എസ് രാജേന്ദ്രനെതിരെ കടുത്ത നടപടി; സിപിഎമ്മില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ 

പ്രചാരണങ്ങളില്‍ നിന്നും വിട്ടുനിന്ന രാജേന്ദ്രന്‍, ദേവികുളത്ത് ഇടതു വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കമ്മീഷന്‍ കണ്ടെത്തി
എസ് രാജേന്ദ്രൻ/ ഫെയ്സ്ബുക്ക് ചിത്രം
എസ് രാജേന്ദ്രൻ/ ഫെയ്സ്ബുക്ക് ചിത്രം

മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് കടുത്ത നടപടിക്ക് ശുപാര്‍ശ നൽകിയത്. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. ശുപാര്‍ശ ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് കൈമാറി. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രൻ വീഴ്ച വരുത്തിയതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല. പ്രചാരണങ്ങളില്‍ നിന്നും വിട്ടുനിന്ന രാജേന്ദ്രന്‍, ദേവികുളത്ത് ഇടതു വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കമ്മീഷന്‍ കണ്ടെത്തി. 

കമ്മീഷന്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ എസ് രാജേന്ദ്രനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി വിശദീകരണം തേടി. എന്നാല്‍ ഒരു മറുപടിയും നല്‍കാന്‍ രാജേന്ദ്രന്‍ തയ്യാറായില്ല. നിലവില്‍ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ് എസ് രാജേന്ദ്രന്‍. പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്നും രാജേന്ദ്രന്‍ വിട്ടുനില്‍ക്കുകയാണ്. സ്വന്തം നാട് ഉള്‍പ്പെടുന്ന മൂന്നാര്‍ ഏരിയാ സമ്മേളനത്തിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.

ഇത്തരക്കാരെ ചുമക്കേണ്ട കാര്യമില്ല : തുറന്നടിച്ച് എംഎം മണി

ഇതേത്തുടര്‍ന്ന് മുന്‍മന്ത്രി എം എം മണി രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണ്. ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ല. ഇക്കൂട്ടര്‍ പാര്‍ട്ടി വിട്ടു പോയാലും പ്രശ്‌നമില്ല. രാജേന്ദ്രന് എംഎല്‍എ പദവിയടക്കം എല്ലാം നല്‍കിയത് പാര്‍ട്ടിയാണെന്നും എം എം മണി തുറന്നടിച്ചിരുന്നു. 

സീറ്റു കിട്ടാത്തതില്‍ മോഹഭംഗം

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് വീണ്ടും മല്‍സരിക്കാന്‍ രാജേന്ദ്രന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടു തവണയില്‍ കൂടുതല്‍ മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്ന തീരുമാനം ദേവികുളത്തും നടപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതനുസരിച്ച് ഡിവൈഎഫ്‌ഐ നേതാവ് എ രാജയാണ് ദേവികുളത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത്. 

മൂന്നു തവണ എംഎല്‍എ, ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഇതേത്തുടര്‍ന്ന് രാജേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നുനില്‍ക്കുകയായിരുന്നു. രാജേന്ദ്രന്‍ ഇടഞ്ഞുനിന്നെങ്കിലും ദേവികുളം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചു. ദേവികുളത്തു നിന്നും മൂന്നു തവണയായി 15 വര്‍ഷം രാജേന്ദ്രന്‍ എംഎല്‍എയായിരുന്നിട്ടുണ്ട്. അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com