ദേശീയം

20 കുട്ടികൾ തോക്കിൻമുനയിൽ; വീട്ടിനുള്ളിൽ ബന്ദികളാക്കി കൊലക്കേസ് പ്രതി; നിസഹായരായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തർപ്രദേശിലെ ഫറുക്കാബാദിൽ 20 കുട്ടികളേയും നിരവധി സ്ത്രീകളേയും വീട്ടിനുള്ളിൽ ബന്ദികളാക്കി. കൊലക്കേസ് പ്രതിയാണ് കുട്ടികളും സ്ത്രീകളുമടങ്ങുന്നവരെ ബന്ദികളാക്കിയത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഒപ്പം യുപി ഭീകര വിരുദ്ധ സേനയും സ്ഥലത്തുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോ​ഗി ആദിത്യ നാഥിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോ​ഗസ്ഥരുടെ അടിയന്തര യോ​ഗം ചേർന്നിട്ടുണ്ട്.

സുഭാഷ് ബാസ്തവ് എന്ന കൊലക്കേസ് പ്രതിയാണ് ഇത്തരത്തിൽ കുട്ടികളേയും സ്ത്രീകളേയും ബന്ദികളാക്കി വച്ചിരിക്കുന്നത്. പരോളിലിറങ്ങിയ ഇയാൾ തന്റെ വീട്ടിലാണ് ഇവരെ ബന്ദികളാക്കിയിരിക്കുന്നത്. ഇയാളുടെ ഭാര്യയും കുട്ടിയും വീട്ടിൽ തന്നെയുണ്ട്.

തന്റെ കുട്ടിയുടെ ഒന്നാം ജന്മദിനാഘോഷത്തിന്റെ ഭാ​ഗമായി സുഭാഷ് ബാസ്തവ് വീട്ടിലേക്ക് നാട്ടുകാരെയും മറ്റും വിളിച്ചിരുന്നു. കുട്ടികളെയാണ് പ്രധാനമായും ക്ഷണിച്ചത്. കുട്ടികൾക്കൊപ്പം അമ്മമാരും ഈ വീട്ടിലേക്ക് വന്നു. കുട്ടികളും സ്ത്രീകളും വീട്ടിലേക്ക് കയറിയയുടനെ ഇയാൾ കതക് കുറ്റിയിട്ട് തോക്കിൻ മുനയിൽ നിർത്തി അവരെ ഭീഷണിപ്പെടുത്തി ബന്ദികളാക്കുകയായിരുന്നു.

വീട്ടിനുള്ളിലേക്ക് ഇടിച്ചു കയറി ബല പ്രയോ​ഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമം പൊലീസ് നടത്തി. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. വീട്ടിനുള്ളിൽ നിന്ന് ഇയാൾ പൊലീസിന് നേരെ വെടി വയ്ക്കുന്ന സാഹചര്യമുണ്ടായി. പൊലീസ് വാഹനത്തിന് നേരെ നാടൻ ബോംബും എറി‍ഞ്ഞു. ഇതേത്തുടർന്നാണ് പൊലീസ് ഏറ്റുമുട്ടൽ ശ്രമം ഉപേക്ഷിച്ചത്. ​ഗ്രാമത്തിലെ പ്രമുഖരായ വ്യക്തികളെ രം​ഗത്തിറക്കി ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്.

വെടിവയ്പ്പിൽ മൂന്ന് പൊലീസുകാർക്കും ഒരു പ്രദേശവാസിക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ പ്രകോപനത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും റിപ്പോർട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ