'യുക്രൈന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തൂ'; സെലന്‍സ്‌കിക്ക് പിന്നാലെ പുടിനേയും ഫോണില്‍ വിളിച്ച് മോദി

ബസ് പോകേണ്ട വഴികളില്‍ സ്‌ഫോടനം ഉണ്ടായ സാഹചര്യത്തിൽ സുമിയിൽ നിന്നുള്ള ഒഴിപ്പിക്കൽ  നിര്‍ത്തിവെച്ചു
പുടിനും മോദിയും/ ഫയൽ
പുടിനും മോദിയും/ ഫയൽ

ന്യൂഡല്‍ഹി: യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ടെലഫോണില്‍ വിളിച്ചപ്പോഴാണ് പുടിന്റെ വാഗ്ദാനം. സംഭാഷണം 50 മിനുട്ടോളം നീണ്ടു നിന്നു. യുക്രൈനിലെ സാഹചര്യം ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. 

യുക്രൈനുമായി നടക്കുന്ന ചർച്ചയുടെ വിശദാംശങ്ങൾ പുടിൻ മോദിയുമായി പങ്കുവച്ചു. വെടിനിർത്തലിനു മോദി പിന്തുണ അറിയിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിന് യുക്രൈൻ - റഷ്യ പ്രസിഡന്റുമാർ നേരിട്ടു ചർച്ച നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. 

കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ഇരുനേതാക്കളുമായും ചർച്ച നടത്തിയത്. 
ഇതു മൂന്നാം തവണയാണ് പുടിനുമായി നരേന്ദ്രമോദി ചർച്ച നടത്തുന്നത്. നേരത്തെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയുമായും പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. 

കിഴക്കൻ യുക്രൈനിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന എഴുനൂറിലേറെ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ തുടരുകയാണ്. യുക്രൈനിലുള്ള ഇന്ത്യക്കാർ പേരും മൊബൈൽ നമ്പരും ഇ-മെയിലും നിലവിലെ വിലാസവും പാസ്പോർട്ട് വിവരങ്ങളും ഓൺലൈൻ വഴി കൈമാറാൻ ഇന്ത്യൻ എംബസി നിർദേശിച്ചു. ആരൊക്കെ എവിടെയൊക്കെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു കണ്ടെത്താനാണിത്.

ഹർകീവിനു സമീപമുള്ള പെസോച്ചിനിൽ കുടുങ്ങിയ ആയിരത്തോളം പേരെ ഘട്ടംഘട്ടമായി ബസുകളിൽ യുക്രെയ്നിന്റെ പടിഞ്ഞാറൻ മേഖലയിലേക്കെത്തിച്ചു. അതേസമയം, ബസ് പോകേണ്ട വഴികളില്‍ സ്‌ഫോടനം ഉണ്ടായ സാഹചര്യത്തിൽ സുമിയിൽ നിന്നുള്ള ഒഴിപ്പിക്കൽ  നിര്‍ത്തിവെച്ചു. വിദ്യാര്‍ഥികളോട് സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ തുടരാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com