ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയും; സമരം കടുപ്പിക്കാന്‍ യുഡിഎഫ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്താന്‍ യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്താന്‍ യുഡിഎഫ് തീരുമാനം. മെയ് രണ്ടാം വാരം സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം നടത്താന്‍ ഇന്നു ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. 

നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടിയെന്നും സര്‍ക്കാര്‍ ഒളിച്ചോടിയെന്നും യുഡിഎഫ് യോഗം വിലയിരുത്തി. എല്ലാ മാസവും യുഡിഎഫ് ചേരാനും തീരുമാനിച്ചു. നേരത്തെ, മുന്നണി യോഗം ചേരുന്നതില്‍ കാലതാമസം വരുന്നതിന് എതിരെ ആര്‍എസ്പി രംഗത്തുവന്നിരുന്നു. ഇതിന് പരിഹാരം എന്ന നിലയിലാണ് എല്ലാ മാസവും മുന്നണി യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. 

നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സഭ ഈ മാസം 30 വരെ ചേരാനുള്ള കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

പ്രതിപക്ഷം നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ചു യുഡിഎഫ് എംഎല്‍എമാരാണ് സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹ സമരം നടത്തിയത്. 

അനുനയനീക്കങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് സഭാ സമ്മേളനം ഗില്ലറ്റിന്‍ ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ബജറ്റ് സംബന്ധമായ ധനബില്ലും ധനവിനിയോഗ ബില്ലുകളും വേഗത്തില്‍ പാസ്സാക്കി. പൊതുജനാരോഗ്യ-പഞ്ചായത്തിരാജ് ബില്ലുകളും ചര്‍ച്ചയില്ലാതെ പാസ്സാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com