റോഡിൽ കലുങ്കു നിർമിക്കാൻ എടുത്ത കുഴിയിൽ വീണു, ​ ബൈക്ക് യാത്രികന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 08:51 AM  |  

Last Updated: 06th November 2022 08:51 AM  |   A+A-   |  

pothole

ഫയല്‍ ചിത്രം

 

കോഴിക്കോട്; റോഡിലെ കുഴിയിൽ വീണ് ​ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം.  താമരശ്ശേരി വെഴുപ്പൂർ ബസ് സ്റ്റോപ്പിനുസമീപം കലുങ്കു നിർമിക്കാനെടുത്ത കുഴിയിൽവീണ് തുടയെല്ലിന് ഗുരുതര പരിക്കേറ്റ എകരൂൽ വള്ളിയോത്ത് കണ്ണോറക്കുഴിയിൽ അബ്ദുൽ റസാഖിനാണ് (56) നഷ്ടപരിഹാരം നൽകാൻ ലോക് അദാലത്തിൽ തീരുമാനമായത്.

കരാറുകാരനായ ശ്രീധന്യ കൺസ്ട്രക്ഷൻസും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയും പത്ത് ദിവസത്തിനകം നഷ്ടപരിഹാരം നൽകേണ്ടത്. ശ്രീധന്യ കൺസ്ട്രക്ഷൻസ് ആറരലക്ഷം രൂപയും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഒരുലക്ഷം രൂപയും നൽകണം. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജ് എം.പി. ഷൈജലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന അദാലത്തിലാണ് അബ്ദുൽ റസാഖിന്റെ പരാതി പരിഗണിച്ച് നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായത്.

അബ്ദുൽറസാഖിന്റെ ചികിത്സാചെലവ് കരാർ കമ്പനി വഹിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും നേരത്തെ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടിരുന്നു. എന്നാൽ, നടപടികൾ വൈകിയതോടെ അബ്ദുൽറസാഖ് ജില്ലാ നിയമസേവന അതോറിറ്റിയിൽ പരാതി നൽകി.അബ്ദുൽറസാഖിന് സൗജന്യ നിയമസഹായം നൽകാൻ അഭിഭാഷകൻ വി.പി. രാധാകൃഷ്ണനെ അതോറിറ്റി ചുമതലപ്പെടുത്തി. ഇതിനുശേഷമാണ് അദാലത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായത്.

റോഡിൽ കലുങ്കു നിർമിക്കാൻ സുരക്ഷാസംവിധാനമൊരുക്കാതെ കീറിയ കുഴിയിൽ ഈവർഷം ജനുവരി അഞ്ചിന് രാത്രിയാണ് അബ്ദുൽറസാഖ് ബൈക്കുമായി വീണത്. മുന്നറിയിപ്പ് ബോർഡോ, ബാരിക്കേഡോ സ്ഥാപിക്കാതെ കുഴിക്കുചുറ്റും ഒരു റിബൺ വലിച്ചുകെട്ടുക മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ കരാറുകാർക്കോ ഉദ്യോഗസ്ഥർക്കോ വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു പി.ഡബ്ല്യു.ഡി. അധികൃതരുടെ നിലപാട്.  ഈ റിപ്പോർട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസ് തള്ളിയിരുന്നു. തുടർന്ന് കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകി.

ഈ വാര്‍ത്ത കൂടി വായിക്കൂ മെസിയെയും നെയ്മറെയും ഉടൻ എടുത്തുമാറ്റണം; ഫാൻസിനോട് പഞ്ചായത്ത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ