ബസുകളില്‍ സീറ്റില്‍ മാത്രം യാത്രക്കാര്‍, കടകള്‍ 9 മണി വരെ ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു, ഉത്തരവ്‌

ആളുകള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെയും പൊലീസിന്റെയും സാന്നിധ്യം ഉണ്ടാകണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം, അത്യാവശ്യമല്ലാത്ത യോഗങ്ങള്‍ മൂന്നാഴ്ചത്തേയ്ക്ക് നീട്ടണം, ഹോട്ടലുകളടക്കമുള്ള കടകള്‍ രാത്രി 9 മണിക്ക് മുന്‍പ് അടക്കണം, രോ​ഗവ്യാപനം കൂടി സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കും തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന എല്ലാവരും  കോവിഡ് ജാഗ്രത സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കും. ആളുകള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെയും പൊലീസിന്റെയും സാന്നിധ്യം ഉണ്ടാകണം.

ഭക്ഷണ വിതരണമുള്ള യോഗങ്ങളില്‍ ഭക്ഷണപ്പൊതികള്‍ നല്‍കണം. ബസുകളിലും ട്രെയിനിലും ആളുകള്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാനും ഉത്തരവില്‍ ഗതാഗത സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ആവശ്യമായ ഐസിയു ഉണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.

അടുത്ത രണ്ടാഴ്ച ഷോപ്പുകളും മാളുകളും രാത്രി 9 മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഇന്‍ഡോര്‍ പരിപാടികളില്‍ നൂറും തുറന്ന വേദികളിലെ പരിപാടികളില്‍ 200 പേരിലും അധികം ഒത്തുചേരാന്‍ പാടില്ല, പൊതുപരിപാടികള്‍ രണ്ടുമണിക്കൂറില്‍ കൂടുതല്‍ നീട്ടാന്‍ പാടില്ല. വിവാഹം, കലാകായികസാംസ്‌കാരിക പരിപാടികള്‍, ഉത്സവങ്ങള്‍ തുടങ്ങി എല്ലാത്തിനും ഇതു ബാധികമായിരിക്കും.

ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി സംവിധാനം അല്ലെങ്കില്‍ ടേക്ക് ഹോം സംവിധാനം ഏര്‍പ്പെടുത്തണം. സീറ്റിങ് കപ്പാസിറ്റിയുടെ 50% ആളുകളെ മാത്രം ഒരുസമയം അനുവദിക്കും. സിവില്‍സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്, മത്സ്യഫെഡ്, മില്‍മ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഓണ്‍ലൈനായി വീടുകളിലെത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 

ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ബസ് യാത്രക്കാര്‍ക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടു പോകാന്‍ പാടില്ല. നിര്‍ദേശം ലംഘിക്കുന്ന ബസുകള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍  ഗതാഗത കമ്മിഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അതിനായി വാഹന പരിസോധന കര്‍ശനമാക്കും. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com