ദേശീയം

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: മ്യാന്‍മറില്‍ നിന്നും ഇന്ത്യയിലെത്തിയ അനധികൃത അഭയാര്‍ത്ഥികളെ നാടുകടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രിംകോടതിയില്‍ അടുത്ത തിങ്കളാഴ്ച നല്‍കുന്ന സത്യവാങ്മൂലത്തിലാണ് രാജ്യത്ത് തങ്ങുന്ന റോഹിന്‍ഗ്യ മുസ്‌ലീങ്ങളെ നാടുകടത്താന്‍ തീരുമാനിച്ച വിവരം സര്‍ക്കാര്‍ അറിയിക്കുന്നത്. ഇവരെ തിരിച്ചയയ്ക്കുന്ന വിഷയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. അതേസമയം റോഹിന്‍ഗ്യകളെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.

ഇന്ത്യയിലുള്ള റോഹിന്‍ഗ്യന്‍ സമൂഹത്തിന്റെ ജീവനും സ്വാതന്ത്യവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭയാര്‍ത്ഥികളായ മുഹമ്മദ് സലീമുള്ളയും മുഹമ്മദ് ഷക്കീറും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അഭയാര്‍ഥികളായി ഇന്ത്യയിലേയ്‌ക്കെത്തിയവരെ മ്യാന്മാറിലേയ്ക്കു തന്നെ തിരികെ അയയ്ക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി, കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടത്.

പ്രശാന്ത് ഭൂഷണും പ്രണവ് സച്ച്‌ദേവയുമാണ് റോഹിങ്ക്യന്‍ സമൂഹത്തിനായി വാദിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം. ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നിയമപരമായി ഇവിടെ അഭയാര്‍ത്ഥികളായിരിക്കുന്നവരെ യുഎന്‍ ചട്ടപ്രകാരം തുടരാന്‍ അനുവദിക്കുകയും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അനധികൃതമായി രാജ്യത്ത് തങ്ങുന്ന റോഹിന്‍ഗ്യകളെ കണ്ടെത്താന്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം കൊടുക്കുകയും ഇങ്ങനെ കണ്ടെത്തുന്നവരെ നിയമപരമായി നാടുകടത്തുമെന്നുമാണ് കേന്ദ്രം സുപ്രിംകോടതിയെ അറിയിക്കുക.

രാജ്യത്ത് 14,000 റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങള്‍ യുഎന്‍ ഹൈകമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജിജു ആഗസ്റ്റ് ഒമ്പതിന് പാര്‍ലമെന്റിനെ അറിയിച്ചിരുന്നത്. അരലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇവിടെ തങ്ങുന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ജമ്മു, ഹൈദരാബാദ്, ഹരിയാന, യുപി, ദില്ലി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ കുടിയേറി താമസിക്കുന്നുണ്ട്.

ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ റോഹിന്‍ഗ്യകള്‍ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് സൈനികര്‍ റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ അക്രമം അഴിച്ചുവിടാന്‍ തുടങ്ങിയത്. തുടര്‍ന്ന് ജനങ്ങള്‍ പാലായനം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. സൈനിക നടപടികളില്‍ നാനൂറിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍