മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് ഡോക്ടര്‍ക്കും നഴ്‌സിനും മര്‍ദ്ദനം; ആശുപത്രിയില്‍ മൂന്നംഗസംഘത്തിന്റെ അഴിഞ്ഞാട്ടം; പ്രതിഷേധം

പരുക്കേറ്റ ഡ്യൂട്ടി ഡോക്ടർ ഉണ്ണികൃഷ്ണൻ ജില്ലാ ആശുപത്രിയിലും, നഴ്സ് ശ്യാമിലി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്
ആശുപത്രിയില്‍ ഉണ്ടായ അക്രമം/ ടിവി ദൃശ്യം
ആശുപത്രിയില്‍ ഉണ്ടായ അക്രമം/ ടിവി ദൃശ്യം

കൊല്ലം: കൊല്ലം നീണ്ടകര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍. ആരോഗ്യ പ്രവർത്തകരെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിയിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് നടത്തി. ​ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസും മാർച്ച് നടത്തി, ദേശീയപാത ഉപരോധിച്ചു. ആശുപത്രി ജീവനക്കാർക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.  അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

തിങ്കളാഴ്ച രാത്രിയായിരുന്നു മൂന്നം​ഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ  സ്റ്റാഫ് നഴ്സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരൻ ശങ്കരൻകുട്ടി എന്നിവർക്ക് പരിക്കേറ്റു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ശ്യാമിലിയെ ചവിട്ടി താഴെയിട്ടു.നഴ്സിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഡ്യൂട്ടി ഡോക്ടർ ഉണ്ണിക്കൃഷ്ണനെ കമ്പിവടി കൊണ്ട് അടിക്കാൻ ശ്രമിച്ചു. അക്രമി സംഘം അത്യാഹിത വിഭാഗത്തിലെ ഫാർമസിയുടെ ഗ്ലാസ് ചില്ലുകളും മരുന്നുകളും അടിച്ചു തകർത്തു. പരുക്കേറ്റ ഡ്യൂട്ടി ഡോക്ടർ ഉണ്ണികൃഷ്ണൻ ജില്ലാ ആശുപത്രിയിലും, നഴ്സ് ശ്യാമിലി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

ആശുപത്രിയിൽ കയറി ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. നീണ്ടകര സ്വദേശികളായ വിഷ്ണു,രതീഷ്, അഖില്‍ എന്നിവരാണ് ആക്രമണത്തിന് പിന്നില്‍. ഞായറാഴ്ച പ്രതികളില്‍ ഒരാളായ വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തിയിരുന്നു. മാസ്ക് ധരിക്കണമെന്ന്  ഡ്യൂട്ടിയിലുണ്ടായിരുന്നവർ വിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്ത യുവാവ് അന്ന് ആശുപത്രിയിൽ ബഹളം ഉണ്ടാക്കുകയും നഴ്സ് ശ്യാമിലിയോടു മോശമായി പെരുമാറുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അതിന്റെ പ്രതികാരമാണ് ഇന്നലെ രാത്രിയുണ്ടായ ആക്രമണമെന്ന് നിഗമനം. 

ഈ വാർത്ത കൂടി വായിക്കാം

'എന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദികള്‍ ഇവര്‍'; അപകടത്തിന് തൊട്ടുമുമ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ; ദുരൂഹത
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com