ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ഹാജരാവാം, അന്വേഷണവുമായി സഹകരിക്കാം; ദിലീപ് ഹൈക്കോടതിയില്‍

കേസില്‍ അന്വേഷണം തടയാനാവില്ലെന്ന് കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് പ്രതി ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. ദിവസവും ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ഹാജരാവാമെന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടെ ദിലീപ് കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. 

കേസില്‍ അന്വേഷണം തടയാനാവില്ലെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. ഡിജിപി ഹാജരാക്കിയ തെളിവുകള്‍ കോടതി പരിശോധിച്ചു. അന്വേഷണത്തിനു സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. 

വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍

വിചാരണ കോടതിയില്‍ സാക്ഷി പറയാന്‍ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായെന്നും, വിചാരണ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ വാദത്തിനിടെ പറഞ്ഞു. 

സാക്ഷി പറയാന്‍ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. രഹസ്യ വിചാരണ നടക്കുന്നതിനാല്‍ അവിടെ നടക്കുന്ന സംഭവങ്ങളൊന്നും പുറത്ത് അറിയുന്നില്ല. എന്നാല്‍ വിചാരണ കോടതിയില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടാണ് കോടതിയില്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പി എ ഷാജിയാണ് എതിര്‍വാദം നടത്തുന്നത്.

കെട്ടിച്ചമച്ച കേസ്

കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് ശ്രമം. ബാലചന്ദ്രകുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണ്. ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. പറഞ്ഞു പഠിപ്പിച്ച രീതിയിലുള്ളതാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദിലീപിനോടുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്ന് അഭിഭാഷകന്‍ രാമന്‍പിള്ള പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിന് ശേഷമാണ് വധശ്രമ ഗൂഢാലോചനയ്ക്ക് പുതിയ കേസെടുത്തത്. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിന്റെ വീഡിയോ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന് ശാപവാക്കുകള്‍ പറയുകയാണ് ദിലീപ് ചെയ്തത്. ശപിക്കുന്നത് ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെയെന്നും ദിലീപ് ചോദിച്ചു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്. മൊഴിയില്‍ പറഞ്ഞ പല കാര്യങ്ങളും എഫ്‌ഐആറിലില്ല. ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നാലര വര്‍ഷം മിണ്ടാതിരുന്നു. പൊതുജനമധ്യത്തിന്‍ ദിലീപിനെതിരെ ജനരോഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായുള്ള ശ്രമമാണ് നടക്കുന്നത്. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസെന്നും പ്രതിഭാഗം അഭിഭാഷന്‍ വാദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com