ചൈനയില്‍ കോവിഡ് ബാധിച്ച് രണ്ടുമരണം; ഒന്നര വര്‍ഷത്തിനിടെ ആദ്യം; ജിലിന്‍ പ്രവിശ്യയില്‍ സമൂഹവ്യാപനം; നാലാം തരംഗം പിടിമുറുക്കുന്നു

നിരവധി ചൈനീസ് നഗരങ്ങളില്‍ ലോക്ഡൗണോ, സമാനമായ കടുത്ത നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയിരിക്കുകയാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബീജിങ്: ചൈനയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. ഒന്നര വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ചൈനയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു മരണവും വടക്കുകിഴക്കന്‍ മേഖലയായ ജിലിന്‍ പ്രവിശ്യയിലാണെന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. 

ഇതോടെ ചൈനയില്‍ കോവിഡ് ബാധിച്ചുള്ള മരണം 4638 ആയതായി ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി 26 നാണ് അവസാനമായി ചൈനയില്‍ കൊറോണ മരണം സ്ഥിരീകരിച്ചത്. ലോകത്ത് കോവിഡ് നാലാം തരംഗം ശക്തമാകുന്നു എന്ന റിപ്പോര്‍ട്ടിനിടെ, ചൈനയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഒമൈക്രോണ്‍ കേസുകളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. 4051 കോവിഡ് കേസുകളാണ് ചൈനയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 2157 കേസുകളും ജിലിന്‍ പ്രവിശ്യയിലാണ്. ഈ മേഖലയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. 

ഇതേത്തുടര്‍ന്ന് ഈ പ്രവിശ്യയില്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി. 2021 ലേതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഈ വര്‍ഷം ചൈനയില്‍ കോവിഡ് രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ഇതുവരെ 1,28,400 പേര്‍ക്ക് കോവിഡ് ബാധിച്ചു എന്നാണ് സര്‍ക്കാര്‍ പുറത്തുവിടുന്ന ഔഗ്യോഗിക കണക്കുകള്‍. 

കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് നിരവധി ചൈനീസ് നഗരങ്ങളില്‍ ലോക്ഡൗണോ, സമാനമായ കടുത്ത നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തെക്കന്‍ നഗരമായ ഷെങ്‌സാനില്‍ ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതിയില്ല. ഷാങ്ഹായിയില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനാക്കി. കോവിഡ് ബാധിതരെ കണ്ടെത്താനായി സമൂഹപരിശോധനാക്യാമ്പുകള്‍ നടത്തിവരികയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com