ജീവിതം

പത്താം ക്ലാസില്‍ തോറ്റ് കരിങ്കല്‍ ചുമക്കാന്‍ പോയി, പണിയെടുത്ത് പഠനം തുടര്‍ന്നു, അവസാനം ഡോക്ടറേറ്റ്; ഈ ഓട്ടോക്കാരന്‍ സ്‌പെഷ്യലാ

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ; പത്താം ക്ലാസില്‍ തോറ്റ് കരിങ്കല്‍ ക്വാറിയില്‍ പാറ ചുമന്ന് ലോറിയില്‍ കയറ്റുന്ന സമയത്തും അജിത്തിന്റെ മനസില്‍ ഒറ്റ ലക്ഷ്യം ഉണ്ടായിരുന്നൊള്ളൂ. പഠിക്കണം, പഠിച്ച് ജയിച്ചു കാണിച്ചുകൊടുക്കണം. അമ്മയും അമ്മൂമ്മയും മാത്രമുള്ള അജിത്തിന്റെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ പഠിക്കാനുള്ള മോഹം ഉപേക്ഷിക്കാന്‍ അജിത്തിനായില്ല. ഓട്ടോ ഓടിച്ചും മറ്റ് ജോലികള്‍ ചെയ്തും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം അജിത്ത് പഠനവും മുന്നോട്ടു കൊണ്ടുപോയി അവസാനം തന്റെ സ്വപ്‌നത്തിലേക്ക് അജിത്ത് നടന്നടുത്തു. അങ്ങനെ മലയാള സര്‍വകലാശാലയിലെ ആദ്യ പിഎച്ച്ഡി ജേതാവായി ഈ ഓട്ടോക്കാരന്‍. 

മൂവാറ്റുപുഴ അഞ്ചല്‍പെട്ടിയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവറായ കെ.പി അജിത്താണ് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ആദ്യ പിഎച്ച്ഡി നേടിയത്. പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെയാണ് അജിത്ത് വിജയം സ്വന്തമാക്കിയത്. 

ബാല്യത്തില്‍ തന്നെ അജിത്തിന്റെ അമ്മയെ ഉപേക്ഷിച്ച് അച്ഛന്‍ പോയി. അന്നു മുതല്‍ അമ്മ ശാന്തയും അമ്മൂമ്മ ചിന്നമ്മയുമാണ് അജിത്തിന് എല്ലാം. അമ്മ പൈനാപ്പിള്‍ തോട്ടത്തില്‍ ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോയത്. എട്ടാം ക്ലാസില്‍ വെച്ച് അമ്മയ്‌ക്കൊപ്പം അജിത്തിനും പണിയ്ക്ക് പോകേണ്ടി വന്നു. ഇതോടെ പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ടു. ഇതോടെ കരിങ്കല്‍ ക്വാറിയില്‍ ജോലിക്ക് പോയി. കൂടാതെ ഒഴിവു സമയങ്ങളില്‍ മാര്‍ക്കറ്റില്‍ മീന്‍ കച്ചവടത്തില്‍ സഹായിയായി. അപ്പോഴെല്ലാം പഠനം തുടരാനുള്ള ആഗ്രഹത്തിലായിരുന്നു അജിത്ത്. സേ പരീക്ഷയിലൂടെ പത്താം ക്ലാസ് പാസായി. ശിവംകുന്നം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹ്യുമാനിറ്റീസിന് ചേര്‍ന്നു. 64 ശതമാനം മാര്‍ക്കോടെ പാസായ അജിത്ത് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളെജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. 

കരിങ്കല്‍ ചുമന്നും കപ്പലണ്ടിയും മീനും വീറ്റുമെല്ലാം സ്വരുക്കൂട്ടി പണംകൊണ്ട് അപ്പോഴേക്കും അജിത്ത് ഒരു ഓട്ടോ സ്വന്തമാക്കിയിരുന്നു. പിന്നീടുള്ള പഠനമെല്ലാം ഓട്ടോ ഓടിച്ചു കിട്ടുന്ന പണം ഉപയോഗിച്ചായിരുന്നു. രാത്രി ഓട്ടോ ഓടിച്ചും രാവിലെ കൊളേജില്‍ പോയുമായിരുന്നു പഠനം. ഡിഗ്രിയ്ക്ക് നല്ല മാര്‍ക്കോടെ പാസായ അജിത്ത് മൂവാറ്റുപുഴ ശ്രീനാരായണ ബിഎഡ് കോളെജില്‍ നിന്ന് 75 ശതമാനം മാര്‍ക്കോടെ പാസായി. അതിന് ശേഷമാണ് മലയാള സര്‍വകലാശാലയുടെ ആദ്യ എംഎ ബാച്ചിലേക്ക് അപേക്ഷ അയക്കുന്നത്. ജനകീയ സംസ്‌കാരവും നാടക ഗാനങ്ങളും എന്ന വിഷയത്തിലാണ് പിഎച്ച്ഡി എടുത്തത്. അതിനിടയില്‍ നെറ്റും വിജയിച്ചു. അധ്യാപകനായി പ്രവര്‍ത്തിക്കാനാണ് അജിത്തിന് ഇഷ്ടം. എന്നാല്‍ തന്റെ വിജയത്തില്‍ കൂടെനിന്ന ഓട്ടോയുമായി ഓട്ടം തുടരാനാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത