ബാബ രാംദേവ്
ബാബ രാംദേവ്  ഫയല്‍
ദേശീയം

'രാജ്യത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുന്നു'; പതഞ്ജലിക്കെതിരെ സുപ്രീം കോടതി, പരസ്യങ്ങള്‍ക്കു വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പതഞ്ജലി ആയുര്‍വേദിന്റെ മരുന്നുകള്‍ പരസ്യം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സുപ്രീം കോടതി. പരീക്ഷണാടിസ്ഥാനത്തിലുള്ള തെളിവുകളില്ലാതെ ചില രോഗങ്ങള്‍ ഭേദമാക്കുമെന്ന അവകാശവാദങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുകയാണ് പതഞ്ജലി ചെയ്യുന്നതെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീന്‍ അമാനുല്ലയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രോഗങ്ങള്‍ ഭേദമാക്കുമെന്ന് അവകാശപ്പെടുന്ന ഔഷധ ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതു വിലക്കിയ സുപ്രീം കോടതി, കോടതിക്കു നല്‍കിയ ഉറപ്പു ലംഘിച്ചതിന് പതഞ്ജലിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്കു തുടക്കമിട്ടു.

പതഞ്ജലിയുടെ സ്ഥാപകരായ ബാബ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കുമാണ് കോടതിയലക്ഷ്യ നോട്ടീസ്. പതഞ്ജലിയുടെ പരസ്യങ്ങള്‍ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് ആക്ട് ലംഘിക്കുന്നുവെന്ന് കോടതി നേരത്തെയും വ്യക്തമാക്കിയിരുന്നു. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ രോഗങ്ങള്‍ ഭേദമാക്കുമെന്ന തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുമ്പും കോടതി പറഞ്ഞിരുന്നു. നിയമവിരുദ്ധമായി പതഞ്ജലി പരസ്യം ചെയ്യുന്നതു തുടരുന്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും കണ്ണടച്ചിരിക്കുകയാണോയെന്നും കോടതി ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോവിഡ് 19 വാക്‌സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ സ്വയം പ്രഖ്യാപിത യോഗ ഗുരുവും അദ്ദേഹത്തിന്റെ കമ്പനിയും അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. രോഗങ്ങള്‍ ഭേദമാക്കുമെന്ന് അവകാശപ്പെടുന്ന പതഞ്ജലി ആയുര്‍വേദ് ഉല്‍പ്പന്നങ്ങളുടെ ഓരോ പരസ്യത്തിലും തെറ്റായ അവകാശവാദത്തിന് ഒരു കോടി രൂപ ഈടാക്കുമെന്ന് നവംബറില്‍ സുപ്രീംകോടതി താക്കീതും നല്‍കിയിരുന്നു.

അലോപ്പതി/ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദ ഉല്‍പന്നങ്ങളും തമ്മിലുള്ള സംവാദമായി ഈ വിഷയത്തെ ചുരുക്കാനാവില്ലെന്ന് ജസ്റ്റിസ് അമാനുള്ളയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഊന്നിപ്പറഞ്ഞു. ഭാവിയില്‍ തെറ്റായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും മാധ്യമങ്ങളോട് അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും പതഞ്ജലി ആയുര്‍വേദിനോട് മുന്‍ ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം മെഡിക്കല്‍ പരസ്യങ്ങള്‍ക്ക് പരിഹാരം ആവശ്യമാണ്. കേന്ദ്രസര്‍ക്കാരിനോട് കൂടിയാലോചനകള്‍ നടത്തി അതിനുള്ള ശുപാര്‍ശകളും പരിഹാരങ്ങളും കൊണ്ടുവരാനും കോടതി ആവശ്യപ്പെട്ടു. 2022 ഓഗസ്റ്റില്‍, കൊറോണ വൈറസ് വ്യാപന സമയത്ത് അലോപ്പതിയെയും പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാംദേവിന്റെ ശ്രമത്തെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. പതഞ്ജലി അംബാസഡര്‍ക്കെതിരെ ഐഎംഎ ഒന്നിലധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ പിഎസ് പട്‌വാലിയയും അഭിഭാഷകനായ പ്രഭാസ് ബജാജും ആണ് ഐഎംഎയ്ക്ക് വേണ്ടി ഹാജരായത്. പതഞ്ജലി ആയുര്‍വേദിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിപിന്‍ സംഘിയാണ് ഹാജരായത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജും നാഷണല്‍ അസോസിയേഷന്‍ ഓഫ് ഫാര്‍മക്കോളജി ആന്‍ഡ് തെറാപ്പ്യൂട്ടിക്കിനെ പ്രതിനിധീകരിച്ച് അഭിഭാഷകനായ മൃണ്‍മോയ് ചാറ്റര്‍ജിയും ഹാജരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍