കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം പുഴുവരിച്ചു; കളമശ്ശേരി മെഡിക്കല്‍ കോളജിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 02:24 PM  |  

Last Updated: 18th September 2021 02:24 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം


കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴുവരിച്ചെന്ന പരാതിയുമായി മക്കള്‍. കളമശ്ശേരി മെഡിക്കല്‍ കോളജിന് എതിരെ മുഖ്യമന്ത്രിക്കും  ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. പെരുമ്പാവൂര്‍ കുന്നത്തുനാട് കൊമ്പനാട് സ്വദേശി കുഞ്ഞുമോന്റെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഈമാസം പതിനാലാം തീയതിയാണ് ഇദ്ദേഹം മരിച്ച വിവരം മെഡിക്കല്‍ കോളജില്‍ നിന്ന് ബന്ധുക്കളെ അറിയിക്കുന്നത്. പതിനഞ്ചാം തീയതി പെരുമ്പാവൂര്‍ നഗരസഭ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ചപ്പോഴാണ് മൃതദേഹം പുഴുവരിച്ച നിലയിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളജിന്റെ ഭാഗത്തുവീഴ്ചയുണ്ടുയെന്നും മരണ വിവരം തങ്ങളെ അറിയിക്കാന്‍ വൈകിയെന്നും പരാതിയില്‍ പറയുന്നു. 

എന്നാല്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആറാം തീയതിയാണ് ഇദ്ദേഹത്തെ കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ബന്ധുക്കളെ അറിയിച്ചെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.