​ഗവർണറുടെ സുരക്ഷയ്ക്കെത്തിച്ച പൊലീസ് നായ ചത്തു

ഗവർണറുടെ യാത്രാ വഴിയിൽ സുരക്ഷ ഒരുക്കാനെത്തിച്ച പൊലീസ് നായ ചത്ത നിലയിൽ
​ഗവർണറുടെ സുരക്ഷയ്ക്കെത്തിച്ച പൊലീസ് നായ ചത്തു

ആലപ്പുഴ: ഗവർണറുടെ യാത്രാ വഴിയിൽ സുരക്ഷ ഒരുക്കാനെത്തിച്ച പൊലീസ് നായ ചത്ത നിലയിൽ. ആലപ്പുഴ ബോംബ് ഡിറ്റക്‌ഷൻ ആൻഡ് ആന്റി സബോട്ടാഷ് ചെക്കിങ് സംഘത്തിലെ നായ മൂന്ന് വയസുകാരൻ ജൂഡോ എന്ന ബ്ലാക്കി ആണ് ചത്തത്. സ്‌ക്വാഡിന്റെ വാനിലാണ് ചത്ത നിലയിൽ നായയെ കണ്ടത്.

കടുത്ത ചൂടു മൂലമുള്ള ഹീറ്റ് സ്‌ട്രോക്ക് ആകാം മരണകാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. എംസി റോഡ് വഴി കോട്ടയത്തേക്കു ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ വാഹന വ്യൂഹം കടന്നു പോകുന്നതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കാണു ലാബ്രഡോർ ഇനത്തിൽപ്പെട്ട ജൂഡോയെ എത്തിച്ചത്. 

ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പരിശോധനയ്ക്കു ശേഷം സംഘം കാരയ്ക്കാട് ഭാഗത്തേക്കു പോയി. ഇതിനിടെ വെള്ളം കൊടുക്കാൻ നോക്കുമ്പോഴാണു ചത്ത നിലയിൽ കണ്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചെങ്ങന്നൂർ മൃഗാശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.

പോസ്റ്റ്‌മോർട്ടത്തിനായി വൈകീട്ടു വരെ കാത്തെങ്കിലും നായയുടെ വിവരങ്ങൾ അടങ്ങിയ ബുക്ക് ആലപ്പുഴയിൽ നിന്ന് എത്തിക്കാൻ വൈകിയതിനാൽ പോസ്റ്റ്മോർട്ടം നടത്താനായില്ല. ജൂഡോയുടെ ജഡം ആലപ്പുഴയിലെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോയി. ഇന്നു ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ആലപ്പുഴയിൽ സംസ്‌കരിക്കും. ബോംബ് സ്‌ക്വാഡിൽ നായയെ കൈകാര്യം ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com