'നിന്റെ കൂര തകര്‍ത്തുയരുന്ന കെ റെയില്‍ സ്‌റ്റേഷന്‍'

സമകാലീന ചരിത്രത്തിലെ, ഒരു 'വികസന' സംഘര്‍ഷത്തിന്റെ, നടുക്ക് നമ്മെ കൊണ്ട് നിര്‍ത്തുന്നു കെ.ജി.എസ്സിന്റെ 'പുനരധിവാസം' എന്ന കവിത
'നിന്റെ കൂര തകര്‍ത്തുയരുന്ന കെ റെയില്‍ സ്‌റ്റേഷന്‍'

മകാലീന ചരിത്രത്തിലെ, ഒരു 'വികസന' സംഘര്‍ഷത്തിന്റെ, നടുക്ക് നമ്മെ കൊണ്ട് നിര്‍ത്തുന്നു കെ.ജി.എസ്സിന്റെ 'പുനരധിവാസം' എന്ന കവിത. ആദ്യവരികള്‍ ഉന്നംതെറ്റാത്തതും അജയ്യവുമായ ഒരു പുതിയ പ്രതിരോധ കര്‍ത്തൃത്വത്തിന്റെ ആവിര്‍ഭാവം അടയാളപ്പെടുത്തുന്നു.

'അമ്പെയ്ത്തില്‍ നീയൊരത്ഭുതം,
കുഞ്ഞമ്പൂ.
ഏഷ്യന്‍ ആര്‍ച്ചറിയിലും സ്വര്‍ണ്ണം നിനക്ക്.
വേണ്ടപ്പോള്‍ ശരമിന്നലാവുന്നൊരു
വെട്ടുകിളിക്കൂട്ടം നിന്റെ മനസ്സ്
ഒരേ ഉന്നം, ഒരേ വേഗം, ഒരേ ആഗ്‌നേയം;
നീ തൊടുക്കുമ്പോള്‍ അമ്പില്‍
ത്രസിക്കുന്നു
വേടവൈഭവം'

കര്‍ത്തൃത്വത്തിന്റെ 'സംഭവം' 

കുഞ്ഞമ്പു അമ്പെയ്ത്തില്‍ ലോകചാമ്പ്യനായത് കോച്ചില്ലാതെയാണ്, സ്വയംപരിശീലനം വഴി. ആഴത്തില്‍ വേടകുലത്തിന്റെ പാരമ്പര്യമായ ശരവീര്യം ഏകാഗ്രമായ ഉന്നവും ഊര്‍ജ്ജവും പകര്‍ന്ന് കുഞ്ഞമ്പുവിന്റെ എയ്ത്തിനു മൂര്‍ച്ചകൂട്ടിയിട്ടുണ്ടാവും. ആ അമ്പില്‍ ത്രസിക്കുന്ന ജനിതകശക്തി തുടക്കത്തിലേ തിരിച്ചറിയപ്പെട്ടു. അത്ഭുതകരമായ ഈ പ്രതിരോധ കര്‍ത്തൃത്വത്തിന്റെ ആവിര്‍ഭാവമാണ് കവിതയിലെ 'സംഭവം.' പൊതുമണ്ഡലത്തില്‍ കുഞ്ഞമ്പു പ്രതിഭയെ ആദ്യം കണ്ട നിമിഷം തന്നെ ഈ വിമത കര്‍ത്തൃത്വം അധികാരശക്തികളെ അമ്പരപ്പിക്കുന്നു. പുതിയൊരു പ്രതിരോധ കര്‍ത്തൃത്വോദയത്തിന്റെ 'സംഭവ'മാനത്തെയാണ് ഈ 'അമ്പരപ്പ്' സൂചിപ്പിക്കുന്നത്.

കുഞ്ഞമ്പു ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍, മെരുക്കാന്‍, നിര്‍വ്വീര്യമാക്കാന്‍, വിഫലമാക്കാന്‍ അധികാരം അതിന്റെ പാരമ്പര്യത്തിലെ ദ്രോണതന്ത്രം എന്ന സംഹാരവഴി മനസ്സില്‍ കരുതിക്കൊണ്ടാണ് കുഞ്ഞമ്പുവിന്റെ മുന്നിലെത്തിയത്. അവര്‍ എയ്ത്തുവിദ്യയിലെ ലോകചാമ്പ്യന്റെ തള്ളവിരല്‍ ചോദിക്കുന്നതില്‍ അതു വ്യക്തം. ദ്രോണര്‍ഏകലവ്യന്‍ കൂടിക്കാഴ്ചയുടെ ഓര്‍മ്മയുടെ നവീനസമാന്തരമായി ഈ സമാഗമരംഗം. പുതിയ ചരിത്രസന്ദര്‍ഭത്തില്‍ അധികാരവും അധഃകൃത യോദ്ധാവും തമ്മിലുണ്ടാകുന്നത് സ്വാഭാവികമായും പുതിയ നേര്‍കാണലും പുതിയ സംഭാഷണവുമാകുന്നു. സൂക്ഷ്മതലത്തില്‍ നടക്കുന്ന ഈ കര്‍ത്തൃസംഭവത്തിന്റെ ആഘാത പ്രത്യാഘാത പരമ്പരയെ, പ്രതിസംഭവ നീക്കങ്ങളെ, അധികാര തന്ത്രങ്ങളെ, കവിത അതിസൂക്ഷ്മം പിന്തുടരുന്നു.

ഏകലവ്യ കഥയെ ചരിത്രാന്തര മാനങ്ങളിലേക്ക് പടര്‍ത്തിയെടുത്ത്, സമകാലീന രാഷ്ട്രീയ അധികാര പ്രക്രിയകളുടെ കേന്ദ്ര സന്ദര്‍ഭത്തില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് കവിത. അങ്ങനെ നവീനമായ ഒരു നേരിടലിന്റെ എതിര്‍ഗാഥ നിര്‍മ്മിതമാവുന്നു. വര്‍ത്തമാന ഭൂതഭാവികളില്‍ പല രീതികളില്‍ സന്നിഹിതമായ, നിരന്തരം രൂപാന്തരീകരണം ചെയ്യുന്ന, ഏകലവ്യനെന്ന എതിര്‍ കര്‍ത്തൃത്വത്തിന്റെ അനന്യവും ചരിത്രപരവുമായ വ്യതിര്‍ആവര്‍ത്തനം, അഥവാ രൂപാന്തരീകരണം ആണ് കുഞ്ഞമ്പു. വര്‍ത്തമാന ഭൂതഭാവികള്‍, രാഷ്ട്രീയ, ചരിത്രാനുഭവങ്ങള്‍, എല്ലാം കടഞ്ഞ്, രൂപംകൊണ്ട ഒരു 'എളിയ' കര്‍ത്തൃത്വം, 'ഇളയ' കര്‍ത്തൃത്വം (ദെല്യൂസിയന്‍ സങ്കല്പ പ്രകാരമുള്ള minoritarian-subject) പ്രതിരോധ പ്രതിഭയായ വേട കര്‍ത്തൃത്വം. 

'വേണ്ടപ്പോള്‍ ശരമിന്നലാവുന്ന ഒരു വെട്ടുകിളിക്കൂട്ടം ആണ് അവന്റെ മനസ്സ്. ഒരേ ഉന്നം, ഒരേ വേഗം; ഒരേ ആഗ്‌നേയം' എന്ന അധികാരിയുടെ സ്തുതിഭാഷണം എതിരാളിയുടെ സഫലമാകുന്ന ബലത്തിന്റെ കണിശ നിര്‍ണ്ണയം മാത്രമല്ല. ഒരു നിന്ദാസ്തുതിയുടെ ചുവകൂടി ഉള്‍ച്ചേര്‍ന്നതാണ് ആ നയഭാഷണം. 'കുഞ്ഞമ്പു തൊടുക്കുന്ന ഓരോ അമ്പിലും ത്രസിക്കുന്നത് 'കുലത്തിന്റെ ശരവീര്യം' എന്നു തിരിച്ചറിയുന്ന അധികാരപക്ഷം, ഇന്ന് ഉയിര്‍ക്കൊണ്ട് വരുന്ന നവ ആദിവാസിദളിത് പ്രതിരോധ കര്‍ത്തൃത്വത്തിന്റെ തടുക്കാനാവാത്ത ഒരു എതിര്‍ബലവും പോര്‍വീര്യവും കൂടി തിരിച്ചറിയുന്നുണ്ട്.'

തള്ളവിരല്‍ അറുക്കപ്പെട്ടവര്‍ 

ഗുരുവില്ലാതെ പഠിച്ച് അസ്ത്രവിദ്യയില്‍ പാരംഗത്യം നേടിയ വില്ലാളിവീരന്മാരുടെ തള്ളവിരലുകള്‍ നൈവേദ്യമായി, ദക്ഷിണയായി, ബലിയായി, ബ്രാഹ്മണ ഗുരുക്കന്മാര്‍ ചോദിച്ചു വാങ്ങിയിരുന്നു. അല്ലെങ്കില്‍ ബലമായി മുറിച്ചെടുത്തിരുന്നു. ബ്രിട്ടീഷ് അധിനിവേശഭരണകൂടം പൂര്‍വ്വ ബംഗാളിലെ ആയിരക്കണക്കിന് പ്രഗല്‍ഭ നെയ്ത്തുകാരുടെ തള്ളവിരല്‍ ബലാല്‍ ഛേദിച്ചു. സത്യം പറഞ്ഞ ബുദ്ധഭിക്ഷുവിന്റെ നാവ് അരിയപ്പെട്ടു. മഹാശില്പങ്ങള്‍ നിര്‍മ്മിച്ച ശില്പികള്‍ ആയുസ്സ് മുഴുവന്‍ തുറുങ്കിലടയ്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ഉണ്ടായി. സാമ്രാജ്യത്വത്തിനെതിരെ, ദേശീയ ഭരണകൂടത്തിനെതിരെ, അതിശക്തം ഉയര്‍ന്നുവന്ന ആദിവാസിഗോത്രദളിതകര്‍ഷക കലാപങ്ങള്‍ മുളയിലേ ഛേദിക്കപ്പെട്ടു. 

എങ്കിലും തള്ളവിരല്‍ അറുത്ത് മാറ്റപ്പെട്ട വേട പ്രതിഭകളുടെ പരമ്പര അസ്ത്രവിദ്യയില്‍ അജയ്യരായി തിരിച്ചുവന്നു. വംശാര്‍ജ്ജിതമായ ശരവീര്യവും അനുഭവാര്‍ജ്ജിതമായ പ്രതിരോധശൗര്യവും അന്നോളം സഹിച്ച പീഡനങ്ങളോടുള്ള പ്രതിഷേധവും തെറ്റാത്ത ഉന്നമായി അവരില്‍ ഉയിര്‍ത്തെണീറ്റു. ഏഴകളില്‍, എളിയവരില്‍, കുടിയൊഴിക്കപ്പെട്ടവരില്‍, പുറമ്പോക്കിലാക്കപ്പെട്ടവരില്‍, അറുക്കപ്പെട്ടിട്ടും അറ്റുപോകാതെ പ്രതിരോധ പ്രതിഭ എന്ന അഗ്‌നി അതിജീവിക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ട വംശത്തിന്റെ അമരാത്ത എതിര്‍വീര്യം. ഇത്തരം ഏത് ഉയിര്‍പ്പും നവ കര്‍ത്തൃത്വആഗമനത്തിന്റെ വിപല്‍ സൂചനകളായി അധികാരശക്തികളെ നടുക്കം കൊള്ളിക്കുന്നു. എന്നാല്‍, ചെറുത്ത് നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശാവഹമായ ഒരു കര്‍ത്തൃസംഭവമാണ്, ഈ ആത്മബലം തിരിച്ചറിയല്‍. നവ ആദിവാസി ദളിത്, പ്രതിരോധ രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ നിര്‍ണ്ണായക ഒരു മുഹൂര്‍ത്ഥത്തിലാണ് നവ കര്‍ത്തൃത്വത്തിന്റെ സംഭവാത്മകമായ ഈ ആവിര്‍ഭാവം.

'രാജ്യത്തിനു വേണം കുഞ്ഞമ്പൂ, നിന്റെ
തള്ളവിരല്‍.
കോച്ചില്ലാതെ നീ നേടിയ
കോയ്മയ്ക്ക് വിരല്‍ക്കരമായല്ല;
ഭാവിക്ക് ഗുരുവായി.
സ്വന്തക്കാരെ കണ്ടിളകുന്ന
ചാഞ്ചാട്ടത്തെ ജയിക്കാന്‍
ഉന്നം തെറ്റാതിരിക്കാന്‍
നിന്ദക്കുരയ്‌ക്കെതിരേ ഇച്ഛ
കൂര്‍പ്പിക്കാന്‍
വേണം, ആ വിരല്‍
പോലൊരാത്മബലം.'
'ഇല്ല തരില്ല ഞാന്‍.'

കെജിഎസ്
കെജിഎസ്

പുനരധിവാസത്തിന്റെ ഡീല്‍ 

ഈ രണ്ടാംഭാഷണത്തില്‍ ഗുരു ഭാഷകന്‍ തന്റെ ഗൂഢമായ രാഷ്ട്രീയ ദൗത്യം വെളിപ്പെടുത്തുന്നു. രാജ്യ 'താല്പര്യത്തിനായി നിന്റെ തള്ളവിരല്‍ ഞങ്ങള്‍ക്കു വേണം.' ഏകലവ്യകഥയില്‍നിന്ന് വിഭിന്നമാണത്. ജ്ഞാനാധികാരി ഇവിടെ തള്ളവിരല്‍ ആവശ്യപ്പെടുന്നത് ദക്ഷിണയായല്ല. എളിയവരുടെയാണെങ്കിലും പ്രതിഭാ വിസ്മയത്തെ ഞങ്ങള്‍ അംഗീകരിക്കും. വാഴ്ത്തും. മഹത്തായ ഒരു പാരമ്പര്യ വൈഭവത്തിന്റെ നിത്യസ്മാരകമായി പൊതുസ്ഥലത്ത് തള്ളവിരല്‍ ശില്പം ആദരവോടെ സ്ഥാപിക്കും എന്നത്രേ നഷ്ടപരിഹാരത്തിനുള്ള പുതിയ ഓഫര്‍. വേട ജാതിയോട് അയിത്തമില്ല, ആദരവുണ്ട് എന്ന സൂക്ഷ്മ പുരോഗമന കൗശലസന്ദേശം അപ്രകടമായി വിനിമയം ചെയ്യുന്നു ഈ പുതിയ ഡീല്‍. കീര്‍ത്തി എന്ന പുതിയ പ്രലോഭനം. അംഗീകാരം എന്ന പുതിയ വഞ്ചന. ജീവിതത്തിനു പകരം ജീവിതശില്പം. ഉയര്‍ത്തപ്പെടുന്നത് മാന്ത്രികമായ ഒരു അഭിഷേകത്തിലേക്കാണെന്ന പ്രതീതിയോടെയുള്ള ഹിംസ. അങ്ങനെ അര്‍ത്ഥ സാധ്യതാ നിക്ഷേപങ്ങള്‍ അനേകമുണ്ട്, ഈ പുനരധിവാസ ഡീലില്‍.

കുഞ്ഞമ്പു എന്ന പുതിയ ഏകലവ്യന്‍ ഇവിടെ ശിഷ്യസ്ഥാനത്തുനിന്ന് ഭാവിയുടെ ഗുരുസ്ഥാനത്തിലേക്ക് ഭരണകൂടത്താല്‍ അഭിഷേകം ചെയ്യപ്പെടുകയാണ്. 'കോച്ചില്ലാതെ നേടിയ കോയ്മയ്ക്ക് വിരല്‍ക്കരമായല്ല. ചാഞ്ചാട്ടത്തെ ജയിക്കാനും ഉന്നം തെറ്റാതിരിക്കാനും ഇച്ഛ കൂര്‍പ്പിക്കാനും ആ തള്ളവിരലിന്റെ ആത്മബലം ഇന്നൊരു രാജ്യാവശ്യമാണ്. അത് ഞങ്ങള്‍ക്കുവേണം.' സ്തുതിസ്‌നാതമായ ചതി. 'ഇല്ല, തരില്ല ഞാന്‍' എന്ന ശപഥസ്വരമാണ് ശരവീരന്റെ മറുപടി.

'അയ്യോ, ഞങ്ങളെടുക്കും മോനേ,
നഷ്ടപരിഹരം തരും.
പഞ്ചലോഹത്തില്‍
രണ്ടാള്‍പ്പൊക്കത്തില്‍
തള്ളവിരല്‍ ശില്പം തീര്‍ക്കും,
സ്ഥാപിക്കും നിന്റെ കാടോര ഊരില്‍,
കാടിക്കുടിയില്‍,
നിന്റെ കൂരതകര്‍ത്തുയരുന്ന
കെ റെയില്‍ സ്‌റ്റേഷനില്‍.
ഹിറ്റ്‌ലര്‍മുഖമുള്ള ഡിജിറ്റല്‍
ക്ലോക്കിനടുത്ത്.'

കെ റെയിലും പുനരധിവാസ ഹിംസയും 

'തരില്ല' എന്ന് കുഞ്ഞമ്പു ഖണ്ഡിതമായും പറയുന്നതോടെ ഭാഷകന്റെ ടോണ്‍ മാറുകയായി. ഭാഷണം കല്‍പ്പനയായി, ആജ്ഞാവാക്യമായി. സിനിസിസവും പാരഡിയും കലര്‍ന്ന ഒരു മിശ്രഭാഷയില്‍ വില്പനയുടെ ഡീല്‍ അധീശഭാഷകന്‍ ഉറപ്പിക്കുകയാണ്. 'തള്ളവിരലിനു രാജ്യം /ഭരണകൂടം നഷ്ടപരിഹാരം തരും. രണ്ടാള്‍പ്പൊക്കത്തില്‍, പഞ്ചലോഹത്തില്‍ തള്ളവിരല്‍ പ്രതിമ നിര്‍മ്മിച്ച് നഷ്ടപ്പെട്ട നിന്റെ പെരുമ ഞങ്ങള്‍ വീണ്ടെടുത്തു തരും. നന്ദി സൂചകമായി, നിന്റെ' കാടോര ഊരില്‍, കാടിക്കുടിയില്‍, നിന്റെ കൂര തകര്‍ത്തുയരുന്ന കെ റെയില്‍ സ്‌റ്റേഷനില്‍', അവിടെ സ്ഥാപിതമായ, ഫാസിസ്റ്റ് കാലംമാത്രം മിടിക്കുന്ന (സര്‍വ്വശക്തനായ) ഡിജിറ്റല്‍ ഘടികാരത്തിനു മുന്നില്‍, തള്ളവിരലിന്റെ ഒരു മിന്നുന്ന സ്മാരകം ഞങ്ങള്‍ സ്ഥാപിച്ചുതരും. ഇതാണ് ഡീല്‍. നിന്റെ തള്ളവിരല്‍ പറിച്ചുമാറ്റി, നിന്നില്‍നിന്ന് നിന്നെ മുറിച്ചെറിഞ്ഞ്, സ്വത്വത്തില്‍നിന്ന് കുടി ഒഴിപ്പിച്ച്, നഷ്ടപരിഹാരമായി ആ തള്ളവിരലിനെ വിഗ്രഹമായി വാഴിച്ച് ഞങ്ങള്‍ നിന്നെ പുനരധിവസിപ്പിക്കും. ഇതാണ് കോര്‍പ്പറേറ്റാശ്രിതഭരണകൂടം നാട്ടു, കാട്ടു യോദ്ധാക്കളുടെ മുന്നില്‍ വീശുന്ന 'വിലോഭനീയമായ' പുനരധിവാസ ഉടമ്പടി. ഇതുതന്നെയാണ് ഇടതു ഗവണ്‍മെന്റും കെ റെയിലിനാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നല്‍കുന്ന ഓഫര്‍. ആദ്യം പിഴുതെറിയുക, പിന്നെ, മായികമായി ശില്പവല്‍ക്കരിക്കുക. എവിടെയും ഇപ്പോഴിതൊരു പുനരധിവാസ സിംബലിസ്റ്റ് അരങ്ങ്. പുതിയൊരിനം തിയേറ്റര്‍ ഓഫ് ക്രൂവല്‍റ്റി. ക്രൂരതയുടെ രംഗാവതരണം. അമ്പെയ്യേണ്ട കയ്യില്‍നിന്ന് തള്ളവിരലറുത്ത് മാറ്റുക, അതിനു നഷ്ടപരിഹാരമായി മൃതനിശ്ചലമായ തള്ളവിരല്‍ശില്പം പണിയുക. നഷ്ടപരിഹാര'മായ' കൊണ്ട് ഭരണകൂടത്തിന്റെ അനീതിയും ഹിംസയും മൂടുക. പ്രാണന്‍ തട്ടിയെടുത്ത് ജഡപ്രതീകം പകരംവെയ്ക്കുന്ന അതിക്രൂരമായ പുനരധിവാസം. ജനതയുടെ പ്രാണമണ്ഡലത്തെ, ഇച്ഛാമണ്ഡലത്തെ, പ്രതിഭാമണ്ഡലത്തെ, പറിച്ചുമാറ്റി, പകരം നഷ്ടാവയവത്തിന്റെ വിഗ്രഹം പ്രതിഷ്ഠിക്കുക. ജീവനു പകരം ജഡം എന്നതാണ് ഇന്ന് ഭരണകൂടങ്ങള്‍ പ്രഖ്യാപിക്കുന്ന പുനരധിവാസ പദ്ധതികളുടെ പൊരുള്‍ എന്ന് കവിത വെളിപ്പെടുത്തിത്തരുന്നു. ജീവനു പകരം ജഡം ഇനാം. ഈ വെളിപ്പെടുത്തലാണ് കവിത നടത്തുന്ന അനന്യമായ പ്രതിരോധം. ഒരേസമയം ഒരു രോദനവും (വിദ്ധ്വംസകമായ) ഒരു ചിരിയും അതിലടങ്ങിയിരിക്കുന്നു. ഒരേസമയം തന്ത്രപ്രധാനമായ ഒരു ഡീകോഡിങ്ങും ഒരു സമരജാഗ്രതാ സന്ദേശവുമാണ് ഈ വെളിപ്പെടുത്തല്‍.

ഏകലവ്യ സമസ്യയെ സമകാലീന കേരള രാഷ്ട്രീയ സന്ദര്‍ഭവുമായി ഘടിപ്പിക്കുന്നുണ്ട് കവിത. അതിന്റെ പ്രത്യക്ഷ സൂചനയാണ് 'നിന്റെ കൂര തകര്‍ത്തുയരുന്ന കെ റെയില്‍ സ്‌റ്റേഷന്‍' എന്ന പരാമര്‍ശം. ഇന്ത്യയെങ്ങും ലോകമെങ്ങും നടമാടുന്ന കോര്‍പ്പറേറ്റ് നവാധിനിവേശ രാഷ്ട്രീയത്തിന്റെ വിദ്ധ്വംസകമായ യുദ്ധമുഖങ്ങളാണ് ഇത്തരം 'പുനരധിവാസ' ഹിംസാപദ്ധതികള്‍ എന്നും ഇതാ, ഈ നിമിഷത്തില്‍, കേരളത്തില്‍ ഇതു സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നും ജാഗ്രതപ്പെടുത്തുകയാണ് കവിത. 
കെ റെയിലിനുവേണ്ടി നടത്തുന്ന ആവാസഹത്യകള്‍, 'കാടോര' ഊരുകള്‍പോലും പിടിച്ചെടുക്കല്‍, കൂരകളില്‍നിന്ന് പെരുവഴിയിലേക്ക് പരമദരിദ്രരെ കുടിയൊഴിപ്പിക്കല്‍, കുടിമുടിപ്പിക്കല്‍, ഇതിനെല്ലാം നഷ്ടപരിഹാരമായി പ്രതീകാത്മകമായ പുനരധിവാസ പ്രക്രിയ. ഇടതു ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്ന വേഗവികസനത്തിന്റേയും പുനരധിവാസത്തിന്റേയും വഞ്ചനാപരതയെ ഈ നവ ഏകലവ്യ കഥ, ഭംഗ്യന്തരേണ വെളിപ്പെടുത്തുന്നു. നാട്ടുകാരുടെ മുറിച്ചെടുത്ത തള്ളവിരല്‍ ബലത്തെ കോര്‍പ്പറേറ്റ് വികസന പദ്ധതികളോടും ഫാസിസത്തിന്റെ ഘടികാരത്തോടും കൂട്ടിച്ചേര്‍ക്കുന്ന കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക്, വിരലറുക്കപ്പെട്ടവര്‍ക്ക് പാരിതോഷികമായി മിത്തും സ്മാരകവും പണിതുകൊടുക്കുന്ന, കുടിലമായ ആഗോള കോര്‍പ്പറേറ്റ്ഫാസിസ്റ്റ് പദ്ധതിയാണ് 'പുനരധിവാസം' എന്ന കാലസത്യമാണ് ഇവിടെ മറനീക്കിക്കാട്ടുന്നത്.
'രണ്ടും നോക്കി ജ്ഞാനികള്‍ പറയും:

നേര്‍ക്ക് നേര്‍ രണ്ട് കാലങ്ങള്‍,
വിരുദ്ധയാത്രകള്‍, ഒരേ പ്ലാറ്റ്‌ഫോമില്‍.
ദേശക്ലോക്കിന്റെ ഇത്തിരിവട്ടത്തില്‍
ക്രൂരതയുടെ കീര്‍ത്തനവുമായൊന്ന്.
മുറിച്ചവിരല്‍ സ്വന്തം കൈ
വീണ്ടെടുക്കാന്‍
 സമയം ശരവര്‍ഷമാക്കുന്നത് മറ്റൊന്ന്.'

ഒരേ പ്ലാറ്റ്‌ഫോമില്‍ രണ്ടു വിരുദ്ധകാലങ്ങള്‍, യാത്രകള്‍ 

വര്‍ത്തമാന ചരിത്രത്തിലെ, വിധിനിര്‍ണ്ണായകമായ ഒരു രാഷ്ട്രീയ ഏറ്റുമുട്ടലിനെ, ഈ നവ ഏകലവ്യ പ്രമേയത്തെ, ഒരു ജ്ഞാനസമസ്യയുടെ വിതാനത്തിലേക്കു കൊണ്ടുവരികയാണൊടുവില്‍. കഥാവ്യവഹാരത്തില്‍നിന്ന് ജ്ഞാനവ്യവഹാരത്തിലേക്കുള്ള മൊഴിമാറ്റം. തത്ത്വജ്ഞാനിയുടെ നിര്‍മ്മമവും വിവേകമയവുമായ രീതിശാസ്ത്രത്തില്‍, ഭാഷയില്‍, ഈ നേരിടല്‍ സന്ദര്‍ഭത്തെ മൂല്യപരിശോധന ചെയ്യുകയാണ് കവിത. ഒരേ പ്ലാറ്റ്‌ഫോമില്‍ രണ്ട് വിരുദ്ധകാലങ്ങള്‍, വിരുദ്ധയാത്രകള്‍, നേര്‍ക്കുനേര്‍ വരുന്ന വിഭ്രാമകവും വിരോധാഭാസകരവും ആയ ഒരു സംഗരരംഗമായി സമകാലീന ചരിത്രം പിടിച്ചെടുക്കപ്പെടുകയാണ്.

ഒരു വശത്ത്, ദേശ നേരത്തിന്റെ ഇത്തിരിവട്ടത്തില്‍ ക്രൂരതയുടെ കീര്‍ത്തനമാവുന്ന ഒരു കാലം, ദിശ, വാഴ്ച. മറുവശത്ത് ഇച്ഛാശക്തിയും ക്രിയാശക്തിയും തമ്മിലുള്ള സംയോഗത്തിലൂടെ നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുന്ന പ്രതിരോധനേരം, തന്ത്രം, നില. ഒരു വശത്ത് തള്ളവിരല്‍ മുറിച്ച്, പകരം, നഷ്ടപരിഹാരം കല്പിക്കുന്ന അധീശനേരം. മറുവശത്ത്, മുറിഞ്ഞവിരല്‍ സ്വന്തം കൈവീണ്ടെടുക്കാന്‍ കാലത്തെത്തന്നെ ശരപൂരമാക്കുന്ന എതിര്‍കാലം, എതിര്‍വീര്യം, എതിര്‍കര്‍ത്തൃത്വം. ഒരുവശത്ത് കോര്‍പ്പറേറ്റ്അധിനിവേശവാഴ്ചയും അതിന്റെ ആജ്ഞാനുവര്‍ത്തികളായ ഫാസിസ്റ്റ് ഭരണകൂടങ്ങളും പുനരധിവാസം എന്ന പേരില്‍ നടത്തുന്ന ആവാസഹത്യ. മറുവശത്ത് കുടിയൊഴിക്കപ്പെടുന്ന, കുടിമുടിക്കപ്പെടുന്ന, ആദിവാസി ഗോത്ര, ദളിതജനകീയ വിഭാഗങ്ങളുടെ വീരപ്രതിരോധം. 

തള്ളവിരല്‍ അറുക്കല്‍, പ്രതിരോധ കര്‍ത്താവിനെ ദുര്‍ബ്ബലമാക്കുകയല്ല. പകരം അത് പ്രതിരോധവീര്യത്തിന്റെ ഇന്ധനമാകുന്നു. പ്രതിരോധകന്റെ ഉദ്ദീപിതമായ ഇച്ഛനഷ്ടശക്തിയെ പ്രതീത്യാത്മകമായി വീണ്ടെടുത്തു്, വംശവീര്യത്തെ സമാഹരിച്ച്, പതിന്മടങ്ങു വീര്യമുള്ള ഒരു സമരകായത്തെ നിര്‍മ്മിക്കുന്നു. സമയത്തെത്തന്നെ അയാള്‍ ശരപൂരിതമാക്കി, സമരപൂരിതമാക്കി മാറ്റുന്നു. ഇതാണ് കവിത കണ്ടുപിടിക്കുന്ന ഉള്‍ച്ചരിത്രം എന്ന അത്ഭുത സംഭവം; അധികാരികളെ നടുക്കുന്നതും പ്രതിരോധികളെ ആവേശം കൊള്ളിക്കുന്നതുമായ സൂക്ഷ്മരാഷ്ട്രീയ സംഭവം. അക്ഷതമായ കൈപ്പത്തിക്കാവാത്തത്, പോരാളിയുടെ മുറിഞ്ഞവിരല്‍ സാധ്യമാക്കുന്നു. മുറിഞ്ഞവിരലിനെ, നവീന വീരനായകനായ കുഞ്ഞമ്പു, കാമനയുടേയും ഇച്ഛയുടേയും ക്രിയയുടേയും മണ്ഡലത്തിലേക്ക് പ്രതീത്യാത്മകമായി വീണ്ടെടുക്കുകയും പൂര്‍ണ്ണ ഇച്ഛയായി, ക്രിയാവൈഭവമായി അതിനെ പുനഃപ്രവര്‍ത്തിപ്പിച്ച്, കാലത്തെത്തന്നെ ശരമാരിയാക്കി, സമരരൂപമാക്കി പരിവര്‍ത്തനം ചെയ്യിക്കുന്നതാണ് കവിത പിടിച്ചെടുക്കുന്ന അത്ഭുതം, സംഭവം.

പ്രതീത്യാത്മക തലത്തിലേക്ക് സമരത്തെ സന്നിവേശിപ്പിച്ചുകൊണ്ട്, ഇച്ഛയേയും വംശവീര്യത്തേയും ക്രിയാവൈഭവത്തേയും സമാഹരിച്ചുകൊണ്ട്, ഉദയം ചെയ്യുന്ന ഒരു വീരപ്രതിരോധ കര്‍ത്തൃത്വത്തെയാണ് കുഞ്ഞമ്പുവിലൂടെ കവിത പരീക്ഷണം ചെയ്യുന്നത്. പുതുക്കിയെഴുതിയ ഈ ഏകലവ്യ കഥ പ്രതിരോധ രാഷ്ട്രീയത്തിന്, കലയ്ക്ക്, ജ്ഞാനത്തിന് ശുഭകരമെന്ന് പറയാവുന്ന ഒരു ഉന്മുഖത നല്‍കുന്നു. പെരുവിരല്‍ മുറിക്കപ്പെട്ട വില്ലാളിവീരന്റെ, കുടിയൊഴിക്കപ്പെട്ടവന്റെ, പുറന്തള്ളപ്പെട്ടവന്റെ, പ്രതിരോധിക്കുന്നവന്റെ അജയ്യമായ ഒരു ചിരി, അടക്കിപ്പിടിച്ച രോദനത്തോടും ക്ഷോഭത്തോടുമൊപ്പം ഈ കവിതയില്‍ നിഗൂഹനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com