും. സംസ്ഥാന കൗണ്‍സില്‍ യോഗശേഷം എംപി വീരേന്ദ്രകുമാര്‍ ഇടതുമുന്നണി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കും. മുന്നണി മാറ്റം ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് അറിയിച്ചു. ദേശീയതലത്തില്‍ ശരദ് യാദവിനൊപ്പമായിരുക്കും പാര്‍ട്ടിയെന്നും വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 

മുന്നണി മാറാന്‍ തീരുമാനമെടുത്തതിന് പിന്നാലെ ജെഡിയു നേതാവ് എംവി ശ്രേയാംസ്‌കുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനെയും കണ്ട് ചര്‍ച്ച നടത്തി. ജെഡിയുവിന് എല്‍ഡിഎഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ശ്രേയാംസ്‌കുമാര്‍ ഇരുനേതാക്കളെയും അറിയിച്ചു. ജെഡിയുവിന് മുന്നില്‍ വാതില്‍ അടക്കില്ലെന്ന് ചര്‍ച്ചക്ക് ശേഷം കോടിയേരി അറിയിച്ചു. സീറ്റ് ഉള്‍പ്പെടെ ഒരു ഉപാധിയും ജെഡിയു മുന്നോട്ടുവെച്ചിട്ടില്ല. പ്രായോഗികമായ മറ്റുകാര്യങ്ങല്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. 

ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനത്തെ സിപിഐയും എതിര്‍ക്കില്ല. അതിനിടെ എല്‍ഡിഎഫില്‍ ചേരാനുള്ള ജെഡിയുവിന്റെ  തീരുമാനത്തെ യുഡിഎഫ് വിമര്‍ശിച്ചു. വീരേന്ദ്രകുമാറിന്റെ വ്യക്തിതാല്‍പ്പര്യമാണ് മുന്നണി മാറ്റത്തിന് പിന്നിലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ കുറ്റപ്പെടുത്തി. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വീരേന്ദ്രകുമാറും കൂട്ടരും എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com