കേരളം

മഴ പെയ്യിച്ചതാര്? സാമൂഹ്യ മാധ്യമങ്ങളില്‍ അവകാശികള്‍ ഏറുന്നു

സമകാലിക മലയാളം ഡെസ്ക്

കടുത്ത ചൂടിനും ജലക്ഷാമത്തിനുമിടയില്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ മഴ പെയ്തത് തങ്ങളുടെ ഇടപെടല്‍ കൊണ്ടെന്ന വിവിധ മതസംഘടാനാപ്രവര്‍ത്തകരുടെ അവകാശവാദം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമാകുന്നു. 
കഴിഞ്ഞ പതിനൊന്നുദിവസങ്ങളായി തുടര്‍ച്ചയായി ചെയ്തുപോന്ന വൈദികമായ വൃഷ്ടിയജ്ഞമാണ് മഴമേഘങ്ങളെ കൊണ്ടുവന്നതെന്ന് കശ്യപാശ്രമം കുലപതിയും വേദപണ്ഡിതനുമായ ആചാര്യ എം.ആര്‍. രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നു. 'ശാസ്ത്രീയ'മായ വിശദീകരണവും നല്‍കിയിട്ടുണ്ട്. 
തങ്ങളുടെ പ്രാര്‍ത്ഥന ഫലിച്ചതിന്റെ ഭാഗമായാണ് മഴ പെയ്തതെന്ന് വാദവുമായി വിവിധ മുസ്ലിംവിഭാഗങ്ങളുടെ പ്രവര്‍ത്തകരും അനുഭാവികളും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു.


സംസ്ഥാനത്തെ വിവിധ മുസ്ലിംവിഭാഗങ്ങള്‍ മഴയ്ക്കായി പ്രാര്‍ത്ഥനയും നിസ്‌കാരവും നടത്താന്‍ ആഹ്വാനം ചെയ്തിരുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, പാണക്കാട് തങ്ങള്‍, മുജാഹിദ് വിഭാഗങ്ങള്‍ തുടങ്ങിയവരുടെ ആഹ്വാനപ്രകാരം വിവിധ പള്ളികളിലാണ് പ്രാര്‍ത്ഥനകള്‍ നടന്നത്. കഴിഞ്ഞുപോയ ചില വര്‍ഷങ്ങളിലും മുസ്ലിം സംഘടനകള്‍ മഴയ്ക്കായി പ്രാര്‍ത്ഥന നടത്തിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പു എറണാകുളത്ത് എസ്.എസ്.എഫ് സമ്മേളനത്തോടനുബന്ധിച്ചും മഴയ്ക്കായി പ്രാര്‍ത്ഥനയുണ്ടായി. ഒരു മണിക്കൂറിനകം നല്ല മഴ പ്രദേശത്ത് പെയ്യുകയും ചെയ്തു. തുടര്‍ന്ന് മറുവിഭാഗം സുന്നികള്‍ മലപ്പുറത്ത് മഴയ്ക്കായി പ്രാര്‍ത്ഥന സംഘടിപ്പിച്ചെങ്കിലും മലപ്പുറത്ത് ആദ്യമഴത്തുള്ളി വീണത് ഒരു മാസം കഴിഞ്ഞിട്ടാണെന്ന് പ്രാര്‍ഥനകളുടെ പശ്ചാത്തലത്തില്‍ അഡ്വ.എ.ജയശങ്കര്‍ ഫേസ്ബുക്കിലെഴുതുന്നു. 
മഴയ്ക്കായി കാഞ്ഞിരപ്പള്ളി പിതാവും വിശ്വാസികളോട് പ്രാര്‍ത്ഥനകള്‍ നടത്താന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 
ഫേസ്ബുക്കില്‍ റെയിന്‍ എ്ന്ന് കമന്റിട്ടാല്‍ മഴ പെയ്യുന്നതുകാണാമെന്ന പോസ്റ്റുകളോട് നിഷ്‌കളങ്കമായി പ്രതികരിച്ചവര്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലെ ഈ പോസ്റ്റുകളെപ്പോലെ ഒരു തമാശക്കളിയാണ് പ്രാര്‍ത്ഥനയും മറ്റുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. 
അതേസമയം ഇപ്പോള്‍ കിട്ടുന്നത് വേനല്‍മഴയാണെന്നും കന്യാകുമാരി മുതല്‍ മുതല്‍ വടക്കന്‍ കര്‍ണാടകവരെയുള്ള ഭൂഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദപാത്തിയാണ് മഴക്ക് കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയരക്ടര്‍ സുദേവന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ അസാധാരണമായ ചൂടാണ് അനുഭവപ്പെട്ടത്. സാധാരണയായി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ലഭിക്കാറുള്ള അളവിനേക്കാള്‍ ഇത്തവണ കൂടുതല്‍ ലഭിക്കും. ഈ മഴ ഒന്നോ രണ്ടോ ദിവസം കൂടി കേരളത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 
എന്നാല്‍ മഴ കുറവായതിന്റെ പശ്ചാത്തലത്തില്‍ ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴയ്ക്ക് ശ്രമിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത