പ്രതിപക്ഷ ബഹളം : സഭ ഇന്നത്തേക്ക് പിരിഞ്ഞു

ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ റദ്ദാക്കി
പ്രതിപക്ഷ ബഹളം : സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ റദ്ദാക്കി. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ തന്നെ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു. പ്ലക്കാര്‍ഡും ബാനറുകളും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. ചോദ്യോത്തര വേളയില്‍ പ്രളയദുരിതാശ്വാസ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുമ്പോഴായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം. 

കോണ്‍ഗ്രസ് അംഗങ്ങളായ ഐ സി ബാലകൃഷ്ണനും അന്‍വര്‍ സാദത്തും സ്പീക്കറുടെ ഡയസ്സിലേക്ക് കയറാന്‍ ശ്രമിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ ത്‌ന്നെയാണ് ഇവരെ നിയന്ത്രിച്ചത്. ശബരിമലയില്‍ ഭക്തരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. വര്‍ഗീയശക്തികള്‍ക്ക് വളരാന്‍ സര്‍ക്കാര്‍ വളം നല്‍കുകയാണ് ചെയ്യുന്നതെന്നും യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.  

പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തി വെച്ചു.  പിന്നീട് സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ശബരിമലയിലെ നിരോധനാജ്ഞയില്‍ അടിയന്തര പ്രമേയ നോട്ടീസ് അംഗീകരിക്കാന്‍ തീരുമാനിച്ചത്.

ശബരിമലയില്‍ രാഷ്ട്രീയലക്ഷ്യം വെച്ച് ഇടപെടല്‍ നടക്കുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ശബരിമലയിലെ യുവതീപ്രവേശന വിധിയെ എല്ലാവരും ആദ്യം അംഗീകരിച്ചിരുന്നു. സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഭക്തരെന്ന നാട്യത്തില്‍ ഒരു വിഭാഗം ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലേക്ക് സാഹചര്യങ്ങള്‍ വന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടായപ്പോഴാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നത്. സുപ്രിംകോടതി വിധി തങ്ങള്‍ക്ക് ബാധകമല്ല എന്നു പറഞ്ഞ് നിയമം കയ്യിലെടുക്കാന്‍ ആരെങ്കിലും വന്നാല്‍ കയ്യും കെട്ടി നോക്കിയിരിക്കാന്‍ അവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോര വീഴ്ത്താത്ത സമാധാന അന്തരീക്ഷത്തിനാണ് സര്‍ക്കാര്‍ നടപടികള്‍. അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കാനാവില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമലയിലെയും പരിസരപ്രദേശത്തെയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല. അക്രമസാധ്യത ഉള്ളിടത്തോളം നിയന്ത്രണങ്ങളും തുടരും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനാണ്. നടപ്പന്തല്‍ കേന്ദ്രമാക്കി സമരം നടത്താനുള്ള നീക്കമാണ് പൊലീസ് തടഞ്ഞത്. നടപ്പന്തല്‍ സന്നിധാനത്തിന്റെ ഹൃദയഭൂമിയാണ്. ഇത് സമരഭൂമിയാക്കി മാറ്റാന്‍ അനുവദിക്കില്ല. ശബരിമലയെ അയോധ്യയാക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിച്ചത്. അയോധ്യയില്‍ സംഭവിച്ചത് തന്നെയാണ് ശബരിമലയിലും സംഭവിച്ചത്. അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും  മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമലയിലെ ഭക്തര്‍ക്ക് പിന്തുണ അര്‍പ്പിച്ച് പിസി ജോര്‍ജ്ജും, ഒ രാജഗോപാലും കറുത്ത വസ്ത്രം ധരിച്ചാണ് സഭയിലെത്തിയത്. സഭയില്‍ പി സി ജോര്‍ജ്ജിന്റെ ജനപക്ഷവും ബിജെപിയും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്നലെ തീരുമാനമെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് അംഗം റോഷി അഗസ്റ്റിനും കറുത്ത വസ്ത്രം അണിഞ്ഞാണ് സഭയിലെത്തിയത്. അയോഗ്യത കേസില്‍ സുപ്രിംകോടതി സ്‌റ്റേ അനുവദിച്ചതോടെ, അഴീക്കോട് എംഎല്‍എ കെ എം ഷാജി നിയമസഭയിലെത്തി. കൈയടിയോടെയാണ് പ്രതിപക്ഷം ഷാജിയെ വരവേറ്റത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com