ദേശീയം

ബിജെപിയുടെ ഗൂഢാലോചന രാജ്യം മുഴുവന്‍ കണ്ടതാണ്; പ്രത്യേക കോടതി വിധി ഭരണഘടനയ്ക്ക് എതിരെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്ക് എതിരെ കോണ്‍ഗ്രസ്. പ്രത്യേക കോടതി വിധി സുപ്രീം കോടതി വിധിക്കും ഭരണഘടനയ്ക്കും എതിരാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. 

വിധിക്കെതിരെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അപ്പീല്‍ പോകുമെന്നാണ് ഭരണഘടനയില്‍ വിശ്വാസമുള്ളവരും മതേതരത്വം സൂക്ഷിക്കുന്നവരുമായ എല്ലാ ജനങ്ങളും വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

2019 നവംബറില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച്, പള്ളി പൊളിച്ചത് ഭരണഘടനയുടെയും നിയമങ്ങളുടെയും ലംഘനമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രത്യേക കോടതി എല്ലാ കുറ്റാരോപിതരേയും വെറുതേവിടുകയാണ് ചെയ്തത്. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായ വിധിയാണ് ഇതെന്ന് സുര്‍ജേവാല പറഞ്ഞു. 

അധികാരം പിടിച്ചെടുക്കാനായി രാജ്യത്തിന്റെ മതേതരത്വവും സാഹോദര്യവും തകര്‍ത്തുകൊണ്ട് ബിജെപിയും ആര്‍എസ്എസും നടത്തിയ ഗൂഢാലോചന രാജ്യം മുഴുവന്‍ സാക്ഷ്യം വഹിച്ചതാണെന്നും അദ്ദേഹം തുറന്നടിച്ചു. 

ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടല്ലെന്നും ഗൂഢാലോചനയ്ക്കു തെളിവില്ലെന്നുമാണ് പ്രത്യേക കോടതി ജഡ്ജി എസ്‌കെ യാദവ് വിധിച്ചത്. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും കോടതി പറഞ്ഞു.

കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സിബിഐക്കു കഴിഞ്ഞിട്ടില്ലെന്ന് രണ്ടായിരം പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. സിബിഐ ഹാജരാക്കിയ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി.

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനി, മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി, മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങ് എന്നിവര്‍ ഉള്‍പ്പെടെ 32 പേരാണ്, ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി