തെരഞ്ഞെടുപ്പ് ഏപ്രിലില്‍ വേണമെന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ; മേയില്‍ മതിയെന്ന് ബിജെപി ; കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കമ്മീഷന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 12:58 PM |
Last Updated: 13th February 2021 12:58 PM | A+A A- |
സുനില്‍ അറോറ, സുശീല്‍ ചന്ദ്ര എന്നിവര്‍ / ഫയല്‍ ചിത്രം
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിക്കിടെയാണ് കമ്മീഷന്‍ ആശങ്ക അറിയിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തിയത്
നിയമസഭ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണം എന്നതില്‍ കമ്മീഷന് മുന്നില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത പ്രകടമായി. ഏപ്രില്‍ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഇടതുപാര്‍ട്ടികള്‍ അറിയിച്ചു. കോണ്‍ഗ്രസും ഏപ്രിലില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം വേണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് എല്ലാ പാര്‍ട്ടികളും നിലപാടെടുത്തു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് കേരളത്തിലെത്തിയത്. നാളെ വരെ സംഘം കേരളത്തിലുണ്ടാവുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
രാഷ്ട്രീയപാര്‍ട്ടികളെ കൂടാതെ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കമ്മീഷന്‍ ആശയവിനിമയം നടത്തും. അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.