തൃശൂര്‍ ഈസ്റ്റ് എസ്‌ഐയ്ക്ക് എതിരെ നടപടി വേണം; ഇല്ലെങ്കില്‍ നിയമനടപടി: പൊലീസിന് എതിരെ വീണ്ടും എഐവൈഎഫ്

തൃശൂരില്‍ എഐഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ പൊലീസിന് എതിരെ വീണ്ടും വിമര്‍ശനവുമായി എഐവൈഎഫ്
സംഘര്‍ഷത്തിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്, എഐവൈഎഫ് പതാക
സംഘര്‍ഷത്തിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്, എഐവൈഎഫ് പതാക


തൃശൂര്‍: തൃശൂരില്‍ എഐഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ പൊലീസിന് എതിരെ വീണ്ടും വിമര്‍ശനവുമായി എഐവൈഎഫ്. ഇടതുപക്ഷത്തിന്റെ പൊലീസ് നയത്തെ അട്ടിമറിക്കുന്ന നീക്കമാണ് നടക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ പറഞ്ഞു. തൃശൂരില്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എഐഎസ്എഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് പ്രതികരണം. 

തൃശൂര്‍ ഈസ്റ്റ് എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ നിയമ നടപടിയുമായി എഐവൈഎഫ് മുന്നോട്ടുപോകുമെന്നും ജിസ്‌മോന്‍ പറഞ്ഞു. 

കഴിഞ്ഞദിവസവും പൊലീസിന് എതിരെ രൂക്ഷ പ്രതികരണവുമായി എഐവൈഎഫ് രംഗത്തുവന്നിരുന്നു. എഐഎസ്എഫുകാരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ പൊലീസിനെ മര്യാദ പഠിപ്പിക്കും എന്നായിരുന്നു എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണിന്റെ പ്രതികരണം. 

ഒല്ലൂര്‍ വൈലോപ്പിള്ളി കോളജില്‍ നടന്ന സംഘട്ടനത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. സംഘട്ടനത്തില്‍ പരിക്കേറ്റ എസ്എഫ്ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഇവിടെവച്ച് ഇരുകൂട്ടരും ഏറ്റുമുട്ടി. സംഭവ സ്ഥലത്തെത്തിയ പൊലീസ്, വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. എഐഎസ്എഫ് ജില്ലാ സെക്രട്ടറി സനല്‍ അടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

ഇതിന് പിന്നാലെ, പ്രതിഷേധിച്ച് തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ഒരുസംഘം സിപിഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. എഐഎസ്എഫ് പ്രവര്‍ത്തകരെ മാത്രം തിരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുത്തു എന്നാരോപിച്ചാണ് പ്രതിഷേധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com