ടിജെ ആഞ്ചലോസ്
ടിജെ ആഞ്ചലോസ്

'പൊട്ടക്കിണറ്റിലെ തവള; സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനം കിട്ടിയത് സിപിഐയ്ക്ക് ഒപ്പം നിന്നപ്പോള്‍'; മറുപടിയുമായി ആഞ്ചലോസ് 

കുട്ടനാട്ടിലെ സിപിഎം ജാഥകളെ വിമര്‍ശിച്ച് സിപിഐ. ജാഥകളെ സിപിഐ വിരുദ്ധമാക്കി മാറ്റിയെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് പറഞ്ഞു

ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎം ജാഥകളെ വിമര്‍ശിച്ച് സിപിഐ. ജാഥകളെ സിപിഐ വിരുദ്ധമാക്കി മാറ്റിയെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് പറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെയാണ് ജാഥയെന്നാണ് പറഞ്ഞത്. എന്നാല്‍ സിപിഐയെ കളിയാക്കാനാണ് ചില നേതാക്കള്‍ ശ്രമിച്ചത്. വലതുവ്യതിയാനം സംഭവിച്ചെന്ന് പരിഹസിക്കുന്നവര്‍, ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിന് ഒപ്പമാണ് മത്സരിച്ചത്. സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത് സിപിഐയ്ക്ക് ഒപ്പം നിന്നപ്പോള്‍ മാത്രമാണ്. 

സിപിഎം തീരുമാനിച്ചാല്‍ സിപിഐ ഇല്ലാതാകുമെന്ന് പ്രസംഗിച്ച നേതാവ് പൊട്ടക്കുളത്തിലെ തവളയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യമാണ് സിപിഐ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കുട്ടനാട്ടില്‍ നടന്ന സിപിഎം ജാഥകളിലാണ് സിപിഎം നേതാക്കള്‍ സിപിഐക്ക് എതിരെ പരിഹാസം നടത്തിയത്. സിപിഎം ജാഥയ്ക്കിടെ സിപിഐക്ക് പരിഹാസം. സിപിഎം വിട്ടുപോയവര്‍ ഈര്‍ക്കിലി പാര്‍ട്ടിയിലേക്കാണ് പോയതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ പ്രസാദ് പരിഹസിച്ചു. റിവിഷനിസ്റ്റുകളെ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്കറിയാമെന്നും പ്രസാദ് വെല്ലുവിളിച്ചു.

'കഴുതയെ പോലെ ചിന്തിക്കുന്ന കുറെ മനുഷ്യരാണ് പാര്‍ട്ടി വിട്ടത്. ആന വാപൊളിക്കുന്നതു പോലെ അണ്ണാന് വാ പൊളിക്കാന്‍ സാധിക്കുമോ. സിപിഐ ആളെ നിരത്തി പ്രകടനം നടത്തിയാല്‍ സിപിഎം അതിനേക്കാള്‍ കൂടുതല്‍ ആളെയിറക്കി പ്രകടനം നടത്തും'-കെ പ്രസാദ് പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറിയെ അധിക്ഷേപിച്ചാല്‍ സിപിഐയുടെ അഖിലേന്ത്യാ സെക്രട്ടറിയെ അധിക്ഷേപിക്കുമെന്നായിരുന്നു കുട്ടനാട് ഏര്യാ സെക്രട്ടറി ബ്രീവന്റെ പ്രതികരണം. അതിന് അന്തസ്സും ചങ്കുറപ്പുമുള്ള പാര്‍ട്ടിയാണ് സിപിഎം എന്നും ബ്രീവന്‍ കൂട്ടിച്ചേര്‍ത്തു.

രാമങ്കരിയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സിപിഐക്കെതിരെ സിപിഎം നേതാക്കള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. കുട്ടനാട്ടില്‍ 222 പേരാണ് സിപിഎം വിട്ട് സിപിഐയുടെ ഭാഗമായത്. പാര്‍ട്ടി വിട്ട സിപിഎമ്മുകാരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം സിപിഐ റാലി നടത്തിയിരുന്നു. ഇതിനു മറുപടിയായാണ് സിപിഎം ശക്തിപ്രകടനം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com