കേരളം

ശ്രീറാമിന്റേത് പഴുതടച്ച പദ്ധതി; ഒഴിപ്പിക്കല്‍ തുടങ്ങിയത് നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂന്നാറില്‍ പ്രാര്‍ഥനാ ഗ്രൂപ്പിന്റേത് ഉള്‍പ്പെടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തയാറാക്കിയത് പഴുതടച്ച പദ്ധതി. ഭൂമിയെക്കുറിച്ചുള്ള മുഴുവന്‍ രേഖകളും പരിശോധിക്കുകയും വിവിധ വിഭാഗങ്ങളില്‍ പെടുന്ന പട്ടയങ്ങള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഒഴിപ്പിക്കല്‍ നടപടികളിലേക്കു കടന്നതെന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ മൂന്നാര്‍ ദൗത്യ സംഘത്തിനു പറ്റിയ പോലെ കോടതിയില്‍നിന്നു തിരിച്ചടിയുണ്ടാവില്ലെന്ന് ഉറപ്പാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തയാറാക്കിയത്. 

ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ ദേവികുളം, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഒഴിപ്പക്കലിനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ടു. കയ്യേറിയ ഭൂമിയെ കുറിച്ചുള്ള മുഴുവന്‍ രേഖകളും പരിശോധിച്ച് അതില്‍ വ്യാജ പട്ടയങ്ങള്‍ ഉപയോഗിച്ച് കൈയടക്കിയ ഭൂമി തരംതിരിച്ചു. വന്‍കിട കയ്യേറ്റങ്ങളുടെ പ്രത്യേക പട്ടിക വില്ലേജ് അടിസ്ഥാനത്തില്‍ തരംതിരിച്ച് തഹസില്‍ദാര്‍മാര്‍ സബ് കലക്ടര്‍ക്ക് നല്‍കിയിരുന്നു.  ഇതില്‍ കോടതികളില്‍ കേസ് നടക്കുന്നവ വേറെ പട്ടികയാക്കി. ഇതിനു ശേഷമാണ് കയ്യേറ്റ ഭൂമിയുടെ അന്തിമ പട്ടിക തയാറാക്കിയത്. 

കഴിഞ്ഞ ദിവസം ശ്രീറാം വിളിച്ചു ചേര്‍ത്ത ദേവികുളം താലൂക്കിലെ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള രൂപരേഖയായത്. കയ്യേറ്റമൊഴിപ്പിക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തി. ഇക്കാര്യത്തില്‍ റവന്യു മന്ത്രി തന്നെ സബ് കലക്ടര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. അന്തിമ പട്ടികയും രൂപ രേഖയും ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ അംഗീകരിച്ചതോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചത്. സര്‍ക്കാര്‍ ചുവപ്പുകാര്‍ഡ് കാണിക്കാത്ത പക്ഷം ഈ പദ്ധതിയുമായി സംഘം മുന്നോട്ടുപോവും.

നിശ്ചയിച്ചപദ്ധതി പ്രകാരം നോട്ടിസ് നല്‍കിയും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയുമാണ് പാപ്പാത്തിചോലയിലെ കൈയ്യേറ്റ ഭൂമിയില്‍ റവന്യു സംഘം കുരിശു നീക്കം ചെയ്തത്. ചിന്നക്കനാല്‍ വില്ലേജിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. മൂന്നാര്‍ മേഖലയിലെ ഏറ്റവും ഉയര്‍ന്ന മലനിരകളില്‍ ഒന്നായ പാപ്പാത്തിചോലയില്‍ 2183 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്. ഇതില്‍ 200 ഏക്കറോളം ഭൂമി, തൃശൂര്‍ ആസ്ഥാനമായ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന കയ്യേറിയതാണ് കണക്കാക്കുന്നത്. നേരത്തെ കയ്യേറ്റമൊഴിപ്പിക്കാന്‍ ചെന്ന റവന്യു സംഘത്തെ സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയില്‍പ്പെട്ടവര്‍ തടഞ്ഞിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസില്‍ദാര്‍ എം കെ ഷാജിക്കെതിരെ ഭൂമി കയ്യേറിയ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ ടോമി സ്‌കറിയ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. സംഘടന ഭൂമി കയ്യേറിയിട്ടില്ലെന്നും അതിനാല്‍ റവന്യു നോട്ടീസ് പിന്‍വലിക്കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്നു കലക്ടറും നോട്ടീസ് നല്‍കി. അതിനു ശേഷമാണ് ഇന്നലത്തെ ഒഴിപ്പിക്കല്‍ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി