പണയ സ്വര്‍ണ തട്ടിപ്പ്: പന്തളത്ത് ഡിവൈഎഫ്‌ഐ- ബിജെപി സംഘര്‍ഷം; സമരവുമായി കോണ്‍ഗ്രസും

ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ വടിയും കസേരകളുമെടുത്ത് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു
ബിജെപി-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം/ ടിവി ദൃശ്യം
ബിജെപി-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം/ ടിവി ദൃശ്യം

പത്തനംതിട്ട: പന്തളത്ത് ഡിവൈഎഫ്‌ഐ- ബിജെപി സംഘര്‍ഷം. പന്തളം സഹകരണ ബാങ്കിന് മുന്നില്‍ ഡിവൈഎഫ്‌ഐ- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സഹകരണബാങ്കിലെ പണയ സ്വര്‍ണ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം. 

ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമായി സഹകരണ ബാങ്കിന് മുന്നിലെത്തുകയും ബാങ്കിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ വടിയും കസേരകളുമെടുത്ത് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. 

പന്തളം നഗരസഭ ബിജെപി കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തിലുണ്ടായിരുന്നു. നഗരസഭ ബിജെപി കൗണ്‍സിലറായ കെ വി പ്രഭ അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനു പിന്നാലെ യുഡിഎഫും ബാങ്കിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

സഹകരണബാങ്കില്‍ നിന്നും പണയ സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. പണയം വെച്ച സ്വര്‍ണം തിരികെ എടുക്കാന്‍ ആളുകള്‍ എത്തിയപ്പോള്‍, ബാങ്കില്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് സ്വര്‍ണം തിരികെ എത്തിക്കുകയായിരുന്നു. ബാങ്കിലെ ഒരു ജീവനക്കാരന്‍ തന്നെയാണ് പണയസ്വര്‍ണം മാറ്റി പണയം വെച്ചതെന്നാണ് ആരോപണം. 

മുതിര്‍ന്ന സിപിഎം നേതാവിന്റെ മകനായ ഇദ്ദേഹം ഈ പണം ഉപയോഗിച്ച് ലോറികളും ജെസിബികളും മറ്റും വാങ്ങി എന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ആരോപണം വ്യാജമാണെന്ന് ബാങ്ക് വ്യക്തമാക്കി. ഇത്തരത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസും പറയുന്നു. എന്നാല്‍ തട്ടിപ്പു നടന്നു എന്നാരോപിച്ച് ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞ ദിവസവും ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com