ജീവിതം

കോമയില്‍ കിടന്ന 27മത്തെ വര്‍ഷം അവര്‍ സംസാരിച്ചു: അത്ഭുതമെന്ന് ഡോക്ടര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

27 വര്‍ഷം കോമയില്‍ അനക്കമില്ലാതെ കിടന്ന സ്ത്രീ സംസാരിച്ചു. തന്റെ മകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞാണ് മുനീറ എന്ന സ്ത്രീ 27 വര്‍ഷത്തെ മൗനം വെടിഞ്ഞത്. ജര്‍മനിയിലെ പ്രോവിറ്റ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്ററിലെ ചികിത്സയിക്കിടെയാണ് മുനീറയില്‍ അത്ഭുകരമാം വിധത്തിലുള്ള മാറ്റങ്ങള്‍ പ്രകടമായത്. 

1991ല്‍ ഒരു വാഹനാപകടത്തിലാണ് മുനീറ അബ്ദുള്ള (59 വയസ്) കോമാവസ്ഥയിലായത്. മകനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ അവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് ഒരുപാട് ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ അടുത്തിടെ മുനീറയില്‍ ചില പോസിറ്റീവായ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. 

കഴിഞ്ഞ ദിവസമാണ് 27 വര്‍ഷങ്ങള്‍ക്ക് ശേഷം മുനീറ കോമയെ അതിജീവിച്ച് മകനായ ഒമറിനോട് സംസാരിച്ചത്. മുനീറാ, നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ഒമര്‍ ചോദിച്ചപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് മുനീറ ഉണ്ട് എന്ന് ഉത്തരം പറഞ്ഞു. നാളെ ഏത് നിറത്തിലുള്ള വസ്ത്രമാണ് ധരിക്കാന്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ പച്ച എന്നും മറുപടി നല്‍കി. ഖുറാനിലെ വരികള്‍ ഒമര്‍ വായിച്ചുതുടങ്ങിയപ്പോള്‍ കിടക്കയില്‍ വെച്ച് മുനീറയും ഖുറാന്‍ സൂക്തങ്ങള്‍ ഓര്‍ത്തെടുത്ത് ചൊല്ലി. 

തന്റെ മാതാവിന് സംസാരശേഷിയും തിരിച്ചറിവും വീണ്ടെടുക്കാനായതിന്റെ സന്തോഷത്തിലാണ് ഒമര്‍. 'ഇനി ഒന്നും ചെയ്യാനില്ലെന്നും ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല. ഓരോ ദിവസവും ഈ വാര്‍ത്ത കേള്‍ക്കാനായാണ് ഞാന്‍ കാത്തിരുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ആരെങ്കിലും ഇതേ അവസ്ഥയില്‍ ഉണ്ടെങ്കില്‍ അവരെ സ്‌നേഹിച്ചും പരിചരിച്ചും എന്നും കൂടെ നില്‍ക്കണം, എന്നെങ്കിലും ഒരു സന്തോഷവാര്‍ത്ത നിങ്ങളെ തേടിയെത്തും'- ഒമര്‍ പറഞ്ഞു. 

മുനീറയെ ചികിത്സിച്ച ഡോക്ടര്‍മാരാണെങ്കില്‍ അത്ഭുതത്തോടെയാണ് ഈ സംഭവത്തെ കാണുന്നത്. അപൂര്‍വ്വമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെങ്കിലും ഇതിന് മുന്‍പ് സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുനീറയെ ചികിത്സിക്കുന്ന ഡോക്ടര്‍ അല്‍ ഖയര്‍ പറഞ്ഞു. 

'എന്തുകൊണ്ടാണ് മുനീറയില്‍ ഇങ്ങനെ സംഭവിച്ചതെന്ന് കൃത്യമായി പരിശോധിച്ചു വരുന്നതേ ഉള്ളൂ. തലച്ചോറിലെ സൂക്ഷ്മനാഡികളില്‍ ഉണ്ടായ വികാസമാവാം ഇതിന് കാരണമായതെന്നും കൂടുതല്‍ പരിചരണം മുനീറയ്ക്ക് ആവശ്യമുണ്ട്'- ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത