ദേശീയം

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്. 182 അംഗ സഭയില്‍ 89 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 19 ജില്ലകളിലായി 977 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുളളത്. 2.12 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തിലുളളത്. 24698 പോളിങ് സ്‌റ്റേഷനുകളിലും വോട്ടിങ് യന്ത്രത്തിനൊപ്പം വിവിപാറ്റ് യന്ത്രങ്ങളും ഉപയോഗിക്കും. 

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കരുത്തന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടു ഡസന്‍ മണ്ഡലങ്ങളിലെങ്കിലും തീപാറുമെന്ന് ഉറപ്പ്. പ്രബലന്മാരുടെ മണ്ഡലങ്ങളിലെ സ്വതന്ത്ര ബാഹുല്യം വോട്ട് ചിതറിക്കുമെന്ന ആശങ്കയും ഇരുപക്ഷത്തുമുണ്ട്. ഇരുപതോളം മണ്ഡലങ്ങളില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്കു പുറമേ എന്‍സിപിയും ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതു കോണ്‍ഗ്രസില്‍ ആശങ്കയുയര്‍ത്തുന്നു.  

മുഖ്യമന്ത്രി വിജയ് രൂപാണി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികനായ ഇന്ദ്രാനില്‍ രാജ്യഗുരു ആണ് എതിര്‍ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു വിശേഷിപ്പിക്കാവുന്ന ശക്തിസിങ് ഗോഹിലും ബിജെപിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്രസിങ് ജഡേജയും കൊമ്പുകോര്‍ക്കുന്ന മാണ്ഡ്‌വി, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ മോധ്‌വാദിയയും ബിജെപിയുടെ കൃഷി മന്ത്രി ബാബു ബോക്കിരിയയും ഏറ്റുമുട്ടുന്ന പോര്‍ബന്ദര്‍ എന്നിവിടങ്ങളിലും തീപാറും. വാധ്വാന്‍, ജസ്ദാന്‍, ധൊരാജി, ഭാവ്‌നഗര്‍ വെസ്റ്റ്, കുടിയാന, ഉന, അമ്‌റേലി, ബോത്താഡ്, വരാച്ഛ റോഡ്, ഝഗാദിയ, സൂറത്ത് എന്നിവയാണു കടുത്ത മല്‍സരമുള്ള മറ്റു മണ്ഡലങ്ങള്‍. 

സംസ്ഥാനത്ത് ഒറ്റയ്ക്കു മത്സരിക്കുന്ന ബിജെപിക്ക് ആദ്യഘട്ടത്തിലെ എല്ലാ മണ്ഡലത്തിലും സ്വന്തം സ്ഥാനാര്‍ഥികളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമായിരുന്നു ബിജെപിയുടെ പ്രകടനപത്രിക തന്നെ. ഗുജറാത്ത് വികാരം ആളിക്കത്തിച്ചും ജാതി പരാമര്‍ശങ്ങളെ കുത്തിയിളക്കിയും വികസന വാദ്ഗാനങ്ങള്‍ വാരിവിതറിയുമായിരുന്നു ബിജെപിയുടെ വോട്ടു പിടിത്തം.

പട്ടേല്‍, ക്ഷത്രിയ, ആദിവാസി, പിന്നാക്ക, ദലിത് സമുദായങ്ങളുടെ വിശാലസഖ്യവുമായാണു കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്. ഹാര്‍ദിക് പക്ഷത്തിനടക്കം പട്ടേലുകള്‍ക്കും പിന്നാക്ക, ദലിത്,ആദിവാസികള്‍ക്കും മുസ്‌ലിംകള്‍ക്കും സീറ്റുകള്‍ നല്‍കുകയും ഐക്യജനതാദളുമായി (ശരദ് യാദവ് പക്ഷം) സീറ്റ് ധാരണയിലെത്തുകയും ചെയ്തു. എന്‍സിപി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുമായി ധാരണയിലെത്തിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത