'ശബരിമലയിൽ വിശ്വസിക്കാമോ?'- അവസാന ലാപ്പിലും നിർണ്ണായകം
By അരവിന്ദ് ഗോപിനാഥ് | Published: 03rd April 2021 02:24 PM |
Last Updated: 03rd April 2021 02:24 PM | A+A A- |

ശബരിമല നാട്ടിലോ തെരഞ്ഞെടുപ്പിലോ വിഷയമല്ലെന്നും വിശ്വാസികൾക്ക് കാര്യങ്ങൾ ബോധ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നുണ്ടെങ്കിലും അവസാന ലാപ്പിലും ഈ വിഷയം നിർണ്ണായകമാകുന്നതാണ് കണ്ടത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനമാണ് വിഷയം ഒരിക്കൽക്കൂടി ചർച്ചയാക്കിയത്.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു അത്. അക്കാര്യത്തിൽ എല്ലാവർക്കും പ്രയാസമുണ്ട്. സുപ്രീം കോടതി വിധി എന്തുതന്നെയായാലും ഇനി വിശ്വാസികളുമായി ആലോചിച്ചേ എന്തു തീരുമാനവും എടുക്കൂ- ഇതായിരുന്നു ആ പ്രസ്താവന.
കടകംപള്ളിയുടെ ഖേദം തള്ളിയ സി.പി.എം ജനറൽ സെക്രട്ടറി യെച്ചൂരി പാർട്ടിയും സർക്കാരും സ്വീകരിച്ച നിലപാട് ശരിയാണെന്ന് ഒരിക്കൽക്കൂടി ഉറപ്പിക്കുകയും ചെയ്തു. യുവതീപ്രവേശനത്തെ അനുകൂലിച്ച യെച്ചൂരിയുടെ നയം തന്നെയാണോ കേരളത്തിലെ സി.പി.എമ്മിനും സർക്കാരിനും ഇപ്പോഴുമുള്ളതെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.
എന്നാൽ, നേതാക്കൾ പ്രതികരണത്തിനു തയ്യാറായില്ല. നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മയപ്പെട്ട നിലപാടാണ് ഇക്കാര്യത്തിൽ നേതാക്കൾ സ്വീകരിക്കുന്നത്. അധികാരത്തിൽ വന്നാൽ ആചാരസംരക്ഷണ നിയമം കൊണ്ടുവരുമെന്ന യു.ഡി.എഫ് പ്രഖ്യാപനം കൂടി കണക്കിലെടുത്താണ് വിശ്വാസികളുമായി ഇനി ഏറ്റുമുട്ടാനില്ലെന്ന നിലപാടിലേക്കു പാർട്ടിയെത്തിയത്.