ദേശീയം

'ഉത്തരപേപ്പറിനൊപ്പം 100 രൂപ കൂടിവെച്ചോ, നാലുമാര്‍ക്കിന്റെ ചോദ്യത്തിന് കണ്ണടച്ച് മൂന്ന് മാര്‍ക്ക് തരും'; കുറുക്കുവഴി ഉപദേശിച്ച പ്രിന്‍സിപ്പല്‍ കുടുങ്ങി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബോര്‍ഡ് പരീക്ഷയില്‍ തട്ടിപ്പ് നടത്താനുളള കുറുക്കുവഴികള്‍ ഉപദേശിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഉത്തരപേപ്പറിനൊപ്പം 100 രൂപ വച്ചും മറ്റും തട്ടിപ്പ് നടത്താന്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികളോട് ഉപദേശിക്കുന്ന പ്രിന്‍സിപ്പലിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ ചിത്രീകരിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതി പരിഹാര പോര്‍ട്ടലില്‍ വിദ്യാര്‍ത്ഥി വീഡിയോ അപ്‌ലോഡ് ചെയ്തതോടെയാണ് പ്രിന്‍സിപ്പല്‍ കുടുങ്ങിയത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

സ്‌കൂളിലെ പ്രിന്‍സിപ്പലും മാനേജരുമായ പ്രവീണ്‍ മാളിനെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ഉത്തര്‍പ്രദേശ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ബോര്‍ഡിന്റെ പരീക്ഷകള്‍ സംസ്ഥാനത്തൊട്ടാകെ ആരംഭിച്ചത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുളള സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥി മൊബൈലില്‍ പിടിച്ച വീഡിയോയില്‍ കുടുങ്ങിയത്.

അവസാന പരീക്ഷകള്‍ക്ക് മുന്നോടിയായി വിളിച്ച യോഗത്തിനിടയിലാണ് പ്രിന്‍സിപ്പലിന്റെ വിലയേറിയ ഉപദേശം. രക്ഷിതാക്കള്‍ കൂടി സന്നിഹിതരായിട്ടുള്ള വേദിയിലാണ് കോപ്പിയടിക്കുന്നതിനും ഉത്തരക്കടലാസില്‍ കറന്‍സി നോട്ട് വയ്ക്കുന്നതിനുമുളള നിര്‍ദേശം പ്രിന്‍സിപ്പല്‍ നല്‍കുന്നത്.

'എന്റെ സ്‌കൂളിലെ ഒരു കുട്ടി പോലും തോല്‍ക്കില്ലെന്ന് ഞാന്‍ വെല്ലുവിളിക്കുന്നു. ഇവര്‍ ഒരു തരത്തിലും ഭയപ്പെടേണ്ട കാര്യമില്ല. പരീക്ഷ എഴുതുമ്പോള്‍ നിങ്ങള്‍ക്ക് പരസ്പരം സംസാരിക്കാം. പക്ഷേ അടുത്തിരിക്കുന്ന ആളെ സ്പര്‍ശിക്കരുത്. സംസാരിച്ചുകൊണ്ട് പരീക്ഷ എഴുതുന്നതില്‍ ഭയപ്പെടേണ്ട.സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നു ഇന്‍വിജിലേറ്റര്‍മാരായി എത്തുന്നവര്‍ എന്റെ സുഹൃത്തുക്കളാണ്. ആരെങ്കിലും കോപ്പിയടിക്കുന്നത് പിടിച്ച് നിങ്ങള്‍ക്ക് രണ്ട് അടി തന്നാലും ഭയപ്പെടേണ്ട കാര്യമില്ല. അത് സഹിച്ചാല്‍ മതി'- രണ്ടു മിനിറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ പറയുന്നു.

പ്രിന്‍സിപ്പലിന്റെ ഉപദേശം ശരിയാണെന്ന് വിദ്യാര്‍ഥികളില്‍ ചിലര്‍ പ്രതികരിക്കുന്നതായും വീഡിയോയില്‍ കാണാന്‍ കഴിയും. 'ഒരുചോദ്യം പോലും ഉത്തരമെഴുതാതെ വിടരുത്. നൂറ് രൂപ നോട്ട് ഉത്തരക്കടലാസിനൊപ്പം വക്കുകയാണെങ്കില്‍ അധ്യാപകര്‍ കണ്ണടച്ച് മാര്‍ക്ക് നല്‍കും, നാലു മാര്‍ക്കുളള ചോദ്യത്തിന് മൂന്ന് മാര്‍ക്ക് ഉറപ്പായും നല്‍കും,'- ജയ്ഹിന്ദ്, ജയ്ഭാരത് എന്നി മുദ്രാവാക്യം വിളികളോടെയാണ് പ്രിന്‍സിപ്പലിന്റെ ഉപദേശം അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത