കേരളം

കറുത്ത സ്റ്റിക്കര്‍; ആശങ്ക വേണ്ട, ഭീതിയുളവാക്കുന്ന സന്ദേശം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീടുകളില്‍ കറുത്ത നിറത്തിലുള്ള സ്റ്റിക്കറുകള്‍ പതിക്കുന്നതു സംബന്ധിച്ച് ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് നേരത്തെ പൊലീസ് അന്വേഷണം നടത്തി ആശങ്കകളില്‍ അടിസ്ഥാനമില്ലെന്നു കണ്ടെത്തിയതാണ്. ഇപ്പോള്‍ വീണ്ടും അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അന്വേഷിക്കാന്‍ അതത് റെയ്ഞ്ച് ഐ.ജി. മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക തരത്തിലുള്ള ചില സ്റ്റിക്കറുകള്‍ അജ്ഞാത വ്യക്തികള്‍ വീടുകളില്‍ പതിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം മാധ്യമങ്ങളില്‍, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യം കഴിഞ്ഞ വര്‍ഷം വടക്കന്‍ കേരളത്തില്‍, വിശേഷിച്ചും മലപ്പുറത്ത് ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നു. അതേത്തുടര്‍ന്ന് ജില്ലകളിലെ എല്ലാ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയും തുടര്‍ന്നു നടന്ന പ്രാഥമികാന്വേഷണത്തില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലായെന്നും അതുസംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമായിരുന്നതാണ്.

സമീപ ദിവസങ്ങളിലായി ചില വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതായി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംസ്ഥാന പൊലീസ് മേധാവി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കും സൈബര്‍ സെല്ലുകള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ആശങ്കകള്‍ ഏതെങ്കിലും വ്യക്തികള്‍ അറിയിച്ചാല്‍ എത്രയുംവേഗം അതു സംബന്ധിച്ച അന്വേഷണവും തുടര്‍നടപടികളുമുണ്ടാകണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 

പ്രധാനമായും തിരുവനന്തപുരം, എറണാകുളം, ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിലെ ഏതാനും ചില വീടുകളിലാണ് ഇത്തരം കറുത്ത സ്റ്റിക്കറുകള്‍ പതിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ അതത് റെയ്ഞ്ച് ഐ.ജി. മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്- മുഖ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത