മുഖത്തെ പാടിൽ സംശയം, ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 09:14 AM  |  

Last Updated: 25th July 2022 09:15 AM  |   A+A-   |  

young_women_found_dead

 

കൊല്ലം; ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജോനകപ്പുറം ചന്ദനഴികം പുരയിടത്തില്‍ അബ്ദുള്‍ ബാരിയുടെ ഭാര്യ ആമിന(22) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. മുഖത്തു കണ്ടെത്തിയ പാടിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.

പുലർച്ചെ അഞ്ചുമണിയോടെയാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആമിനയെ അബ്ദുള്‍ ബാരിയും ബന്ധുക്കളും ചേര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തുടർന്നാണ് മുഖത്തെ പാട് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. പൊലീസും ഫൊറന്‍സിക് വിദഗ്ധരും അബ്ദുള്‍ ബാരിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.

വിദേശത്തായിരുന്ന അബ്ദുള്‍ ബാരി മൂന്നരവര്‍ഷംമുമ്പാണ് ആമിനയെ വിവാഹം കഴിച്ചത്. വിവാഹശേഷം അബ്ദുള്‍ ബാരി നാട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. സംഭവ സമയത്ത് ദമ്പതിമാരുടെ രണ്ടരവയസ്സുള്ള മകള്‍ സഫ മറിയ, അബ്ദുള്‍ ബാരിയുടെ മാതാവിനൊപ്പമായിരുന്നു. 

ആമിനയ്ക്ക് ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നതായും കൊല്ലത്തെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിരുന്നതായും അബ്ദുള്‍ ബാരി പോലീസിന് മൊഴി നല്‍കി. ആമിന സ്വയം മുറിവേല്‍പ്പിക്കാറുണ്ടായിരുന്നെന്നും ശ്വാസതടസ്സമുണ്ടാകുമ്പോള്‍ കൃത്രിമശ്വാസോച്ഛാസം നല്‍കിയാണ് സാധാരണനിലയിലേക്ക് കൊണ്ടുവന്നിരുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കുരീപ്പള്ളി തൂമ്പുവിള ഹൗസില്‍ മുഹമ്മദ് ആഷിഖിന്റെയും പരേതയായ ഫസീലാബീവിയുടെയും മകളാണ് ആമിന.

ഈ വാർത്ത കൂടി വായിക്കാം

നിർത്തിയത് അറിയാൻ വൈകി, നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടി; യുവാവിന് ദാരുണാന്ത്യം​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ