ഐപിഎല്ലിൽ തകർപ്പൻ സെഞ്ച്വറി നേടിയ രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു വി സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജുവാണ്. അദ്ദേഹത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ഗംഭീർ ആവശ്യപ്പെട്ടത്. ട്വിറ്ററിലാണ് ഗംഭീർ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
പൊതുവേ ക്രിക്കറ്റിലെ വ്യക്തികളെ കുറിച്ച് പറയാൻ താൽപര്യപ്പെടാത്ത ആളാണ് ഞാൻ. പക്ഷെ സഞ്ജുവിൻെറ കഴിവ് കാണുമ്പോൾ സന്തോഷത്തോടെ പറയാൻ ആഗ്രഹിക്കുകയാണ്. സഞ്ജുവാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ. അവൻ ലോകകപ്പിൽ നാലാമനായി ബാറ്റ് ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. -ഗംഭീർ ട്വിറ്ററിൽ കുറിച്ചു. ബിസിസിഐ, ഐപിഎൽ, രാജസ്ഥാൻ റോയൽസ് എന്നിവരെ ടാഗ് ചെയ്താണ് ഗംഭീർ ട്വീറ്റിട്ടത്.
അതേസമയം ഗംഭീറിന്റെ പ്രശംസയും പരാമർശവും ധോണിയെ ലക്ഷ്യം വെച്ചാണെന്ന്, ട്വീറ്റിന് താഴെ പ്രതികരണങ്ങൾ വന്നിട്ടുണ്ട്. ഈ വർഷത്തെ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജു സ്വന്തമാക്കിയത്. 55 പന്തിൽ 10 ബൗണ്ടറികളുടെയും നാല് കൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടെ102 റൺസാണ് സഞ്ജു അടിച്ചെടുത്തത്. എന്നാൽ മൽസരം രാജസ്ഥാൻ തോറ്റു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ